ഐ ലീഗ് കിരീടത്തില്‍ മുത്തമിട്ട് ഗോകുലം കേരള; ചരിത്രനേട്ടം

തുടർച്ചയായി രണ്ട് സീസണുകളിൽ ഐ ലീഗ് കിരീടം നേടുന്ന ആദ്യ ക്ലബായി ഗോകുലം കേരള ഇതോടെ മാറി.

Update: 2022-05-14 16:34 GMT
Advertising

ഐ ലീഗ് കിരീടത്തില്‍ മുത്തമിട്ട് ഗോകുലം കേരള. മുഹമ്മദന്‍സിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കീഴടക്കിയതോടെയാണ് ഗോകുലം ചരിത്ര നേട്ടത്തിലെത്തിയത്. ഐ ലീഗ് ഫുട്ബോൾ ചരിത്രത്തില്‍ തുടര്‍ച്ചയായി രണ്ടു തവണ കിരീടം നിലനിർത്തുന്ന ആദ്യ ക്ലബ്ബെന്ന റെക്കോര്‍ഡാണ് ഇതോടെ ഗോകുലം എഫ്.സി സ്വന്തം പേരില്‍ കുറിച്ചത്. മുഹമ്മദന്‍സിനെതിരായി നടന്ന മത്സരത്തില്‍ സമനില മാത്രം മതിയായിരുന്നു ഗോകുലത്തിന് കിരീടം നേടാന്‍. അതുകൊണ്ട് തന്നെ തോല്‍വി വഴങ്ങാതിരിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് കേരളം കളത്തിലിറങ്ങിയത്.

കളിയുടെ 49 ആം മിനുട്ടില്‍ മിഡ്ഫീല്‍ഡര്‍ റിഷാദാണ് ഗോകുലത്തിനായി ആദ്യം സ്കോര്‍ ചെയ്തത്. പന്തുമായി കുതിച്ച റിഷാദ് ഒരു ഉഗ്രന്‍ ഗ്രൗണ്ടറിലൂടെ മൊഹമ്മദൻസിന്റെ വലയിൽ പന്തെത്തിക്കുകയായിരുന്നു. ലീഡ്(1 - 0). എന്നാല്‍ ആ ലീഡിന് അധികം ആയുസുണ്ടായില്ല. 57ആം മിനുട്ടില്‍ അസറുദ്ദീന്‍ മാലിക്കിലൂടെ മുഹമ്മദന്‍സ് സമനില പിടിച്ചു. ഫ്രീകിക്കിലൂടെയാണ് മൊഹമ്മദൻസിന്‍റെ ഗോള്‍.

സമനില ഗോള്‍ വീണതോടെ കേരളം വീണ്ടും ഉണര്‍ന്നു കളിച്ചു. അതിന്‍റെ ഫലമെന്നോണം 61 ആം മിനുട്ടില്‍ കേരളം വീണ്ടും സ്കോര്‍ ചെയ്തു. എമില്‍ ബെന്നിയാണ് ഗോകുലത്തിനായി വിജയ ഗോള്‍ കണ്ടെത്തിയത്.

ലൂകയുടെ പാസിൽ നിന്ന് എമിൽ ബെന്നിയിലേക്കെത്തിയ പന്തില്‍ എമിലിന്‍റെ മികച്ച സ്ട്രൈക്ക്, പന്ത് വലയ്ക്കുള്ളിലെത്തി. രണ്ടാം ഗോള്‍ വീണതോടെ മൊഹമ്മദൻസിന്‍റെ പോരാട്ട വീര്യം ചോർന്നു. സ്വന്തമാക്കിയ ലീഡ് മികച്ച രീതിയിൽ ഡിഫൻഡ് ചെയ്തതോടെ ഗോകുലം കിരീടം ഉറപ്പിച്ചു.

18 കളികളിൽ 13 ജയത്തോടെ 43 പോയിന്‍റുമായാണ് ഗോകുലം കിരീട നേട്ടത്തിലെത്തിയത്. 37 പോയിന്‍റുണ്ടായിരുന്ന മുഹമ്മദന്‍സിന് ഇന്ന് കേരളത്തെ കീഴടക്കിയാല്‍ മാത്രമേ കിരീടം സ്വന്തമാക്കാന്‍ കഴിയുമായിരുന്നുള്ളൂ. സീസണിൽ ഒരു തോൽവിയറിയാതെ കുതിച്ച ഗോകുലത്തിന് കഴിഞ്ഞ മത്സരത്തില്‍ മാത്രമാണ് കാലിടറിയത്. ശ്രീനിഥി ഡെക്കാനെതിരെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ബുധനാഴ്ച ടീം തോറ്റത്. 21 മത്സരങ്ങളിൽ ഗോകുലം തുടര്‍ച്ചയായി തോൽവിയറിഞ്ഞിട്ടില്ല. ഇതും ഐ ലീഗ് ഫുട്ബോള്‍ ചരിത്രത്തിൽ റെക്കോഡാണ്

സീസണിന്‍റെ തുടക്കത്തിൽ മുഹമ്മദൻസാണ് മുന്നിൽനിന്നിരുന്നതെങ്കിലും പതിയെ ഫോമിലേക്കുയര്‍ന്ന ഗോകുലം 11ാം റൗണ്ടിൽ ലീഡ് പിടിക്കുകയായിരുന്നു. അവസാന എട്ടു കളികളിൽ ഏഴും ജയിച്ച ഗോകുലം ചർച്ചിൽ ബ്രദേഴ്സിനോടു മാത്രമാണ് സമനില വഴങ്ങിയത്. തൊട്ടടുത്ത കളിയിൽ നെരോക എഫ്.സിയെ 4-0ത്തിന് തകർത്ത് ടീം ഫോമിലേക്ക് തിരിച്ചെത്തി. അവിടുന്നങ്ങോട്ട് എതിരാളികളെ കാഴ്ചക്കാരാക്കിക്കൊണ്ടായിരുന്നു ഗോകുലം കേരളയുടെ പ്രകടനം.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News