ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കുഞ്ഞ് മരിച്ചു
പങ്കാളിയായ ജോർജിന റോഡ്രിഗസ് ഇരട്ടക്കുട്ടികളെ ഗർഭം ധരിച്ചതായി കഴിഞ്ഞ ഒക്ടോബറിൽ ക്രിസ്റ്റിയാനോ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചിരുന്നു.
ലണ്ടൻ: മാഞ്ചസ്റ്റർ യൂണൈറ്റഡ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കുഞ്ഞ് മരിച്ചു. താരം തന്നെയാണ് ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ ഇക്കാര്യം അറിയിച്ചത്. ഈ ബുദ്ധിമുട്ടേറിയ സമയത്ത് സ്വകാര്യതയാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഇരട്ടക്കുട്ടികളിലെ ആൺകുഞ്ഞ് പ്രസവത്തിനിടെയാണ് മരിച്ചത്. പെൺകുട്ടിയെ മാത്രമാണ് രക്ഷിക്കാനായതെന്ന് താരം പറഞ്ഞു
ഞങ്ങളുടെ മകൻ മരിച്ചവിവരം അഗാധമായ ദുഃഖത്തോടെ അറിയിക്കുന്നു. ഏതൊരു മാതാപിതാക്കൾക്കും ഏറ്റവും വലിയ വേദനയാണിത്. ഞങ്ങളുടെ പെൺകുട്ടിയുടെ ജനനമാണ് ഈ നിമിഷത്തിൽ ഞങ്ങൾക്ക് ജീവിക്കാനുള്ള ശക്തി നൽകുന്നത്. ഡോക്ടർമാരോടും നഴ്‌സുമാരോടും അവരുടെ സേവനത്തിനും കരുതലിനുമുള്ള നന്ദി അറിയിക്കുന്നു. ഈ നഷ്ടത്തിൽ ഞങ്ങളെല്ലാവരും തകർന്നിരിക്കുകയാണ്. ഈ പ്രയാസമേറിയ സമയത്ത് സ്വകാര്യതയാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്. പ്രിയപ്പെട്ട മകനേ, നീ ഞങ്ങളുടെ മാലാഖയായിരുന്നു. ഞങ്ങൾ എപ്പോഴും നിന്നോടൊപ്പമുണ്ട്-ക്രിസ്റ്റ്യാനോ ട്വീറ്റ് ചെയ്തു.
പങ്കാളിയായ ജോർജിന റോഡ്രിഗസ് ഇരട്ടക്കുട്ടികളെ ഗർഭം ധരിച്ചതായി കഴിഞ്ഞ ഒക്ടോബറിൽ ക്രിസ്റ്റിയാനോ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചിരുന്നു. ക്രിസ്റ്റിയാനോ ജൂനിയർ, മരിയ, മാതിയോ, അലാന മാർട്ടിന എന്നിവരാണ് ക്രിസ്റ്റിയാനോയുടെ മറ്റു മക്കൾ.