തുടരെ തുടരെ തിരിച്ചടികൾ; അവസാന ലാപ്പിൽ കാലിടറി ലിവർപൂൾ
സമനില നേരിട്ടതോടെ ലിവർപൂളിന്റെ കിരീടപോരാട്ടത്തിനും തിരിച്ചടി നേരിട്ടു. നിലവിൽ 35 കളിയിൽ 75 പോയന്റാണ് സമ്പാദ്യം
ലണ്ടൻ: കിരീടപോരാട്ടത്തിലേക്കുള്ള അവസാന ലാപ്പിൽ വീണ്ടും കാലിടറി ലിവർപൂൾ. വിജയം മാത്രം ലക്ഷ്യമിട്ടിറങ്ങിയ ചെമ്പടയെ വെസ്റ്റ് ഹാം യുണൈറ്റഡ് സമനിലയിൽ തളച്ചു. വെസ്റ്റ്ഹാം തട്ടകമായ ലണ്ടൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും രണ്ട് ഗോൾവീതം നേടി (2-2). ജെറോഡ് ബോവെനിലൂടെ (43) വെസ്റ്റ്ഹാം മത്സരത്തിൽ ആദ്യമായി വലകുലുക്കി. രണ്ടാം പകുതിയുടെ മൂന്നാം മിനിറ്റിൽ റോബെർട്‌സനിലൂടെ(48) ചെമ്പട മറുപടി കണ്ടെത്തി. 65ാം മിനിറ്റിൽ അൽഫോൺസ് അറേയോലയുടെ സെൽഫ് ഗോളിൽ ലിവർപൂൾ മുന്നിലെത്തിയെങ്കിലും 77ാം മിനിറ്റിൽ മിഖായിൽ അന്റോണിയോ ആതിഥേയരെ വീണ്ടും ഒപ്പമെത്തിച്ചു.
അവസാന മിനിറ്റുകളിൽ വിജയ ഗോളിനായി ലിവർപൂൾ ആക്രമണ മൂർച്ചകൂട്ടിയെങ്കിലും പ്രതിരോധ കോട്ടകെട്ടി വെസ്റ്റ്ഹാം മത്സരം പൂർത്തിയാക്കി. സമനില നേരിട്ടതോടെ ലിവർപൂളിന്റെ കിരീടപോരാട്ടത്തിനും തിരിച്ചടി നേരിട്ടു. നിലവിൽ 35 കളിയിൽ 75 പോയന്റാണ് സമ്പാദ്യം. രണ്ടാമതുള്ള മാഞ്ചസ്റ്റർ സിറ്റിക്ക് 33 മത്സരങ്ങളിൽ 76 പോയന്റുണ്ട്. ഒരുപോയന്റ് അധികമുള്ള ആഴ്‌സനലാണ് ടോപ്പിൽ. കഴിഞ്ഞ മത്സരത്തിൽ എവർട്ടനോട് തോൽവി വഴങ്ങിയ ലിവർപൂളിന് അവസാനം കളിച്ച രണ്ട് മാച്ചിൽ നിന്ന് ഒരുപോയന്റ് മാത്രമാണ് നേടാനായത്.
മറ്റൊരു മത്സരത്തിൽ സ്വന്തം തട്ടകമായ ഓൾഡ് ട്രാഫോർഡിൽ ബേൺലിയോട് സമനിലയിൽ കുരുങ്ങി യുണൈറ്റഡ്. ആന്റണിയിലൂടെ 79ാം മിനിറ്റിൽ ലീഡ് നേടിയെങ്കിലും 87ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ സന്ദർശകർ സമനിലപിടിച്ചു. സെകി അംധോനിയാണ് ഗോൾനേടിയത്. മറ്റു മത്സരങ്ങളിൽ ന്യൂകാസിൽ യുണൈറ്റഡ് ഒന്നിനെതിരെ അഞ്ച് ഗോളിന് ന്യൂകാസിൽ യുണൈറ്റഡിനേയും എവർട്ടൻ എതിരില്ലാത്ത ഒരുഗോളിന് ബ്രെൻഡ് ഫോർഡിനേയും വോൾവ്്‌സ് ലുട്ടൻടൗണിനേയും (2-1) തകർത്തു. ഫുൾഹാം-ക്രിസ്റ്റൽ പാലസ് മത്സരം(1-1) സമനിലയിൽ പിരിഞ്ഞു.