ഫൈനലില്‍ കെഎസ്ഇബിയെ തകർത്തു; ഗോകുലം വീണ്ടും കെ.പി.എല്‍ ചാമ്പ്യന്മാര്‍

സീസണില്‍ ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ഗോകുലം എഫ് സി കെ.പി.എല്‍ രണ്ടാം കിരീട നേടിയത്

Update: 2021-04-21 13:51 GMT
Editor : Roshin | By : Web Desk
Advertising

കേരള പ്രീമിയര്‍ ലീഗ് കിരീടം വീണ്ടും ഗോകുലം കേരള എഫ്.സിക്ക്. എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ നടന്ന ആവേശകരമായ ഫൈനലില്‍ കെ.എസ്.ഇ.ബിയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ഗോകുലം പരാജയപ്പെടുത്തിയത്.

1-1 എന്ന സ്കോറില്‍ മുഴുവന്‍ സമയം അവസാനിച്ചതിനാല്‍ മത്സരം എക്സ്ട്രാ ടൈമിലേക്ക് പോവുകയായിരുന്നു. 54-ാം മിനിറ്റില്‍ എം.വിഗ്നേഷ് കെ.എസ്.ഇ.ബിക്കായി മത്സരത്തിലെ ആദ്യ ഗോള്‍ നേടി. 80ാം മിനുറ്റില്‍ പകരക്കാരനായി ഇറങ്ങിയ നിംഷാദ് റോഷനിലൂടെ ഗോകുലം ഗോള്‍ മടക്കുകയായിരുന്നു. എക്സ്ട്രാ ടൈമിന്‍റെ ആദ്യ മിനുറ്റില്‍ തന്നെ ഗണേഷന്‍ ഗോകുലത്തിന്‍റെ വിജയഗോള്‍ നേടി.

സീസണില്‍ ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ഗോകുലം എഫ് സി കെ.പി.എല്‍ രണ്ടാം കിരീട നേടിയത്. 2018ല്‍ ആദ്യമായി ലീഗ് ചാമ്പ്യന്‍മാരായ ടീം കഴിഞ്ഞ സീസണ്‍ ഫൈനലില്‍ കേരള ബ്ലാസ്റ്റേഴ്സിനോട് തോറ്റിരുന്നു. ചാമ്പ്യന്‍ നേട്ടത്തോടെ രണ്ടു തവണ കെ.പി.എല്‍ കിരീടം നേടുന്ന ടീമെന്ന എസ്.ബി.ഐയുടെ നേട്ടത്തിനൊപ്പമെത്താനും ഗോകുലത്തിന് കഴിഞ്ഞു. ഗോകുലത്തിന്റെ സാലിയോ ഗ്വിണ്ടോയാണ് ലീഗിലെ ടോപ് സ്‌കോറര്‍ (8). ലീഗിലെ കന്നിക്കാരായ കേരള യുണൈറ്റഡ് എഫ്.സി ഫയര്‍പ്ലേ അവാര്‍ഡ് നേടി. സെമിഫൈനല്‍ മത്സരത്തിലെ അതേ ടീമിനെ ഗോകുലം കേരള നിലനിര്‍ത്തിയപ്പോള്‍ എം.വിഗ്നേഷിനെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയാണ് കെഎസ്ഇബി കലാശകളിക്കിറങ്ങിയത്. 

Tags:    

Editor - Roshin

contributor

By - Web Desk

contributor

Similar News