'ഗോളടിപ്പിക്കും മിരാൻഡ'യെ സ്വന്തമാക്കി ബ്ലാസ്റ്റേഴ്‌സ്

ഇടതുവിങ്ങിലെ തീപ്പൊരിയായ മിരാൻഡ ഗോളടിക്കുന്നതിനേക്കാൾ അടിപ്പിക്കുന്നതിലാണ് മിടുക്കൻ

Update: 2022-06-15 13:45 GMT
Editor : André | By : Web Desk
Advertising

കൊച്ചി: നിരവധി ഐ.എസ്.എൽ ക്ലബ്ബുകൾ നോട്ടമിട്ടിരുന്ന യുവതാരം ബ്രെയ്‌സ് മിറാൻഡയെ സ്വന്തമാക്കി കേരള ബ്ലാസ്‌റ്റേഴ്‌സ്. കഴിഞ്ഞ രണ്ട് സീസണുകളിൽ ചർച്ചിൽ ബ്രദേഴ്‌സിനു വേണ്ടി കളിച്ചിരുന്ന താരത്തെ 2026 വരെ കരാർ നൽകിയാണ് മഞ്ഞപ്പട സ്വന്തം തട്ടകത്തിൽ ചേർത്തത്. മുംബൈ ദാദർ സ്വദേശിയായ 22-കാരനു വേണ്ടി ബ്ലാസ്റ്റേഴ്‌സ് എത്ര തുക ചെലവഴിച്ചുവെന്നത് വ്യക്തമല്ല.

ഇടതു വിങ്ങിലൂടെ ആക്രമിച്ചു കളിക്കാനും ബോക്‌സിലേക്ക് പാസുകളും ക്രോസുകളും തൊടുക്കാനും അസാമാന്യ ശേഷിയുള്ള മിരാൻഡ ബ്ലാസ്‌റ്റേഴ്‌സ് കോച്ച് ഇവാൻ വുകുമാനോവിച്ചിന്റെ ആക്രമണ ശൈലിക്ക് ചേർന്ന താരമാണെന്നാണ് വിലയിരുത്തൽ. പന്തടക്കവും ഡ്രിബ്ലിങ് മികവുമുള്ള ഇടങ്കാലൻ താരം കായികക്ഷമതയിലും മുന്നിലാണ്. കഴിഞ്ഞ സീസണിൽ മിന്നും പ്രകടനവുമായി ഫൈനൽ വരെ മുന്നേറിയ കേരള ടീമിൽ നിന്ന് ചില പ്രധാന താരങ്ങൾ കൂടൊഴിഞ്ഞ സാഹചര്യത്തിലാണ് ചർച്ചിലിൽ നിന്നുള്ള മിരാൻഡയുടെ വരവ്.

മുംബൈ എഫ്.സിയുടെ അക്കാദമിയിൽ കളിപഠിച്ച മിരാൻഡ അണ്ടർ 18 വരെ എല്ലാ ഏജ് ഗ്രൂപ്പിലും ആ ക്ലബ്ബിനു വേണ്ടി കളിച്ചിരുന്നു. പിന്നീട് യൂണിയൻ ബാങ്കിനു വേണ്ടി ഏതാനും മാസങ്ങൾ കളിച്ച താരം 2018-ൽ എഫ്.സി ഗോവയുടെ യൂത്ത് ടീമിൽ അംഗമായി. 2019-ൽ ഇൻകം ടാക്‌സ് എഫ്.സിക്കു വേണ്ടി കളിച്ച മിരാൻഡ മുംബൈ ഫുട്‌ബോൾ ലീഗായ എലൈറ്റ് ഡിവിഷനിൽ മൂന്ന് ഗോളടിക്കുകയും പത്ത് ഗോളിന് വഴിയൊരുക്കുകയും ചെയ്താണ് ശ്രദ്ധനേടിയത്.

എലൈറ്റ് ഡിവിഷനിലെ മിന്നും പ്രകടനത്തിനു പിന്നാലെ മിരാൻഡ ചർച്ചിൽ ബ്രദേഴ്‌സിലെത്തി. കഴിഞ്ഞ രണ്ട് സീസണുകളിൽ ഗോവൻ ക്ലബ്ബിനു വേണ്ടി 33 കളികളിൽ ബൂട്ടുകെട്ടിയ താരം രണ്ട് ഗോൾ നേടുകയും നാലെണ്ണത്തിന് വഴിയൊരുക്കുകയും ചെയ്തു. ഐലീഗിലെ മികച്ച പ്രകടനത്തിന്റെ ബലത്തിൽ അണ്ടർ 23 ദേശീയ ടീമിലേക്കും ക്ഷണം ലഭിച്ചു.

മികച്ച പന്തടക്കവും പ്ലേമേക്കിങ് മികവുമുള്ള മിരാൻഡ 2021-22 ഐലീഗ് സീസണിൽ ഏറ്റവും കൂടുതൽ ക്രോസ് തൊടുത്ത താരമാണ്. 16 മത്സരങ്ങളിൽ നിന്ന് 55 ക്രോസുകളാണ് യുവതാരത്തിന്റെ ബൂട്ടിൽ നിന്ന് പിറന്നത്. 

മികച്ച പ്രകടനത്തെ തുടർന്ന് ചർച്ചിൽ ബ്രദേഴ്സ് മിരാൻഡയുമായുള്ള കരാർ കഴിഞ്ഞ വർഷം 2024 വരെ പുതുക്കിയിരുന്നു. മുംബൈ സിറ്റി അടക്കമുള്ള ക്ലബ്ബുകൾ  നോട്ടമിടുന്നതിനിടെയാണ് ബ്ലാസ്റ്റേഴ്സ് താരത്തിന് നാലുവർഷത്തെ കരാർ നൽകി കൊച്ചിയിലേക്ക് കൊണ്ടുവരുന്നത്.

Tags:    

Writer - André

contributor

Editor - André

contributor

By - Web Desk

contributor

Similar News