എംബാപ്പെയോട് പകപോക്കൽ; പി.എസ്.ജിക്കെതിരെ നിയമനടപടി ഭീഷണിയുമായി ഫ്രഞ്ച് താരങ്ങളുടെ യൂനിയൻ

ഫ്രാൻസിലെ ഫുട്‌ബോൾ താരങ്ങളുടെ യൂനിയനായ യു.എൻ.എഫ്.പി ആണ് ക്ലബിനെതിരെ രംഗത്തെത്തിയത്

Update: 2023-07-24 08:21 GMT
Editor : Shaheer | By : Web Desk
French players union to legal action against PSG over Mbappes pre-season exclusion, French players union legal action against PSG over Mbappe, National Union of Professional Footballers UNFP, Kylian Mbappe, Kylian Mbappe PSG issue

കിലിയന്‍ എംബാപ്പെ

AddThis Website Tools
Advertising

പാരിസ്: കിലിയൻ എംബാപ്പെയ്‌ക്കെതിരായ പകപോക്കൽ നടപടിയിൽ പി.എസ്.ജിക്കെതിരെ വിമർശനവുമായി ഫ്രഞ്ച് ഫുട്‌ബോൾ താരങ്ങളുടെ യൂനിയൻ. താരത്തെ പ്രീസീസണ്‍ ടൂര്‍ സ്ക്വാഡില്‍നിന്ന് ഒഴിവാക്കിയതിനു പിന്നാലെയാണ് താരങ്ങളുടെ പ്രതിഷേധം. പി.എസ്.ജിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഫ്രാൻസിലെ യൂനിയൻ ഓഫ് പ്രൊഫഷനൽ ഫുട്‌ബോളേഴ്‌സ്(യു.എൻ.എഫ്.പി).

അടുത്ത സീസണോടെ ക്ലബുമായുള്ള എംബാപ്പെയുടെ കരാർ കാലാവധി തീരുകയാണ്. കാലാവധി തീർന്നാൽ കരാർ പുതുക്കില്ലെന്ന് താരം അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പി.എസ്.ജി മാനേജ്‌മെന്റ് 24കാരനെതിരെ രംഗത്തെത്തിയത്. കരാർ പുതുക്കാൻ ഒരുക്കമില്ലെങ്കിൽ ഈ സീസണിനിടെ തന്നെ വിൽക്കുമെന്നും ഫ്രീ ഏജന്റായി വിടില്ലെന്നുമാണ് ക്ലബ് വ്യക്തമാക്കിയിരിക്കുന്നത്. സീസണിനുമുന്നോടിയായുള്ള ഏഷ്യൻ സൗഹൃദ പര്യടനത്തിനുള്ള ടീമിൽനിന്ന് എംബാപ്പെയെ പുറത്താക്കുകയും ചെയ്തിട്ടുണ്ട്.

ശാന്തമായി കളി തുടരാൻ അനുവദിക്കാതെ ബോധപൂർവം മോശം തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുകയാണ് ക്ലബെന്നാണ് യു.എൻ.എഫ്.പി ഉയർത്തുന്ന പ്രധാന വിമർശനം. മറ്റിടങ്ങളെപ്പോലെ തന്നെ ഫുട്‌ബോൾ താരങ്ങളും മികച്ച തൊഴിൽ അന്തരീക്ഷമുണ്ടാകേണ്ടതുണ്ട്. ക്ലബ് വിടാനും തങ്ങൾ ആവശ്യപ്പെടുന്നതു സ്വീകരിക്കാനും തൊഴിലാളിക്കുമേൽ ഉടമകൾ സമ്മർദം ചെലുത്തുന്നത് മാനസികപീഡനമാണെന്നും ഇത് ഫ്രഞ്ച് നിയമങ്ങളുടെ ലംഘനമാണെന്നും യൂനിയൻ പ്രസ്താവനയിൽ വ്യക്തമാക്കി.

