അർജന്റീനയുടെ തോൽവി; ഒരു താത്വിക അവലോകനം

ഈ തോൽവി അർജന്റീനയുടെ വഴിയടക്കുമോ? മുന്നോട്ടു കയറാൻ ബിയൽസയുടെ പാഠം പഠിച്ചുവരുന്ന പോളണ്ടും യുവനിരയുടെ കരുത്തുള്ള മെക്സിക്കോയും അനുവദിക്കുമോ?

Update: 2022-11-22 15:00 GMT
Advertising

വ്യത്യസ്തമായ 36 വഴികളിൽ ഫുട്ബോൾ കളിക്കാമെന്ന സിദ്ധാന്തം കൈവശമുള്ള 'ഭ്രാന്തൻ' കോച്ചാണ് മാഴ്സലോ ബിയൽസ. ശരാശരി കളിക്കാരെക്കൊണ്ടു പോലും ചേതോഹരമായ ആക്രമണ ഫുട്ബോൾ കളിപ്പിക്കുന്ന വിരുതൻ. അർജന്റീനക്കാരൻ. ലോകകപ്പിൽ പങ്കെടുക്കുന്ന പോളണ്ട് ടീമിനു വേണ്ടിയുള്ള ഒരു സെമിനാറിൽ ബിയൽസ പവർപോയിന്റ് പ്രസന്റേഷനടക്കം ക്ലാസെടുത്ത വിവരം മൂന്നു ദിവസം മുമ്പാണ് യൂറോപ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. പോളണ്ട് അവസാനം കളിച്ച 50 മത്സരങ്ങൾ വിലയിരുത്തുകയും 65 കളിക്കാരെ വിശദമായി പഠിക്കുകയും ചെയ്തുകൊണ്ട് ബിയൽസ തയ്യാറാക്കി നൽകിയ രഹസ്യസൂത്രങ്ങൾ ലോകകപ്പ് ഗ്രൂപ്പ് സി മത്സരത്തിൽ തങ്ങൾക്കെതിരെ പോളിഷ് കോച്ച് ചെസ്ലോ മിക്ക്നിവിച്ച് പ്രയോഗിക്കാൻ സാധ്യതയുള്ളതിനാൽ, അതിനൊരു മറുമരുന്നൊരുക്കേണ്ട ആവശ്യം അർജന്റീനാ കോച്ച് ലയണൽ സ്‌കലോനിക്കുണ്ടായിരുന്നു.

 

സൗദി അറേബ്യയുടെ കോച്ച് ഹെർവെ റെനാർഡ് അർജന്റീനയുടെ കളിക്കാരെയും ലയണൽ സ്‌കലോനിയുടെ ടാക്ടിക്കുകളെയും കുത്തിയിരുന്നു പഠിക്കുകയായിരുന്നുവെന്നും പോളണ്ടിനു മുമ്പേ ആ പഠനത്തിന്റെ ഫലങ്ങൾ വിജയകരമായി നടപ്പിൽ വരുത്തുമെന്നും സ്‌കലോനി മാത്രമല്ല, അർജന്റീനയുടെ കടുത്ത ശത്രുക്കൾ പോലും മുൻകൂട്ടിക്കണ്ടിരുന്നില്ല. ലോകകപ്പ് ഫൈനൽ നടക്കാൻ പോകുന്ന ലുസൈൽ സ്റ്റേഡിയത്തിൽ അറബികൾ ഒരു കലക്കുകലക്കുമെന്നും മെസ്സിയടക്കമുള്ള അർജന്റീന കൽക്കാർ നിലകിട്ടാതെ ഉഴറി നടക്കുമെന്നും ആർക്കു ഗണിക്കാൻ കഴിയുമായിരുന്നു?

