ഏഷ്യൻ കപ്പ് ഫുട്ബോൾ: ഇന്ത്യൻ ടീം ഖത്തറിൽ
ഉജ്ജ്വല വരവേൽപ്പുമായി ആരാധകർ
ദോഹ: ഏഷ്യന്‍ കപ്പ് ഫുട്ബോളിനായി ഇന്ത്യന്‍ ടീം ഖത്തറിലെത്തി. സുനില്‍ ഛേത്രിയുടെ നേതൃത്വത്തിലുള്ള 26 അംഗ സംഘത്തിന് ഉജ്ജ്വല വരവേല്‍പ്പാണ് ആരാധകര്‍ ഒരുക്കിയത്. ടൂര്‍ണമെന്റിനായി ആദ്യമെത്തിയ ടീമും ഇന്ത്യയാണ്.
വന്‍കരയുടെ ഫുട്ബോള്‍ പോരില്‍ കരുത്ത് കാട്ടാനെത്തിയ ഇന്ത്യന്‍ സംഘത്തെയും കാത്ത് മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ ആരാധകര്‍ വിമാനത്താവളത്തില്‍ തടിച്ചുകൂടിയിരുന്നു. ഒടുവില്‍ ആവേശക്കടല്‍ തീര്‍ത്ത് സഹലും ഛേത്രിയും അടങ്ങുന്ന ടീം പുറത്തേക്ക് വന്നതോടെ ആരാധകർ ആർപ്പുവിളിച്ചു. നായകന്‍ സുനില്‍ ഛേത്രി ആരാധകരെ അഭിവാദ്യം ചെയ്താണ് ടീം ബസിലേക്ക് കയറിയത്.
ടീം പുറപ്പെടുന്നതിന് അല്‍പം മുമ്പാണ് കോച്ച് ഇഗോര്‍ സ്റ്റിമാക് 26 അംഗ സംഘത്തെ പ്രഖ്യാപിച്ചത്. സഹലിനെ കൂടാതെ മലയാളി താരം രാഹുല്‍ കെപിയും സംഘത്തിലുണ്ട്. ഖത്തര്‍ മഞ്ഞപ്പടയുടെ നേതൃത്വത്തിലാണ് ടീം ഇന്ത്യക്ക് പിന്തുണയുമായി ആരാധകര്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്.
ജനുവരി 12നാണ് ടൂർണമെന്റ് തുടങ്ങുന്നത്. 13ന് ആസ്ത്രേലിയക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. 18ന് ഉസ്ബക്കിസ്ഥാനുമായും 23ന് സിറിയയുമായും ഇന്ത്യൻ ടീം ഏറ്റുമുട്ടും. ഫെബ്രുവരി 10ന് ലുസൈൽ സ്റ്റേഡിയത്തിലാണ് ഫൈനൽ.