ജർമൻ കപ്പിൽ ബയേണിന്റെ 'ക്രൂരത'; ജയം 12 ഗോളിന്
എട്ട് ഗോൾവഴങ്ങിയപ്പോൾ ബ്രമർ ഗോളിയെ മാറ്റിനോക്കി; പകമിറങ്ങിയ ഗോളി വഴങ്ങിയത് 20 മിനുട്ടിൽ നാല് ഗോൾ
ജർമൻ കപ്പിൽ ബയേൺ മ്യൂണിക്കിന്റെ 'മൃഗീയ' പ്രകടനത്തിൽ കണ്ണീരൊഴുക്കി എതിർ ടീമായ ബ്രമറിന്റെ അസി. കോച്ച്. എതിരില്ലാത്ത 12 ഗോളുകൾ തങ്ങളുടെ വലയിൽ നിക്ഷേപിച്ച ബയേണിന്റെ കളി കാണുമ്പോൾ തന്റെ ഒരു കണ്ണിൽ കണ്ണീരും മറുകണ്ണിൽ അമ്പരപ്പുമായിരുന്നുവെന്ന് ബ്രമറിന്റെ കളിക്കാരനും അസി. കോച്ചുമായ സെബാസ്റ്റ്യൻ ക്മീച്ച് പറഞ്ഞു.
ജർമൻ കപ്പിന്റെ ഒന്നാം റൗണ്ട് മത്സരത്തിലാണ് ദുർബലരായ ബ്രമറിനെ ബയേൺ ക്രൂരമായി പഞ്ഞിക്കിട്ടത്. അഞ്ചാം ഡിവിഷനിൽ കളിക്കുന്ന ടീമിനെതിരെ തോമസ് മ്യൂളറും ലിറോയ് സാനെയും ജോഷ്വ കിമ്മിക്കുമടങ്ങുന്ന ടീമിനെ ഇറക്കിയ ബയേൺ ഒരു കുറ്റബോധവുമില്ലാതെ ഗോളുകൾ അടിച്ചുകൂട്ടുകയായിരുന്നു. നാല് ഗോളടിച്ച എറിക് മാക്‌സിം ചോപ്പോമോട്ടിങ് ഗോൾവേട്ടയിൽ മുന്നിൽ നിന്നപ്പോൾ 18-കാരൻ ജമാൽ മൂസിയാല രണ്ടുവട്ടം ലക്ഷ്യം കണ്ടു. ബോണ സാർ, കൊറന്റിൻ ടോലീസോ, ലിറോയ് സാനെ, മൈക്കൽ കുയ്‌സാൻ, മാലിക് തിൽമാൻ എന്നിവരും ഗോൾ പട്ടികയിൽ പേരു ചേർത്തു.
വെർഡർ ബ്രമന്റെ ഹോം ഗ്രൗണ്ടായ വെസർസ്റ്റാദിയോണിൽ നടന്ന മത്സരത്തിൽ ലെഫ്റ്റ് ബാക്കായി സെബാസ്റ്റ്യൻ ക്മീച്ച് ഉണ്ടായിരുന്നു. 58-ാം മിനുട്ടിൽ കോച്ച് ബെഞ്ചമിൻ ഇറ്റ ഇദ്ദേഹത്തെ പിൻവലിക്കുമ്പോൾ ബ്രമർ ഏഴു ഗോളിന് പിറകിലായിരുന്നു.
'ബയേണിന്റെ ക്വാളിറ്റി മൃഗീയമായിരുന്നു. അതിനോട് എതിരിടാൻ ഞങ്ങളുടെ കൈയിൽ ഒന്നുമുണ്ടായിരുന്നില്ല. അർധാവസരങ്ങളിൽ പോലും ഞങ്ങൾക്ക് ഒന്നും ചെയ്യാനായില്ല. പന്തിനു പിറകെ ഓടുക മാത്രമായിരുന്നു ജോലി.' - മത്സരശേഷം ക്മീച് പറഞ്ഞു.
'ഒരു കണ്ണിൽ കണ്ണീരും മറുകണ്ണിൽ അമ്പരപ്പുമായി മാത്രമേ അത് കാണാനാകുമായിരുന്നുള്ളൂ. കാരണം, അതത്രയും മൃഗീയമായിരുന്നു. അവർ സബ്സ്റ്റിറ്റിയൂഷൻ നടത്തിയപ്പോൾ ഗ്രൗണ്ടിലിറങ്ങിയ കളിക്കാർ പോലും ഗോളടിക്കാനാണ് മത്സരിച്ചത്. പിച്ചിൽ അവർ കാണിച്ച ഗുണമേന്മയും വേഗതയും മികവുറ്റതായിരുന്നു.' - ക്മീച്ച് പറഞ്ഞു.
89.9 ശതമാനം പാസിങ് കൃത്യതയും 68 ശതമാനം ബോൾ പൊസഷനും പാലിച്ച ബയേൺ എതിരാളികൾക്ക് മത്സരത്തിലൊരിക്കലും അവസരം നൽകിയിരുന്നില്ല. ഇടവേളക്കു പിരിയുമ്പോൾ അവർ 5-0 മുന്നിലായിരുന്നു. 70-ാം മിനുട്ടിൽ, ടീം എട്ടു ഗോളിന് പിറകിലായപ്പോൾ ബ്രമർ ഗോൾകീപ്പർ മാൽറ്റ് സീമാനെ മാറ്റി നോക്കി. എന്നാൽ, പകരമിറങ്ങിയ ഒലേ ബാർ 20 മിനുട്ടുകൊണ്ട് നാല് ഗോൾകൂടി വഴങ്ങി.