വനിതാ ലോകകപ്പ് ഫുട്ബോളിൽ ഇംഗ്ലണ്ട് ഫൈനലിൽ; കലാശപ്പോരിൽ സ്‌പെയിൻ എതിരാളികൾ
രണ്ടാം സെമിയിൽ ഇംഗ്ലണ്ട്, ആസ്ട്രേലിയയെ തോൽപ്പിച്ചു. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ഇംഗ്ലണ്ടിന്റെ ജയം.
സിഡ്നി: ഫിഫ വനിതാ ലോകകപ്പ് ഫുട്ബോളിൽ ഇംഗ്ലണ്ട്- സ്പെയിൻ കലാശപ്പോര്. രണ്ടാം സെമിയിൽ ഇംഗ്ലണ്ട്, ആസ്ട്രേലിയയെ തോൽപ്പിച്ചു. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. ഞായറാഴ്ച്ചയാണ് ഫൈനൽ. ഇരു ടീമുകളും ആദ്യമായാണ് വനിതാ ലോകകപ്പ് ഫൈനലിലെത്തുന്നത്.
ഇംഗ്ലണ്ട് 36ാം മിനുറ്റിൽ എല ട്യൂണിലൂടെ മുന്നിലെത്തി. സമനില ഗോളിനായി പൊരുതിയ ആസ്‌ട്രേലിയ 63ാം മിനുറ്റിൽ സാം കേറിന്റെ ഗോളിൽ ഒപ്പമെത്തി. വിജയഗോളിനായി ഇരുടീമുകളും ശക്തമായി പൊരുതിയപ്പോൾ മത്സരം കൂടുതൽ ആവേശമായി.
71-ാം മിനിറ്റില്‍ ഇംഗ്ലണ്ട് വീണ്ടും മുന്നിലെത്തി. ലൗറന്‍ ഹെംപാണ് ഇംഗ്ലണ്ടിനായി സ്‌കോര്‍ ചെയ്തത്. തിരിച്ചടിക്കാനുള്ള ശ്രമങ്ങള്‍ക്കിടെ ഓസ്‌ട്രേലിയ വീണ്ടും പ്രതിരോധത്തിലായി. 86-ാം മിനിറ്റില്‍ ഇംഗ്ലണ്ട് മത്സരത്തിലെ മൂന്നാം ഗോളും നേടി. അതോടെ ഫൈനൽ ബർത്തും ഉറപ്പാക്കി. ഞാറാഴ്ച നടക്കുന്ന ഫൈനലിൽ സ്പെയിനെയാണ് ഇംഗ്ലണ്ട് നേരിടുക.
ഇരു ടീമുകളും കന്നി ലോകകപ്പാണ് ലക്ഷ്യമിടുന്നത്. 2015, 2019 വര്‍ഷങ്ങളില്‍ സെമിയിലെത്തിയിരുന്നെങ്കിലും ഇംഗ്ലണ്ടിന് ഫൈനലിലെത്താന്‍ സാധിച്ചിരുന്നില്ല.
The #FIFAWWC Final awaits for the @Lionesses! 👏
— FIFA Women's World Cup (@FIFAWWC) August 16, 2023