ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമില്‍ സഹലും ആശിഖും
ജൂൺ 3ന് കരുത്തരായ ഖത്തറിനെതിരെയാണ് ഇന്ത്യയുടെ ആദ്യത്ത മത്സരം
ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കായി ദോഹയിലേക്കു തിരിക്കുന്ന 28 അംഗ ടീമിനെ പരിശീലകൻ ഇഗോർ സ്റ്റിമാക് പ്രഖ്യാപിച്ചു. 2022ൽ ഖത്തറിൽ വെച്ചു നടക്കാനിരിക്കുന്ന ലോകകപ്പിനും 2023ൽ ചൈനയിൽ വെച്ചു നടക്കാനിരിക്കുന്ന ഏഷ്യൻ കപ്പ് ക്വാളിഫയറിലും ഇടം നേടാൻ വേണ്ടി നടക്കാനിരിക്കുന്ന മൂന്നു മത്സരങ്ങൾക്കുള്ള ടീമിനെയാണ് സ്റ്റിമാക് പ്രഖ്യാപിച്ചത്. മലയാളി താരങ്ങളായ സഹൽ അബ്ദുൽ സമദും ആശിഖ് കുരുണിയനും ടീമിൽ ഉണ്ട്. ഗോവൻ സ്വദേശിയായ ഗ്ലൻ മർടിൻസ് മാത്രമാണ് ടീമിലെ പുതുമുഖം. കോവിഡ് അണുബാധയേറ്റതു മൂലം ഒമാൻ, യു.എ.ഇ എന്നിവർക്കെതിരായ കഴിഞ്ഞ മത്സരങ്ങൾ നഷ്‌ടമായ സുനിൽ ഛേത്രി ടീമിലിടം നേടിയിട്ടുണ്ട്.
ടീം ഇന്ന് ഖത്തറിലേക്ക് പുറപ്പെടും. അവസാന ഒരാഴ്ച ആയി ടീമംഗങ്ങൾ ഐസൊലേഷനിൽ ആയിരുന്നു. യാത്രയുടെ നാല്പത്തിയെട്ടു മണിക്കൂർ മുൻപെടുത്ത നെഗറ്റിവ് പിസിആർ പരിശോധനാ റിപ്പോർട്ട് ഹാജരാക്കണം. കോവിഡ് മഹാമാരി വ്യാപിച്ചതു മൂലം പരിശീലനക്യാമ്പ് വൈകി തുടങ്ങിയതും ദുബായിൽ വെച്ചു നടക്കാനിരുന്ന സൗഹൃദ മത്സരം നഷ്ടമായതുമെല്ലാം കൊണ്ട് ഉചിതമായ സാഹചര്യത്തിലല്ല ലോകകപ്പ് യോഗ്യത മത്സരങ്ങൾ നടക്കുന്നതെന്ന് പരിശീലകൻ പറഞ്ഞു.
ജൂൺ 3ന് ഇന്ത്യൻ സമയം 10.30ന് കരുത്തരായ ഖത്തറിനെതിരെയാണ് ഇന്ത്യയുടെ ആദ്യത്ത മത്സരം. ജൂൺ ഏഴിന് ബംഗ്ലാദേശിനെതിരെയും, ജൂൺ 15ന് അഫ്ഗാനിസ്താന് എതിരെയും ആണ് ഇന്ത്യയുടെ ഗ്രൂപ്പിലെ അവശേഷിക്കുന്ന മത്സരങ്ങൾ.