അത്ഭുതതാരമാണ് മെസ്സി; മാന്ത്രികന്‍-ക്രിസ്റ്റ്യാനോ
''രണ്ടു വർഷംകൂടി കളിക്കളത്തിലുണ്ടാം. 40-ാം വയസിൽ കളിനിർത്താനാണ് ആലോചിക്കുന്നത്. എന്നാൽ, ഭാവി എന്താകുമെന്ന് അറിയില്ല.''
ലണ്ടൻ: പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി ബ്രിട്ടീഷ് മാധ്യമപ്രവർത്തകൻ പിയേഴ്‌സ് മോർഗൻ നടത്തിയ അഭിമുഖം വലിയ കോളിളക്കമാണ് കായികലോകത്ത് സൃഷ്ടിച്ചത്. മാഞ്ചസ്റ്റർ യുനൈറ്റഡിനും കോച്ച് എറിക് ടെൻ ഹാഗിനും മുൻ യുനൈറ്റഡ് നായകൻ വെയ്ൻ റൂണിക്കുമെതിരെ കടുത്ത വിമർശനമാണ് അഭിമുഖത്തിൽ ക്രിസ്റ്റ്യാനോ നടത്തിയത്. അഭിമുഖത്തിന്റെ പൂർണരൂപം കൂടി പരിശോധിച്ച ശേഷമായിരിക്കും താരത്തിനെതിരെ നടപടിയെന്നാണ് യുനൈറ്റഡ് അറിയിച്ചിരുന്നത്.
എന്നാൽ, ഇന്നലെ പുറത്തുവന്ന രണ്ടാം ഭാഗത്തിൽ കടുത്ത പരാമർശങ്ങളൊന്നും ക്രിസ്റ്റ്യാനോയുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. അതേസമയം, അർജന്റീന ഇതിഹാസം ലയണൽ മെസ്സിയെക്കുറിച്ചുള്ള അഭിപ്രായ പ്രകടനങ്ങളും താരം നടത്തി. മെസ്സിയുമായി നല്ല ബന്ധമുണ്ടെന്നും എന്നാൽ സുഹൃത്തിനെപ്പോലെയല്ലെന്നും താരം വെളിപ്പെടുത്തി. താൻ എപ്പോഴും ബഹുമാനിക്കുന്ന വ്യക്തിത്വം കൂടിയാണെന്നും ക്രിസ്റ്റ്യാനോ സൂചിപ്പിച്ചു.
അത്ഭുതതാരമാണ് മെസ്സി. മാന്ത്രികനാണ്. അപാരതാരമാണ്. വ്യക്തിയെന്ന നിലയ്ക്ക് 16 വർഷത്തോളം ഞങ്ങൾ ഒരുമിച്ച് കളത്തിലുണ്ട്. 16 വർഷമൊക്കെ സങ്കൽപിച്ചുനോക്കൂ. അതുകൊണ്ടുതന്നെ അദ്ദേഹവുമായി നല്ല ബന്ധവുമുണ്ട്-ക്രിസ്റ്റ്യാനോ പറഞ്ഞു.
''എന്നാൽ, ഞാൻ അദ്ദേഹത്തിന്റെ സുഹൃത്തല്ല. സ്വന്തം ചുറ്റുവട്ടത്തുള്ള, എപ്പോഴും ഫോണിൽ ബന്ധപ്പെടുന്ന സുഹൃത്തെന്ന നിലയിലുള്ള ബന്ധമില്ല. എന്നാൽ, ഒരു സഹതാരത്തെ പോലെയുള്ള ബന്ധമുണ്ട്. അദ്ദേഹം എപ്പോഴും എന്നെക്കുറിച്ച് സംസാരിക്കുന്നതു പോലെത്തന്നെ ഞാൻ ശരിക്കും ബഹുമാനിക്കുന്ന ഒരു വ്യക്തിയാണ് മെസ്സി.''
എന്റെ പെൺസുഹൃത്ത് അർജന്റീനക്കാരിയാണ്. അതിനാൽ അതൊരു നല്ല കാര്യമാണ്. അദ്ദേഹത്തിന്റെയും എന്റെയും ഭാര്യമാർ വരെ പരസ്പരം ആ ബഹുമാനം കൊണ്ടുനടക്കുന്നവരാണ്. അവർ അർജന്റീനക്കാരുമാണ്. ഫുട്‌ബോളിൽ വലിയ കാര്യങ്ങൾ ചെയ്തിട്ടുള്ള വലിയൊരു മനുഷ്യനാണ് മെസ്സിയെന്നും ക്രിസ്റ്റ്യാനോ കൂട്ടിച്ചേർത്തു.
ദോഹയിൽ അർജന്റീനയും പോർച്ചുഗലും തമ്മിലുള്ള ഫൈനൽ മത്സരത്തെക്കുറിച്ചുള്ള സാങ്കൽപിക ചോദ്യത്തോടും താരം പ്രതികരിച്ചു. ഫൈനലിൽ മെസ്സിയും ക്രിസ്റ്റ്യാനോയും രണ്ടു വീതം ഗോളടിക്കുന്നു. എന്നാൽ, 94-ാം മിനിറ്റിൽ ക്രിസ്റ്റ്യാനോ ഹാട്രിക് ഗോളടിച്ച് പോർച്ചുഗൽ ലോക കിരീടം സ്വന്തമാക്കുന്നു. എങ്ങനെയുണ്ടാകുമെന്നായിരുന്നു ചോദ്യം.
അതു സംഭവിച്ചാൽ കളിനിർത്തുമെന്നായിരുന്നു താരത്തിന്റെ മറുപടി. വിരമിക്കൽ പ്രഖ്യാപിക്കും. എന്നാൽ, ടീമിന്റെ ഗോൾകീപ്പർ ഗോളടിച്ച് ടീം കിരീടം സ്വന്തമാക്കിയാലും ഭൂമുഖത്തെ ഏറ്റവും സന്തുഷ്ടനായ വ്യക്തിയായിരിക്കും താനെന്നും ക്രിസ്റ്റിയാനോ പറഞ്ഞു. അതേസമയം, രണ്ടു വർഷംകൂടി കളിക്കളത്തിലുണ്ടാകുമെന്നും താരം വെളിപ്പെടുത്തി. 40-ാം വയസിൽ കളിനിർത്താനാണ് ആലോചിക്കുന്നത്. 40 നല്ലൊരു പ്രായമാണ്. എന്നാൽ, ഭാവി എന്താകുമെന്ന് അറിയില്ലെന്നും ക്രിസ്റ്റ്യാനോ കൂട്ടിച്ചേർത്തു.
Summary: "I'm not a friend of him. He's a guy that I really respect. Even his wife or my wife, my girlfriend, they always have respect and they're from Argentina.'', says Cristiano Ronaldo on Lionel Messi