'മുതലക്കണ്ണീർ; വര്‍ഗീയ വിഭജനത്തിനിടെ സർക്കാരിന് രാജ്യം നോക്കാൻ നേരമില്ല'; മണിപ്പൂർ കലാപത്തിൽ സി.കെ വിനീത്
'ഇന്ത്യൻ ഫുട്‌ബോൾ ടീമിലുള്ള താരങ്ങളുടെ വീടുകൾ പൂർണമായി നശിപ്പിക്കപ്പെട്ടു. മണിപ്പൂർ കണ്ണീരിലാണ്. അവിടെനിന്നു വരുന്ന വാർത്തകൾ ഭയപ്പെടുത്തുന്നു.'
കോഴിക്കോട്: മണിപ്പൂർ കലാപത്തിൽ കടുത്ത വിമർശനവുമായി ഇന്ത്യൻ ഫുട്‌ബോൾ താരം സി.കെ വിനീത്. മണിപ്പൂരിൽനിന്നു വരുന്ന വാർത്തകൾ ഭയപ്പെടുത്തുന്നതാണെന്ന് താരം പ്രതികരിച്ചു. വർഗീയ വിഭജനത്തിന് ആക്കംകൂട്ടുന്നതിനിടയിൽ സർക്കാരിന് രാജ്യംനോക്കാൻ നേരമില്ല. ഇന്ത്യൻ ഫുട്‌ബോൾ താരങ്ങളുടെ ഉൾപ്പെടെ വീടുകൾ പൂർണമായും നശിപ്പിക്കപ്പെട്ടിരിക്കുകയാണെന്നും വിനീത് പറഞ്ഞു.
ട്വിറ്ററിലാണ് താരം കേന്ദ്ര-മണിപ്പൂർ സർക്കാരുകളെ രൂക്ഷമായി വിമർശിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം നടത്തിയ പ്രതികരണത്തെ രൂക്ഷമായി വിമർശിക്കുന്ന 'ദി ടെലഗ്രാഫ്' പത്രത്തിന്റെ ചിത്രവും വിനീത് പങ്കുവച്ചിട്ടുണ്ട്. മുതലക്കണ്ണീരാണിതെന്നും താരം കുറിച്ചു. മണിപ്പൂരിൽനിന്നുള്ള വാർത്തകൾ അവഗണിക്കുന്ന മാധ്യമങ്ങൾക്കെതിരെയും വിമർശനമുണ്ട്.
'മണിപ്പൂരുകാരായ ഇന്ത്യൻ ദേശീയ ഫുട്‌ബോൾ ടീമിലുള്ള താരങ്ങളുടെ വീടുകൾ സമ്പൂർണമായി തകർത്തുകളഞ്ഞിട്ടുണ്ട്. അവരും കുടുംബങ്ങളും ഇപ്പോൾ സുഹൃത്തുക്കളുടെ വീട്ടിലാണ് അഭയംതേടിയിരിക്കുന്നത്. ഇത് സംഭവിച്ചിട്ട് ആഴ്ചകളായി. ഒരു മാധ്യമവും അതേക്കുറിച്ചു സംസാരിക്കുന്നില്ല'-വിനീത് ചൂണ്ടിക്കാട്ടി.
''എന്താണ് സംഭവിക്കുന്നതെന്ന് അവർ അറിയുന്നുണ്ടോ? അതോ അവഗണിച്ചുകളയുകയാണോ? അതുമല്ല, ഇതെല്ലാം ചർച്ച ചെയ്തുകഴിഞ്ഞോ? ഞാനൊന്നും കേട്ടിട്ടില്ല. ഇതൊക്കെ എന്റെ സുഹൃത്തുക്കളും മുൻ സഹതാരങ്ങളുമാണ്. തങ്ങളുടെ പ്രിയപ്പെട്ടവർ സുരക്ഷിതരാണെന്ന ഉറപ്പിൽ അവർക്ക് രാജ്യത്തിനുവേണ്ടി കളിക്കാനാകുമോ? അവർക്ക് സുരക്ഷിതബോധം നൽകാനോ, അല്ലെങ്കിൽ എല്ലാവർക്കും സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിക്കാനോ നമുക്കാകുമോ?''
മണിപ്പൂർ കണ്ണീർ വാർക്കുകയാണെന്നും നമ്മളത് കേൾക്കണമെന്നും ആൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷനെയും സെക്രട്ടറി ജനറൽ ഷാജി പ്രഭാകരനെയും ടാഗ് ചെയ്ത് വിനീത് ആവശ്യപ്പെട്ടു. മണിപ്പൂരിൽനിന്നു വരുന്ന വാർത്തകൾ ഭയപ്പെടുത്തുന്നതാണ്. ഇപ്പോൾ കറങ്ങിക്കൊണ്ടിരിക്കുന്ന ആ സ്ത്രീകളുടെ ദൃശ്യം മനുഷ്യമനഃസാക്ഷിയെ മരവിപ്പിക്കുന്നതാണ്. സമുദായങ്ങൾക്കിടയിൽ വിഭജനത്തിന് ആക്കംകൂട്ടുന്നതിനിടയിൽ കേന്ദ്രത്തിലും സംസ്ഥാനത്തിലുമുള്ള ഭരണകൂടത്തിന് രാജ്യത്തെ നോക്കാനുള്ള നേരമില്ലെന്നും താരം കുറ്റപ്പെടുത്തി.
ഇത് അവസാനിപ്പിക്കാനാകില്ലേ? ഇത് യഥാർത്ഥ മനുഷ്യരാണ്. ഇന്ത്യൻ പൗരന്മാരാണവർ. ആദരവോടെയും മര്യാദയോടെയും അവരോട് പെരുമാറാനാകില്ലേ? സ്വാർത്ഥതാൽപര്യങ്ങൾക്കു വേണ്ടിയുള്ള ഈ പാര്‍ശ്വവല്‍ക്കരണം നിർത്താനായില്ലേ?-സി.കെ വിനീത് ചോദിച്ചു.
മണിപ്പൂരിലെ അക്രമസംഭവങ്ങളെക്കുറിച്ച് ഇന്ത്യൻ ഭാരദ്വഹന താരവും ഒളിംപിക് മെഡൽ ജേതാവുമായ മീരാബായ് ചാനു പങ്കുവച്ച അനുഭവങ്ങൾ താരം പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്.
Summary: The news out of Manipur is pretty frightening. In the middle of fostering communal division, the ruling government has no time to watch the nation!'': CK Vineeth