വീരോചിതം തുനീഷ്യ; ചാമ്പ്യന്മാരെ തകർത്ത് മടക്കം

നിലവിൽ ഗ്രൂപ്പ് ഡിയിൽ ആറു പോയൻറുമായി ഫ്രാൻസ് ഒന്നാമതാണുള്ളത്

Update: 2022-11-30 17:28 GMT
Advertising

ദോഹ: പ്രീക്വാർട്ടർ ഉറപ്പിച്ച് ഒൻപത് മാറ്റങ്ങളുമായി ഇറങ്ങിയ ഫ്രാൻസിനെ അട്ടിമറിച്ച് തുനീഷ്യക്ക് വീരോചിത മടക്കം. ഏകപക്ഷീയമായ ഒരു ഗോളിനാണ് തുനീഷ്യ ഫ്രാൻസിനെ അട്ടിമറിച്ചത്. 58ാം മിനിറ്റിൽ ക്യാപ്റ്റൻ വാബി ഖസ്രിയാണ് തുനീഷ്യക്കായി ഗോൾ നേടിയത്. ഇൻജുറി ടൈമിൽ അന്റോയ്ൻ ഗ്രീസ്മൻ ഫ്രാൻസിന് സമനില സമ്മാനിച്ച് ലക്ഷ്യം കണ്ടെങ്കിലും, 'വാറി'ന്റെ സഹായത്തോടെ നടത്തിയ പരിശോധനയിൽ ഇത് ഓഫ്‌സൈഡായി.

മത്സരത്തിന്റെ തുടക്കം മുതൽ നിരവധി മുന്നേറ്റങ്ങളാണ് ആഫ്രിക്കൻ അറബ് ടീം നടത്തിയത്. ഏഴാം മിനുട്ടിൽ തന്നെ ഗോളടിക്കുകയും ചെയ്തു. ഫ്രീകിക്കിൽ നിന്ന് ടുണീഷ്യൻ താരം ഗന്ദ്രി ഫ്രഞ്ച് വല കുലുക്കുകയായിരുന്നു. ഖസ്‌രിയെടുത്ത ഫ്രീകിക്ക് അതിമനോഹരമായ സൈഡ് ഫൂട് വോളിയിലൂടെ ഗന്ദ്രി മൻഡാൻഡയെയും കടന്ന് വലയിലെത്തിക്കുകയായിരുന്നു. പക്ഷേ ഓഫ്‌സൈഡായതിനാൽ റഫറി ഗോൾ അനുവദിച്ചില്ല. അതിന് മുമ്പ് ആറാം മിനുട്ടിൽ രണ്ട് ടുണീഷ്യൻ മുന്നേറ്റങ്ങൾ വരാണെയും മൻഡാൻയും തടഞ്ഞിരുന്നു.

മത്സരത്തിലാദ്യമായി 25ാം മിനുട്ടിൽ തരക്കേടില്ലാതെ ഫ്രാൻസ് നടത്തിയ മുന്നേറ്റം ലക്ഷ്യത്തിലെത്തിയില്ല. ഫോഫാന വഴിയെത്തിയ ബോൾ കോമാൻ സ്വീകരിച്ചപ്പോൾ തന്നെ പാളിയിരുന്നു. ശേഷം ഉതിർത്ത ഷോട്ട് പുറത്തുപോകുകയായിരുന്നു. ആദ്യ പകുതിയിലാകെ രണ്ടു ഷോട്ടുകളാണ് ഫ്രഞ്ച് പടയടിച്ചത്. 1966 മുതൽ ലോകകപ്പിലെ അവരുടെ ഏറ്റവും ചെറിയ ആദ്യ പകുതി കണക്കാണിത്.

അതിനിടെ, 28ാം മിനുട്ടിൽ ടുണീഷ്യയുടെ കെച്രിദ മഞ്ഞക്കാർഡ് കണ്ടു. കാമാവിംഗക്കെകതിരെ പരുക്കൻ അടവെടുത്തതിനായിരുന്നു നടപടി. 32ാം മിനുട്ടിൽ മലൗലെടുത്ത കോർണർ കാമാവിംഗ പുറത്തേക്ക് ഹെഡ് ചെയ്‌തൊഴിവാക്കി. 34ാം മിനുട്ടിൽ ഖസ്‌രിയെടുത്ത ഷോട്ട് മൻഡാഡാ തട്ടിയൊഴിവാക്കി. 51ാം മിനുട്ടിൽ ലൗദൂനിക്ക് ലഭിച്ച അവസരം പുറത്തേക്കാണ് പോയത്. ബോക്‌സിനകത്തുണ്ടായിരുന്ന സഹതാരങ്ങൾക്ക് നൽകാതെ ലൗദൂനി ഷോട്ടുതിർക്കുകയായിരുന്നു.