 

പോളണ്ടിനു പുറമെ മെക്സിക്കോ കൂടിയുള്ള ഗ്രൂപ്പിൽ ദുർബലരായ സൗദിക്കെതിരെ ആദ്യമത്സരം കിട്ടിയത് അർജന്റീനയെ സംബന്ധിച്ച് ഒരു ബോണസായിരുന്നു. ഗ്രൂപ്പിലെ മരണമത്സരം ഇന്നു രാത്രി 9.30-നാണ് തുടങ്ങേണ്ടിയിരുന്നത്. പക്ഷേ, ഹെർവെ റെനാർഡ് കടലാസിൽ വരച്ച പദ്ധതികൾ മൈതാനത്ത് അതിശയകരമാംവിധം നടപ്പിലാക്കി സൗദി താരങ്ങൾ ഒരുപക്ഷേ, ഗ്രൂപ്പിന്റെ മാത്രമല്ല ഈ ലോകകപ്പിന്റെ തന്നെ സമവാക്യങ്ങളെ തെറ്റിച്ചുകളഞ്ഞു. തോൽവിയെന്തെന്നറിഞ്ഞിട്ട് വർഷങ്ങളായിരുന്ന അർജന്റീനയ്ക്ക് ലോകം മുഴുവൻ നോക്കിനിൽക്കെ നിലതെറ്റി; അതും കളിയുടെ എല്ലാ മേഖലയിലും പരാജിതരായിക്കൊണ്ടു തന്നെ.

എതിർഭാഗത്ത് ഒരു മധ്യപൂർവേഷ്യൻ ടീമാണെന്നു കരുതി സ്‌കലോനി ജാഗ്രതക്കുറവൊന്നും ടീമൊരുക്കുന്നതിൽ കാണിച്ചിരുന്നില്ല. ലഭ്യമായതിൽ വെച്ച് ഏറ്റവും മികച്ച ടീമിനെ തന്നെ അയാൾ തയാറാക്കി. നാലുവർഷത്തോളം ജിയൊവന്നി ലോസെൽസോ കഴിവുതെളിയിച്ച ഇടതു മിഡ്ഫീൽഡർ പൊസിഷനിൽ ചെറുപ്പക്കാരനായ മക്ക് അലിസ്റ്റർക്കു പകരം പ്രായമുള്ള പപ്പു ഗോമസിനെ ഇറക്കിയതാണ് എനിക്കു ദഹിക്കാതിരുന്ന ഒരേയൊരു കാര്യം; പരെദെസിനും റോഡ്രിഗോ ഡി പോളിനുമൊപ്പം ഗോമസ് ഒരു മിസ്ഫിറ്റായിരുന്നില്ല താനും.

 

ഒരു മിനുട്ട് 35 സെക്കന്റ് പിന്നിടുമ്പോൾ തന്നെ ഗോളിലേക്ക് ഷോട്ടുതിർക്കാൻ മെസിക്ക് കഴിഞ്ഞപ്പോൾ, അൽ ഒവൈസ് അത് മികച്ചൊരു റിഫ്ളക്സ് സേവിൽ വിഫലമാക്കിയെങ്കിൽ കൂടി, ഇന്ന് അർജന്റീനയുടെ ദിവസമായിരിക്കുമെന്ന് ഞാനടക്കമുള്ള എല്ലാ ആരാധകരും കരുതിക്കാണണം. മെസിയുടെ കോർണർ കിക്കിൽ പരെദെസിനെ വരിഞ്ഞു പിടിച്ചതിന് സൗദി പെനാൽട്ടി വഴങ്ങുക കൂടി ചെയ്തപ്പോൾ ഒരു ഫീൽഡ് ഗോളിൽ വേട്ട തുടങ്ങാൻ കഴിഞ്ഞില്ലെന്ന സങ്കടമേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ, മെസി അനായാസം കണ്ടെത്തിയ ആ ഗോൾ മത്സരത്തിലെ അർജന്റീനയുടെ അവസാനത്തെ ആഹ്ലാദ നിമിഷമായിരുന്നുവെന്ന് ആരറിഞ്ഞു!

