ബയേണും ബാഴ്‌സയും നേർക്കുനേർ; ചാംപ്യൻസ് ലീഗിൽ ഇന്ന് കരുത്തരുടെ പോരാട്ടം
ആദ്യ മത്സരത്തിൽ നാപ്പോളിയോട് തോറ്റ ലിവർപൂളിന് ഇന്ന് അയാക്‌സിനെതിരെ ജയം അനിവാര്യമാണ്
ലണ്ടൻ: ചാംപ്യൻസ് ലീഗ് രണ്ടാം റൗണ്ട് മത്സരങ്ങൾക്ക് ഇന്ന് തുടക്കം. കരുത്തരായ ബയേണും ബാഴ്‌സയും നേർക്കുനേർ ഏറ്റുമുട്ടും. ലിവർപൂൾ, അയാക്‌സ്, ടോട്ടനം, ഇന്റർമിലാൻ ടീമുകളും ഇന്ന് കളത്തിലിറങ്ങും.
ആധിപത്യം ഉറപ്പിക്കുക എന്ന ഒരേയൊരു ലക്ഷ്യത്തോടെയായിരിക്കും ഇന്ന് ബചേൺ മ്യൂണിക്ക് പോരിനിറങ്ങുന്നത്. എന്നാൽ, തിരിച്ചടിക്കാനുറച്ചാകും ബാഴ്‌സയുടെ പോരാട്ടം. ചാംപ്യൻസ് ലീഗിൽ 11 തവണയാണ് ഇരു ടീമുകളും ഏറ്റുമുട്ടിയത്. ഇതിൽ എട്ടുതവണയും ജയം ബയേണിനൊപ്പമായിരുന്നു. രണ്ടു തവണ മാത്രമാണ് ബയേണിനെ ബാഴ്‌സയ്ക്ക് കീഴടക്കാനായത്. ഒരു മത്സരം സമനിലയിലും കലാശിച്ചു.
കഴിഞ്ഞ തവണയും ഇരു ടീമുകളും ഒരു ഗ്രൂപ്പിലായിരുന്നു. രണ്ട് മത്സരങ്ങളും ഏകപക്ഷീയമായി ബയേൺ ജയിച്ചു. എന്നാൽ, ഇത്തവണ കാര്യങ്ങൾ വ്യത്യസ്തമാണ്. ബയേണിന്റെ കുന്തമുനയായിരുന്ന ലെവൻഡോവ്‌സ്‌കി ഇപ്പോൾ ബാഴ്‌സക്കായി ഗോൾ അടിച്ചുകൂട്ടുകയാണ്. ബുണ്ടസ് ലിഗയിൽ ആറുമത്സരങ്ങൾ പൂർത്തിയാകുമ്പോൾ മൂന്നാമതാണ് ബയേൺ. മൂന്ന് സമനില ഇതിനകം വഴങ്ങി. ബാഴ്‌സയാകട്ടെ ലാലിഗയിൽ സമനിലയോടെ തുടങ്ങി പിന്നീട് ജയം ശീലമാക്കിയിരിക്കുകയാണ്.
ആദ്യ മത്സരം തോറ്റ ഇന്റർമിലാൻ ഇന്ന് നിർണായക മത്സരത്തിനാണ് ഇറങ്ങുന്നത്. വിക്ടോറിയ പ്ലസനാണ് എതിരാളി. ലിവർപൂളും അയാക്‌സും തമ്മിലാണ് മറ്റൊരു ഗ്ലാമർ പോരാട്ടം. ആദ്യ മത്സരത്തിൽ നാപ്പോളിയോട് തോറ്റ ലിവർപൂളിന് ഇന്ന് ജയം അനിവാര്യമാണ്. റേഞ്ചേഴ്‌സിനെ നാല് ഗോളിന് വീഴ്ത്തിയാണ് അയാക്‌സ് വരുന്നത്. ഇംഗ്ലീഷ് വമ്പന്മാരായ ടോട്ടനത്തിന് ഇന്ന് പോർച്ചുഗീസ് ക്ലബ് സ്‌പോർട്ടിങ്ങാണ് എതിരാളി. രണ്ട് ടീമുകളും ഗ്രൂപ്പിലെ ആദ്യ മത്സരം ജയിച്ചിരുന്നു.
Summary: Champions League: Bayern Munich vs FC Barcelona match preview