58ാം മിനുട്ടിൽ  മൈതാന മധ്യത്തിൽ നിന്ന് സ്വീകരിച്ച പാസുമായി മുന്നറിയ ഖസ്‌രി ഫ്രഞ്ച് പ്രതിരോധ നിരയെയും ഗോളിയെയും കബളിപ്പിച്ച് വാബി ഖസ്രി ഗോൾ നേടുകയായിരുന്നു. നിലം പതിഞ്ഞ ഷോട്ടിലൂടെയായിരുന്നു ഗോൾ. പ്രമുഖ താരങ്ങൾക്കെല്ലാം വിശ്രമം നൽകി രണ്ടാം നിര ടീമിനെ അണിനിരത്തിയ ഫ്രാൻസിനെതിരെ, ഖത്തർ ലോകകപ്പിൽ തുനീഷ്യയയുടെ ആദ്യ ഗോൾ കൂടിയാണിത്. ആദ്യ ഇലവനിൽ ആദ്യമായി ഇടംലഭിച്ച മത്സരത്തിൽ ഗോളിന്റെ തിളക്കവുമായി ഖസ്രിക്കും മടക്കം.

ഗോൾ വീണതോടെ 63ാം മിനുട്ടിൽ ഫ്രാൻസ് എംബാപ്പെയെ കളത്തിലിറക്കിയെങ്കിലും ലക്ഷ്യം കാണാനായില്ല. കോമാന് പകരമാണ് സ്റ്റാർ സ്‌ട്രൈക്കർ ഇറങ്ങിയത്. 78ാം മിനുട്ടിൽ ഡെംബാലെയെയും ഇറക്കി. അതേസമയം, തുനീഷ്യക്കായി ഗോളടിച്ച വഹ്ബി ഖസ്‌രിക്ക് പകരം ഇസ്സാം ജെബാലിയിറങ്ങി. സമനില  പിടിക്കാനായുള്ള ശ്രമവുമായി ഫ്രാന്സ് തുനീഷ്യന് ബോക്സിനുമുന്നില് ഭീതി പരത്തി. ഇൻജറി ടൈമിൽ അന്റോയ്ൻ ഗ്രീസ്മൻ ലക്ഷ്യം കണ്ടു. എന്നാൽ ആ സന്തോഷത്തിന് അധിക സമയം ആയുസുണ്ടായിരുന്നില്ല. 'വാറി'ന്റെ സഹായത്തോടെ നടത്തിയ പരിശോധനയിൽ ഇത് ഓഫ്‌സൈഡായി.

ഡെന്മാർക്കിനെതിരെ കളിച്ചിരുന്ന എംബാപ്പെ, ഗ്രീസ്മാൻ, ജിറൗദ്, ഡെംബെലെ തുടങ്ങിയവരില്ലാതെയാണ് ഇന്ന് രാത്രി 8.30ന് (ഇന്ത്യൻ സമയം) തുടങ്ങിയ മത്സരത്തിൽ ഫ്രഞ്ച് ടീം പന്ത് തട്ടിത്തുടങ്ങിയത്. തുനീഷ്യ 3-4-2-1 ഫോർമാറ്റിലും ഫ്രാൻസ് 4-3-3 ഫോർമാറ്റിലുമാണ് കളിക്കുന്നത്.

കോമാൻ, കോളോ മുവാനി, ഗുവെൻഡൗസി, വെറേടൗട്, ഫോഫാനാ, ചൗയാമെനി, കാമാവിംഗ, കൊനേറ്റെ, വരാണെ (ക്യാപ്റ്റൻ), ദിസാസി, മൻഡൻഡാ എന്നിവരാണ് ഫ്രഞ്ച് പടയിൽ അണിനിരക്കുന്നത്. കോച്ച്: ദിദിയർ ദെഷാംപ്‌സ്.

അതേസമയം, പ്രക്വാർട്ടറിലേക്ക് എന്തെങ്കിലും സാധ്യത തേടിയിറങ്ങിയ തുനീഷ്യ പൂർണ നിരയെയാണ് ഇറക്കിയത്‌. ഐയ്മൻ ദാഹ്‌മെൻ, യാസിൻ മെരിയാഹ്, നാദെർ ഗന്ദ്രി, അലി മാലൗൽ, ഇസ്സാ ലൈദൗനി, ഇല്യാസ് സക്‌രി, വാജിദി കെച്രിദ, വഹ്ബി ഖസ്‌രി(ക്യാപ്റ്റൻ), മുഹമ്മദ് അലി ബെൻ റോംദാനെ, അനിസ് സ്ലിമാനെ എന്നിവരാണ് തുനീഷ്യയുടെ ആദ്യ ഇലവനിലുള്ളത്. കോച്ച് : ജലേൽ കാദ്‌രി.

നിലവിൽ ഗ്രൂപ്പ് ഡിയിൽ ആറു പോയൻറുമായി ഫ്രാൻസ് ഒന്നാമതാണുള്ളത്. 


Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News