 

പാസുകൾ കൊണ്ട് മിഡ്ഫീൽഡിൽ കളി നിയന്ത്രിക്കുകയും ഡിഫൻസ് ലൈനിനു മുകളിലൂടെയോ ത്രൂപാസുകളിലൂടെയോ പന്ത് മുന്നോട്ടു നീക്കുകയും ചെയ്യുന്ന, പ്രതിഭാധനരായ ആക്രമണകാരികളുള്ള അർജന്റീനക്കെതിരെ മൂന്നു കാര്യങ്ങളാണ് സൗദി ആസൂത്രണം ചെയ്തത്. ഒന്നാമത്തേത് വിചിത്രമായിരുന്നു: മെസിക്കും ഡിമരിയക്കും ലൗത്താറോയ്ക്കും ഗോൾ ഏരിയയിൽ ഇഷ്ടംപോലെ സ്ഥലം അനുവദിക്കുന്ന തരത്തിൽ ഹൈലൈൻ ഡിഫൻസ് കളിക്കുക. രണ്ടാമത്തേത്, പന്ത് നിയന്ത്രിച്ച് നീക്കങ്ങൾ മെനയാൻ അനുവദിക്കാതെ മിഡ്ഫീൽഡർമാരെ ശല്യപ്പെടുത്തിക്കൊണ്ടിരിക്കുക, മൂന്ന് പന്ത് കാലിലുള്ളപ്പോൾ അനാവശ്യമായി സമയം കളയാതെ അവ വേഗത്തിർ അർജന്റീനയുടെ ഗോൾ ഏരിയയിൽ എത്തിക്കുക.

 

അഞ്ചും ആറും കളിക്കാർക്കിടയിൽ കൃത്യമായ കമ്മ്യൂണിക്കേഷനും, സ്വിച്ചിടുമ്പോൾ പ്രവർത്തിക്കുന്നതു പോലുള്ള അച്ചടക്കവും കൊണ്ട് അർജന്റീനയുടെ ഫൈനൽ തേഡ് നീക്കങ്ങളെ സൗദി മുനയൊടിച്ചുകൊണ്ടിരുന്നത് അത്ഭുതമുളവാക്കുന്ന കാഴ്ചയായിരുന്നു. മെസിയുടെ ഒന്നും ലൗത്താറോയുടെ രണ്ടും ഗോളുകൾ അങ്ങനെ വിഫലമായി. മധ്യനിരയും ആക്രമണകാരികളും തമ്മിലുള്ള ലൈൻ മുറിക്കപ്പെട്ടതോടെ ആദ്യപകുതിയിൽ അർജന്റീന ശരിക്കും ഉഴറി. സ്‌കോർ ബോർഡിൽ കണ്ട ആ ഗോൾ മാത്രമായിരുന്നു ആകെയുള്ള ആശ്വാസം. പ്രത്യാക്രമണങ്ങളിൽ സൗദി ചില നീക്കങ്ങളുണ്ടാക്കിയെങ്കിലും ഗോൾ ലക്ഷ്യം വെക്കാൻ അവർക്കും കഴിഞ്ഞില്ല.

സൗദിയുടെ ഹൈലൈൻ കെണി പൊട്ടിക്കാൻ സ്‌കലോനി രണ്ടാം പകുതിയിൽ ഉപയോഗിച്ചത്, ആദ്യപകുതിയിൽ ആദ്യം ഫോർവേഡ് പോലെയും പിന്നീട് മിക്കവാറും ഫ്രീറോളിലും കളിച്ചിരുന്ന മെസ്സിയെയാണ്. മെസ്സിയെ ഒരു ചുവടു പിറകിലേക്കിറക്കി മധ്യനിരയും ആക്രമണ നീക്കങ്ങൾക്ക് മൂർച്ച നൽകാനുള്ള പദ്ധതി പക്ഷേ, അതിവേഗ ഇടപെടലുകളുമായി വിഫലമാക്കിയ സൗദി ഇടവേള കഴിഞ്ഞെത്തിയ ഉടൻ തന്നെ ഞെട്ടിച്ചു. മൈതാനമധ്യത്തു മെസിയുടെ കാലിൽ നിന്നു തട്ടിയെടുത്ത് ഫുൾബാക്ക് അലി അൽബുലൈഹി ഉയർത്തി നൽകിയ പന്ത് ഗോൾമുഖത്ത് സ്വീകരിച്ച സാലെഹ് അൽ ഷെഹ്രി ഗോളടിച്ചു. ക്രിസ്റ്റ്യൻ റൊമേറോയുടെ പ്രീമിയർ ലീഗ് പരിചയത്തിനു പോലും മനസ്സിലാക്കാൻ കഴിയാതിരുന്ന ചുവടുനീക്കങ്ങളുമായി ബോക്സിൽ കടന്ന ഷെഹ്രി കൃത്യസമയത്ത് നിറയൊഴിച്ചു.

