മുന്നേറ്റനിരക്കാർ ഇനിയെങ്കിലും മുന്നേറുമോ? ബ്ലാസ്റ്റേഴ്‌സിനായി ആദ്യ ഗോൾ നേടി ദിമിത്രോസ് ഡയമന്റകോസ്
മൂന്നു ഗോളുകളുമായി യുക്രൈൻ മിഡ്ഫീൽഡർ ഇവാൻ കലുന്യുയി ഗോൾ സ്‌കോറർമാരുടെ പട്ടികയിൽ മുന്നിലുണ്ട്
കൊച്ചി: ആൽവാരോ വാസ്‌ക്വിസും പെരേര ഡയസും കൂടൊഴിഞ്ഞതോടെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് മുന്നേറ്റ നിരയിൽ കരുത്തു പകരാനെത്തിയതാണ് ദിമിത്രോസ് ഡയമന്റകോസും അപ്പോസ്‌തൊലോസ് ജിയാനുവും. പ്രതിരോധപ്പിഴവുകൾക്കൊപ്പം ഇരുവരും ഗോളടിമികവ് കാണിക്കാത്തത് ടീമിനെ വല്ലാതെ കുഴക്കിയിരുന്നു. ഇത് പരിഹാരമെന്നോണം ദിമിത്രോസ് ഇന്നലെ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ നടന്ന മത്സരത്തിൽ, ഐഎസ്എല്ലിലെ തന്റെ ആദ്യ ഗോൾ നേടുകയായിരുന്നു. എന്നാൽ പുതിയ സീസണിലേക്കുള്ള ആദ്യത്തെ വിദേശ സൈനിങായ ഗ്രീക്ക്-ഓസ്‌ട്രേലിയൻ ഇന്റർനാഷണൽ സ്ട്രൈക്കർ അപ്പോസ്‌തൊലോസ് ജിയാനു ഇതുവരെ താളം കണ്ടെത്തിയിട്ടില്ല.
അഡ്രിയാൻ ലൂണ, മാർകോ ലസ്‌കോവിച്ച്, വിക്ടർ മോഗിൽ, ഇവാൻ കലുന്യുയി എന്നിവരാണ് ടീമിലുള്ള മറ്റു വിദേശ താരങ്ങൾ. ഇവരിൽ മൂന്നു ഗോളുകളുമായി യുക്രൈൻ മിഡ്ഫീൽഡർ ഇവാൻ കലുന്യുയി ഗോൾ സ്‌കോറർമാരുടെ പട്ടികയിൽ മുന്നിലുണ്ട്. ലൂണ പതിവ് രീതിയിൽ തന്നെ കളിക്കുന്നുണ്ട്. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ ബ്ലാസ്റ്റേഴ്‌സ് എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് തോൽപ്പിച്ചത്. ഐഎസ്എല്ലിൽ കേരളാബ്ലാസ്റ്റേഴ്‌സിന് രണ്ടാം ജയമാണിത്. ബ്ലാസ്റ്റേഴ്‌സിനായി മലയാളിതാരം സഹൽ അബ്ധുൽ സമദ് ഇരട്ടഗോൾ നേടി. പകരക്കാരനായി ഇറങ്ങിയ സഹൽ 85ാം മിനിട്ടിലും ഇഞ്ചുറി ടൈമിലുമാണ് ഗോൾ നേടിയത്. 56ാം മിനിട്ടിലാണ് ദിമിത്രോസ് ഡയമന്റകോസ് ബ്ലാസ്റ്റേഴ്‌സിന് വീണ്ടും ലീഡ് നൽകിയത്. ജയത്തോടെ ആറ് പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് ഏഴാം സ്ഥാനത്തെത്തിയിരിക്കുകയാണ്.
