നൈസ്‌ ടീമിൽ മുസ്‌ലിംകളും കറുത്ത വർഗക്കാരും അധികംവേണ്ടെന്ന് പറഞ്ഞുവെന്ന് ആരോപണം: പി.എസ്.ജി കോച്ച് കസ്റ്റഡിയിൽ

പിഎസ്ജി ചാമ്പ്യൻസ്‌ലീഗിൽ നിന്ന് പുറത്തായതോടെ ഉടമകൾ ഗാൽറ്റിയറിനെ പുറത്താക്കാനൊരുങ്ങുകയാണ്

Update: 2023-06-30 15:10 GMT
Advertising

വംശീയ മുസ്‌ലിം വിരുദ്ധ പരാമർശം നടത്തിയെന്ന കേസിൽ പാരീസ് സെന്റ് ജെർമെയ്ൻ പരിശീലകൻ ക്രിസ്റ്റോഫ് ഗാൽറ്റിയറും മകൻ ജോൺ വാളോവിക് ഗാൽറ്റിയറും കസ്റ്റഡിയിൽ. 2021-22 സീസണിൽ ഒളിംപിക് ജിംനാസ്റ്റ് ക്ലബ് നൈസ് കോട്ട് ഡി അസൂറിനെ പരിശീലിപ്പിക്കവേ നടത്തിയ പരാമർശത്തിന്റെ പേരിലാണ് നടപടി. ഏപ്രിലിൽ തുടങ്ങിയ അന്വേഷണത്തിന്റെ ഭാഗമായാണ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞ ഏപ്രിലിൽ ഫ്രഞ്ച് മാധ്യമങ്ങളിലാണ് ഗാൽറ്റിയറിനെതിരെയുള്ള ആരോപണം ആദ്യം പുറത്തുവന്നത്. നൈസിന്റെ സ്‌പോർട്ടിംഗ് ഡയറക്ടറായിരുന്നു ജൂലിയൻ ഫോർണിയർ 2021-22 സീസന്റെ അവസാനത്തിലയച്ച ഇമെയിലാണ് കേസിന് തുടക്കമിട്ടത്. നൈസിന്റെ പല അംഗങ്ങൾക്കെതിരെയും ഗാൽറ്റിയർ വിവേചനപരമായ പരാമർശങ്ങൾ നടത്തിയെന്ന് അദ്ദേഹം ആരോപിച്ചു. 'നഗരത്തിന്റെ യാഥാർത്ഥ്യം ഞാൻ മനസ്സിലാക്കണമെന്ന് അദ്ദേഹം (ഗാൽറ്റിയർ) എന്നോട് പറഞ്ഞു, ടീമിൽ അധികം മുസ്‌ലിംകളും കറുത്ത വർഗക്കാരും ഉണ്ടാകരുതെന്നും പറഞ്ഞു' ഗാൽറ്റിയറിനെതിരെ മോശം ബന്ധത്തിലുള്ള ഫോർണിയർ ആരോപിച്ചു. ടീമിന്റെ മുഖച്ഛായ മാറ്റാനും മുസ്‌ലിംകളുടെ എണ്ണം കുറയ്ക്കാനും ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞതായി ഫോർണിയർ പറഞ്ഞു.

എന്നാൽ ആരോപണങ്ങൾ ഞെട്ടൽ രേഖപ്പെടുത്തിയ ഗാൽറ്റിയർ അവ നിഷേധിച്ചു. ഫോർണിയറിനും അദ്ദേഹത്തിന്റെ ആരോപണം പ്രസിദ്ധീകരിച്ച മാധ്യമപ്രവർത്തകനെതിരെയും അപകീർത്തിക്കേസ് കൊടുക്കുകയും ചെയ്തു. കേസിൽ ജുഡീഷ്യൽ അന്വേഷണത്തിന്റെ ഭാഗമായി മേയ് 22ന് താൻ ചോദ്യം ചെയ്യപ്പെട്ടിരുന്നതായി ഫോർണിയർ എഎഫ്പിയോട് വ്യക്തമാക്കി. നിരവധി താരങ്ങളും ഡയറക്ടർമാരും ക്ലബ് പ്രസിഡൻറ് ജീൻ പിയർ റിവേറെയും മുൻ കോച്ച് ദിദിയർ ഡിഗാർഡും ചോദ്യം ചെയ്യപ്പെട്ടു.

2023ൽ 10 പരാജയങ്ങൾ നേരിട്ട് പിഎസ്ജി ചാമ്പ്യൻസ്‌ലീഗിൽ നിന്ന് പുറത്തായതോടെ ഉടമകൾ ഗാൽറ്റിയറിനെ പുറത്താക്കാനൊരുങ്ങുകയാണ്. പകരം ലൂയിസ് എൻട്രികെത്തുമെന്നാണ് വാർത്തകൾ. സ്‌പെയിനിന്റെയും ബാഴ്‌സലോണയുടെ മുൻ പരിശീലകനായ ഇദ്ദേഹവുമായി രണ്ട് വർഷത്തെ കരാറാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Paris Saint-Germain coach Christophe Galtier and son John Valovic Galtier in arrest over racist anti-Muslim remarks

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News