അഞ്ചു മിനുട്ടുകൾക്കുള്ളിൽ സാലെം അൽദൗസരി അടിച്ച ഗോൾ, അർജന്റീനയുടെ ആകുലതകൾക്കു മേൽ തീ കോരിയിയുന്നതായിരുന്നു. വലതുവിങ്ങിൽ നിന്ന് ബോക്സിലേക്കു വന്ന പന്തിൽ നിന്നുളള ഷോട്ട് ഒറ്റമെൻഡി തടഞ്ഞെങ്കിലും ഉയർന്നുതാഴ്ന്ന പന്ത് നിയന്ത്രിച്ച് മൂന്ന് കളിക്കാരെ വെട്ടിയൊഴിഞ്ഞ് അൽദൗസരി കിടിലനൊരു ഷോട്ടുതിർത്തു.. ഒരുപക്ഷേ, ടൂർണമെന്റിന്റെ ഗോളായി മാറാൻ സാധ്യതയുള്ളൊരു വെടിച്ചില്ല് ഐറ്റം.

 

കളി അതോടെ തീർന്നുകഴിഞ്ഞിരുന്നു. തേനീച്ചകളെപ്പോലെ പറന്നുകുത്തുന്ന സൗദിക്കാർ തുറന്ന അവസരങ്ങൾ അർജന്റീനയ്ക്കു നൽകാതെ ഉറച്ചുനിന്നു പൊരുതി. വല്ലപ്പോഴും വീണുകിട്ടിയ അർധാവസരങ്ങൾ മുതലെടുക്കാൻ ലാറ്റിനമേരിക്കൻ ചാമ്പ്യൻമാർക്ക് കഴിഞ്ഞുമില്ല. ഉയരക്കാരനും ബലിഷ്ഠനും ബോക്സ് റൈഡറുമായ ഒരു പ്രൊലിഫിക് സ്ട്രൈക്കറുടെ അഭാവം അവർ ശരിക്കും തിരിച്ചറിഞ്ഞു.

ഈ തോൽവി അർജന്റീനയുടെ വഴിയടക്കുമോ? കഴിഞ്ഞ തവണ ഐസ്ലാന്റിനോട് സമനില വഴങ്ങുകയും ക്രൊയേഷ്യയോട് തോൽക്കുകയും ചെയ്ത ശേഷം തിരിച്ചുവന്ന അർജന്റീനയ്ക്ക് ഇത്തവണ മുന്നോട്ടു കയറണമെങ്കിൽ രണ്ട് കടുപ്പമേറിയ മത്സരങ്ങൾ ജയിക്കണം. ബിയൽസയുടെ പാഠം പഠിച്ചുവരുന്ന പോളണ്ടും യുവനിരയുടെ കരുത്തുള്ള മെക്സിക്കോയും അതിന് അനുവദിക്കുമോ? കാത്തിരിക്കാം.

Argentina's defeat; A Philosophical Review by Muhammed Shafi

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - മുഹമ്മദ് ഷാഫി

News Editor, MediaOne

മലപ്പുറം ജില്ലയിലെ തിരൂർ സ്വദേശി. മീഡിയവണിൽ ന്യൂസ് എഡിറ്റർ.

Similar News