ക്രൊയേഷ്യൻ ടോപ് ഡിവിഷൻ ക്ലബ്ബ് എച്ച്.എൻ.കെ ഹയ്ദുക് സ്പ്‌ളിറ്റിൽനിന്നാണ് 29കാരനായ ഗ്രീക്ക് മുന്നേറ്റ താരം ദിമിത്രിയോസ് ഡയമാൻറകോസ് കേരള ബ്ലാസ്റ്റേഴ്‌സിലെത്തിയത്. ഗ്രീക്ക് ക്ലബ് അട്രോമിറ്റോസ് പിറായുസിനൊപ്പമായിരുന്നു ദിമിത്രിയോസ് കരിയർ ആരംഭിച്ചത്. 2009ൽ ഒളിമ്പിയാകോസിന്റെ യൂത്ത് ടീമിൽ ചേർന്നു. അണ്ടർ 19 ലീഗിലെയും യൂത്ത് ചാംപ്യൻസ് ലീഗിലെയും മികച്ച പ്രകടനത്തിനു പിന്നാലെ ക്ലബിന്റെ സീനിയർ ടീമിലും ഇടംലഭിച്ചു. 2012നും 2014നും ഇടയിൽ വിവിധ ഗ്രീക്ക് ക്ലബുകളായ പനിയോനിയോസ് ഏഥൻസ്, അറിസ് തെസലോനികി, എർഗോടെലിസ് എഫ്.സി എന്നിവയ്ക്കായി വായ്പാ അടിസ്ഥാനത്തിൽ കളിച്ചു. ഒളിമ്പിയാകോസിൽ തിരിച്ചെത്തുന്നതിനു മുൻപ് 49 മത്സരങ്ങളിൽ 14 ഗോളും നേടി. ഒളിമ്പിയാകോസിൽ 17 കളിയിൽ നാല് ഗോളും നേടി.
2015ൽ ജർമൻ ബുണ്ടസ് ലീഗ് രണ്ടാം ഡിവിഷൻ ക്ലബ് കാൾഷ്രുഹെർ എസ്.സിയിലെത്തി. തുടർന്നുള്ള സമ്മറിൽ ജർമൻ ക്ലബുമായി സ്ഥിരം കരാറിലുമെത്തി. ജർമനിയിൽ ആറ് വർഷത്തെ കളിജീവിതത്തിന്റെ തുടക്കമായിരുന്നു അത്. വി.എഫ്.എൽ ബോചും എഫ്.സി സെന്റ് പോളി ക്ലബുകൾക്ക് വേണ്ടിയും കളിച്ചു. ഈ കാലയളവിൽ നൂറിൽകൂടുതൽ മത്സരങ്ങളിൽനിന്ന് 34 ഗോളിനൊപ്പം എട്ട് അസിസ്റ്റും നടത്തി.2020 ജൂലൈയിൽ ക്രൊയേഷ്യൻ ടോപ് ഡിവിഷൻ ക്ലബ് ഹയ്ദുക് സ്പ്‌ളിറ്റുമായി മൂന്ന് വർഷത്തെ കരാറിലൊപ്പിട്ടു. ടീമിനായി 30ലേറെ മത്സരങ്ങളിൽ കളിച്ചു. ബ്ലാസ്റ്റേഴ്‌സിൽ ചേരുന്നതിന് മുൻപ് ഇസ്രയേലി ക്ലബ് എഫ്.സി അസ്ഹഡോഡിനൊപ്പം വായ്പാടിസ്ഥാനത്തിൽ കളിക്കുകയായിരുന്നു ദിമിത്രിയോസ്. ഗ്രീസിനായി എല്ലാ യൂത്ത് വിഭാഗങ്ങളിലും ദിമിത്രിയോസ് കളിച്ചിട്ടുണ്ട്. 46 മത്സരങ്ങളിൽ 19 ഗോളും നേടി. യൂറോപ്യൻ അണ്ടർ 19 ചാംപ്യൻഷിപ്പിൽ റണ്ണറപ്പായ ടീമിനൊപ്പവുമുണ്ടായിരുന്നു. ടൂർണമെന്റിലെ രണ്ടാമത്തെ ടോപ് സ്‌കോററുമായി. ഡയമാന്റകോസ് ഗ്രീസ് ദേശീയ ടീമിനായി അഞ്ച് തവണ കളിച്ചിട്ടുണ്ട്. മുൻ പ്രീമിയർ ലീഗ് ചാംപ്യൻ കോച്ച് ക്ലോഡിയോ റനിയേരിക്ക് കീഴിലാണ് കളിച്ചത്. ഈ സമ്മറിലെ ബ്ലാസ്റ്റേഴ്സിന്റെ അവസാനത്തെ വിദേശതാര കരാറായിരുന്നു ദിമിത്രിയോസ് ഡയമാന്റകോസിന്റേത്.
