'ജയിച്ചത് അറിഞ്ഞിരുന്നില്ല': ആഘോഷിക്കാത്തതിന് പിന്നിലെ കാരണം പറഞ്ഞ് ഡൊണ്ണരുമ്മ
കിരീടനേട്ടത്തിനൊപ്പം ഇരട്ടിമധുരമായി യൂറോ 2020 ടൂര്‍ണ്ണമെന്റിന്റെ താരം എന്ന ബഹുമതിയും ഇറ്റാലിയന്‍ ഗോള്‍വലയുടെ ഈ കാവല്‍ക്കാരനെ തേടിയെത്തിയിരുന്നു.
ഇംഗ്ലണ്ടിന്റെ ബുകായോ സാകയുടെ പെനല്‍റ്റി തടുത്തിട്ടിട്ടും ഇറ്റാലിയന്‍ ഗോള്‍കീപ്പര്‍ ജിയാന്‍ലൂയി ഡൊണ്ണരുമ്മ വിജയം ആഘോഷിക്കാത്തത് എന്തായിരുന്നു. ഇറ്റലി യൂറോ കിരീടം ഉറപ്പിച്ചത് ആ പെനല്‍റ്റി കിക്ക് തടുത്തതോടെയായിരുന്നു. എന്നാല്‍ ഡൊണ്ണരുമ്മ വിജയം ആഘോഷിച്ചില്ല. ജയം ആഘോഷിക്കാതെ പോകുന്ന ഡൊണ്ണരുമ്മ, സോഷ്യല്‍ മീഡിയകളിലൊക്കെ ചര്‍ച്ചയായിരുന്നു.
എന്നാല്‍ വിജയിച്ചതായി അറിഞ്ഞിരുന്നില്ലെന്നാണ് ഡൊണ്ണരുമ്മ പറയുന്നത്. ഗോള്‍ കിക്ക് തടുത്ത് ഡൊണ്ണരുമ്മ എതിര്‍ വശത്തേക്ക് നടന്നുനീങ്ങി. സഹതാരങ്ങള്‍ ആഹ്ലാദത്തോടെ തന്റെ അടുത്തേക്ക് ഓടിവന്നപ്പോഴാണ് ഡൊണ്ണരുമ്മ കാര്യം അറിഞ്ഞത് തന്നെ. പെനല്‍റ്റി ഷൂട്ടൗട്ടില്‍ 3-2നായിരുന്നു ഇറ്റലിയുടെ ജയം. സാക്കയ്ക്ക് പുറമെ ജാഡന്‍ സാഞ്ചോയുടെ കിക്കും ഡൊണ്ണരുമ്മ തടുത്തിട്ടിരുന്നു.
കിരീടനേട്ടത്തിനൊപ്പം ഇരട്ടിമധുരമായി യൂറോ 2020 ടൂര്‍ണ്ണമെന്റിന്റെ താരം എന്ന ബഹുമതിയും ഇറ്റാലിയന്‍ ഗോള്‍വലയുടെ ഈ കാവല്‍ക്കാരനെ തേടിയെത്തിയിരുന്നു. ഈ നേട്ടം കരസ്ഥമാക്കുന്ന ആദ്യ ഗോള്‍കീപ്പറാണ് ഡൊണ്ണരുമ്മ. ടൂര്‍ണ്ണമെന്റിലുടനീളം മിന്നുന്ന പ്രകടനമാണ് ഡൊണ്ണരുമ്മ കാഴ്ചവെച്ചത്. മൂന്ന് കളികളില്‍ ക്ലീന്‍ ഷീറ്റ് കരസ്ഥമാക്കിയ താരം ആകെ വഴങ്ങിയത് നാല് ഗോളുകള്‍ മാത്രമാണ്.