ഇക്കാര്യങ്ങളെല്ലാം ക്ലബിനെ ഓർമിപ്പിക്കുകയാണ്. ഇതേ പെരുമാറ്റം തുടരുകയാണെങ്കിൽ ഏത് ക്ലബിനെതിരെയും സിവിൽ-ക്രിമിനൽ കേസുമായി മുന്നോട്ടുപോകാനുള്ള അവകാശം തങ്ങൾക്കുണ്ടെന്നും യു.എൻ.എഫ്.പി അറിയിച്ചു.

ഏഷ്യയിലേക്കുള്ള പ്രീസീസൺ പര്യടനത്തിനുള്ള സ്‌ക്വാഡിൽനിന്ന് കിലിയൻ എംബാപ്പയെ ഒഴിവാക്കിയിരുന്നു. എന്നാൽ, കാരണം പി.എസ്.ജി വ്യക്തമാക്കിയിട്ടില്ല. സൂപ്പർ താരം നെയ്മറും അടുത്തിടെ ക്ലബിലെത്തിയ എംബാപ്പെയുടെ സഹോദരൻ എഥാൻ എംബാപ്പെയും സ്‌ക്വാഡിൽ ഇടംനേടിയപ്പോഴാണ് എംബാപ്പെയെ പുറത്തിരുത്തിയത്.

എംബാപ്പെ വഞ്ചിച്ചെന്ന നിലപാടിലാണ് ക്ലബ് ഉടമകൾ. 2024ൽ കാലാവധി തീരുന്നതോടെ കരാർ പുതുക്കില്ലെന്ന് താരം നേരത്തെ അറിയിച്ചിരുന്നു. കഴിഞ്ഞ ജൂൺ 12ന് അപ്രതീക്ഷിതമായി കത്തുമുഖേനെയാണ് താരം ക്ലബിനെ വിവരം അറിയിച്ചത്.

ഇതിനു പിന്നാലെ റയൽ മാഡ്രിഡുമായി എംബാപ്പെ ചർച്ച നടത്തിയതായും ക്ലബ് വൃത്തങ്ങൾക്കു വിവരം ലഭിച്ചിട്ടുണ്ട്. ഫ്രീ ഏജന്റായി ടീമിലെത്താമെന്ന ധാരണയിലെത്തിയതായാണ് വിവരം. ഫ്രീ ഏജന്റായി ടീം വിടില്ലെന്ന് എംബാപ്പെ തന്നെ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഇക്കാര്യം പി.എസ്.ജി വിശ്വസിക്കുന്നില്ല. തങ്ങളെ അറിയിക്കാതെ രഹസ്യമായി റയലുമായി ധാരണയിലെത്തിയതായാണ് ക്ലബ് കരുതുന്നത്. ഇതെല്ലാം ക്ലബിനെ പ്രകോപിപ്പിച്ചിട്ടുണ്ട്. പെട്ടെന്നുള്ള നീക്കത്തിലേക്ക് ക്ലബിനെ നയിച്ചതും ഇതുതന്നെയാണെന്നാണ് സൂചന.

അതിനിടെ, താരത്തെ ലക്ഷ്യമിട്ട് സൗദി ക്ലബുകളും രംഗത്തുണ്ട്. നേരത്തെ മെസിയെ സ്വന്തമാക്കാൻ നീക്കം നടത്തിയ അൽഹിലാൽ തന്നെയാണ് എംബാപ്പെയ്ക്കും പിന്നാലെയുള്ളത്. ഹിലാൽ വൃത്തങ്ങൾ പി.എസ്.ജിയുമായി ചർച്ച നടത്തിയതായി സ്‌കൈ സ്‌പോർട്‌സ് റിപ്പോർട്ട് ചെയ്തിരുന്നു.

Summary: French players' union threatens legal action against PSG over pre-season snub of Kylian Mbappe

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News