കളിയും കാര്യമാകുന്നു; റഷ്യയെ വിലക്കാൻ ഫിഫയും

ഫിഫ വിലക്കേര്‍പ്പെടുത്തിയാല്‍ 2022 യൂറോകപ്പ് റഷ്യയ്ക്ക് നഷ്ടമാകും. അടുത്ത മാസം പോളണ്ടിനെതിരെ നടക്കാനിരിക്കുന്ന ലോകകപ്പ് പ്ലേഓഫ് പോരാട്ടത്തിലും റഷ്യൻ ടീമിന് കളിക്കാനാകില്ല.

Update: 2022-02-28 16:00 GMT
Editor : Shaheer | By : Web Desk
Advertising

റഷ്യയെ അന്താരാഷ്ട്ര മത്സരങ്ങളിൽനിന്ന് വിലക്കാൻ രാജ്യാന്തര ഫുട്‌ബോൾ കമ്മിറ്റിയും. ഇനിയൊരു തീരുമാനം വരുന്നതുവരെ റഷ്യൻ ദേശീയ ടീമിന് വിലക്കേർപ്പെടുത്താനാണ് നീക്കം. ഇതിന്റെ ഭാഗമായി ഫിഫ യൂറോപ്യൻ ഫുട്‌ബോൾ അസോസിയേഷനുമായി(യുവേഫ) വിഷയം ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. ഇന്നു തന്നെ പ്രഖ്യാപനം വരുമെന്നാണ് ബി.ബി.സി സ്‌പോർട്‌സ് എഡിറ്റർ ഡാൻ റോൻ റിപ്പോർട്ട് ചെയ്യുന്നത്.

വിലക്കേർപ്പെടുത്താനാണ് തീരുമാനമെങ്കിൽ ഇംഗ്ലണ്ടിൽ നടക്കുന്ന 2022 യൂറോകപ്പ് റഷ്യയ്ക്ക് നഷ്ടമാകും. അടുത്ത മാസം പോളണ്ടിനെതിരെ നടക്കാനിരിക്കുന്ന ലോകകപ്പ് പ്ലേഓഫ് പോരാട്ടത്തിലും റഷ്യൻ ടീമിന് കളിക്കാനാകില്ല. മത്സരം ബഹിഷ്‌ക്കരിക്കുമെന്ന് നേരത്തെ പോളിഷ് ടീം പ്രഖ്യാപിച്ചിരുന്നു. ഫിഫ റഷ്യയ്ക്ക് വിലക്കേർപ്പെടുത്തിയാൽ പോളണ്ടിന് നേരിട്ട് ലോകകപ്പ് യോഗ്യത ലഭിക്കും. ഐസ്‌ലൻഡും ജൂണിൽ റഷ്യയ്‌ക്കെതിരെ നടക്കാനുള്ള മത്സരം ബഹിഷ്‌ക്കരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

രാജ്യാന്തര ഒളിംപിക് കമ്മിറ്റിയും റഷ്യൻ താരങ്ങളെ അന്താരാഷ്ട്ര മത്സരങ്ങളിൽനിന്ന് റഷ്യൻ താരങ്ങളെ വിലക്കാൻ നീക്കം നടത്തുന്നുണ്ട്. റഷ്യയുടെ സഖ്യരാജ്യമായ ബെലാറൂസ് താരങ്ങൾക്കെതിരെയും നടപടിക്ക് സാധ്യതയുണ്ട്. റഷ്യൻ, ബെലാറൂസ് താരങ്ങളെ മത്സരങ്ങളിൽ പങ്കെടുപ്പിക്കരുതെന്ന് വിവിധ കായിക ഫെഡറേഷനുകളോട് ഇന്റർനാഷനൽ ഒളിംപിക് കമ്മിറ്റി(ഐ.ഒ.സി) നിർദേശിച്ചിട്ടുണ്ട്.

നേരത്തെ, റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർഗിൽ നടക്കേണ്ട ചാംപ്യൻസ് ലീഗ് ഫൈനൽ മാറ്റിയിരുന്നു. യൂറോപ്പിലെ ഏറ്റവും വലിയ ക്ലബ് ടൂർണമെന്റിന്റെ കലാശപ്പോരാട്ടമാണ് റഷ്യയിൽനിന്ന് ഫ്രഞ്ച് തലസ്ഥാനമായ പാരിസിലേക്ക് മാറ്റിയിരിക്കുന്നത്. യൂനിയൻ ഓഫ് യുറോപ്യൻ ഫുട്ബോൾ അസോസിയേഷൻസ്(യുവേഫ) ആണ് അടിയന്തര യോഗം വിളിച്ചുചേർത്ത് തീരുമാനം പ്രഖ്യാപിച്ചത്.

മെയ് 28ന് റഷ്യൻ നഗരമായ സെന്റ് പീറ്റേഴ്സ്ബർഗിലെ ഗാസ്പ്രോം അറീനയിലാണ് ചാംപ്യൻസ് ലീഗ് ഫൈനൽ നിശ്ചയിച്ചിരുന്നത്. എന്നാൽ, റഷ്യയുടെ യുക്രൈൻ സൈനികനീക്കത്തിനു പിന്നാലെ യുവേഫ അടിയന്തരയോഗം വിളിച്ചുചേർക്കുകയായിരുന്നു. നിശ്ചയിച്ച തിയതിയിൽ തന്നെ പാരിസിലെ സ്റ്റേഡ് ഡി ഫ്രാൻസിലായിരിക്കും ഫൈനൽ നടക്കുകയെന്ന് യുവേഫ ട്വീറ്റ് ചെയ്തു.

Summary: FIFA is in advanced talks over suspension of Russia national team until further notice

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News