ഗ്രീക്ക്-ഓസ്‌ട്രേലിയൻ ഇന്റർനാഷണൽ സ്ട്രൈക്കർ അപ്പോസ്‌തൊലോസ് ജിയാനു എ ലീഗ് ക്ലബ്ബായ മക്കാർത്തർ എഫ്‌സിയിൽ നിന്നാണ് കേരള ബ്ലാസ്റ്റേഴ്‌സിലെത്തിയത്. ഗ്രീസിൽ ജനിച്ച ജിയോനു, ചെറുപ്പത്തിൽ തന്നെ ഓസ്‌ട്രേലിയയിലേക്ക് മാറി. ഓക്ലെയ് കാനൻസിലെ പ്രൊഫഷണൽ അരങ്ങേറ്റത്തിന് മുമ്പ് വിക്ടോറിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോർട്ട്, സൗത്ത് മെൽബൺ എന്നിവയുടെ യൂത്ത് ടീമുകൾക്ക് വേണ്ടി കളിച്ചു. പതിനാല് വർഷം മുമ്പ് ഗ്രീക്ക് ഫസ്റ്റ് ഡിവിഷൻ ടീമായ അപ്പോലോൺ കലമാരിയസിലേക്കുള്ള ട്രാൻസ്ഫറിനെ തുടർന്ന് വിദേശത്തേക്ക് പോയി. കവാല, പിഎഒകെ, എത്‌നിക്കോസ്, പാനിയോനിയോസ്, ആസ്റ്റെറിസ് ട്രിപ്പോളി തുടങ്ങിയ നിരവധി ഗ്രീക്ക് ഫസ്റ്റ് ഡിവിഷൻ ടീമുകൾക്കൊപ്പം 150ലധികം മത്സരങ്ങൾ കളിച്ച താരം 38 ഗോളുകളും 15 അസിസ്റ്റുകളും സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്.
2016ൽ, റെക്കോർഡ് ട്രാൻസ്ഫർ തുകയ്ക്ക് ചൈനീസ് ക്ലബ്ബായ ഗ്വാങ്‌ഷോ സിറ്റി എഫ്‌സിയിൽ ചേർന്നു. ഏഷ്യയിലെ രണ്ട് സീസണുകൾക്ക് ശേഷം സൈപ്രസ് ടീമായ എഇകെ ലാർനാക്കയിൽ എത്തിയ ജിയാനു, പിന്നീട് ഗ്രീസിലെ ഒഎഫ്‌ഐ ക്രീറ്റ് എഫ്‌സിയിലേക്ക് കളം മാറി. മക്കാർത്തർ എഫ്‌സിക്കു വേണ്ടി 21 മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകളാണ് നേടിയത്. എല്ലാ യൂത്ത് ടീം തലങ്ങളിലും ഓസ്‌ട്രേലിയയെ പ്രതിനിധീകരിച്ച ജിയാനു 12 മത്സരങ്ങളിൽ ഓസ്‌ട്രേലിയൻ സീനിയർ ദേശീയ ടീമിനായും ബൂട്ടുകെട്ടി. രണ്ടു ഗോളുകളും നാല് അസിസ്റ്റുകളുമാണ് സമ്പാദ്യം. ഗ്രീക്ക് ദേശീയ ടീമിനായും ഒരു മത്സരം കളിച്ചിട്ടുണ്ട്.
Dimitros Diamantakos scored the first goal for Kerala Blasters