രാജസ്ഥാനെയും കീഴടക്കി, ഒരു പോയിന്‍റകലെ ചരിത്ര നേട്ടം; ഗോകുലം ഐ ലീഗ് കിരീടത്തിനരികെ
ഐ ലീഗ് ഫുട്ബോൾ കിരീടം നിലനിർത്തുന്ന ആദ്യ ക്ലബെന്ന റെക്കോര്‍ഡ് നേട്ടമാണ് ഗോകുലത്തെ കാത്തിരിക്കുന്നത്. രണ്ട് മത്സരങ്ങൾകൂടി ശേഷിക്കെ ഒരു സമനില മാത്രം മതി ഗോകുലത്തിന് കിരീടമുറപ്പിക്കാന്‍.
ഐ ലീഗ് കിരീടത്തില്‍ മുത്തമിടാന്‍ കേരളത്തിന് ഇനി ഒരു പോയിന്‍റിന്‍റെ ദൂരം മാത്രം. ഇന്ന് നടന്ന രാജസ്ഥാനെതിരായ മത്സരത്തില്‍ ഒരു ഗോളിന്‍റെ ഏകപക്ഷീയമായ വിജയത്തോടെയാണ് ഗോകുലം കിരീടനേട്ടത്തിന് തൊട്ടരികെയെത്തിനില്‍ക്കുന്നത്. 27 ആം മിനുട്ടില്‍ ജോര്‍ദെയ്ന്‍ ഫ്ലെച്ചര്‍ നേടിയ ഗോളിലൂടെയാണ് ഗോകുലം മത്സരം തങ്ങളുടെ വരുതിയിലാക്കിയത്.
ഐ ലീഗ് ഫുട്ബോൾ കിരീടം നിലനിർത്തുന്ന ആദ്യ ക്ലബ്ബെന്ന റെക്കോര്‍ഡ് നേട്ടമാണ് ഗോകുലത്തെ കാത്തിരിക്കുന്നത്. രണ്ട് മത്സരങ്ങൾകൂടി ശേഷിക്കെ ഒരു സമനില മാത്രം മതി ഗോകുലത്തിന് കിരീടമുറപ്പിക്കാന്‍.
ഇന്നത്തെ മത്സരത്തിലെ ജയമുള്‍പ്പടെ 16 കളികളിൽ 40 പോയിന്‍റാണ് ഗോകുലത്തിനുള്ളത്. സീസണിൽ തോൽവിയറിയാതെയാണ് ഗോകുലത്തിന്‍റെ കുതിപ്പ്. 12 വിജയങ്ങളും നാലു സമനിലയുമാണ് ഗോകുലത്തിന്‍റെ അക്കൗണ്ടിൽ. കഴിഞ്ഞ സീസണിലെ കണക്കു കൂടി പരിശോധിക്കുമ്പോള്‍ അവസാനത്തെ 21 മത്സരങ്ങളിൽ ഗോകുലം തോൽവിയറിഞ്ഞിട്ടില്ല. ഇതും ഐ ലീഗ് ഫുട്ബോള്‍ ചരിത്രത്തിൽ റെക്കോഡാണ്.
സീസണിന്‍റെ തുടക്കത്തിൽ മുഹമ്മദൻസാണ് മുന്നിൽനിന്നിരുന്നതെങ്കിലും പതിയെ ഫോമിലേക്കുയര്‍ന്ന ഗോകുലം 11ാം റൗണ്ടിൽ ലീഡ് പിടിക്കുകയായിരുന്നു. അവസാന എട്ടു കളികളിൽ ഏഴും ജയിച്ച ഗോകുലം ചർച്ചിൽ ബ്രദേഴ്സിനോടു മാത്രമാണ് സമനില വഴങ്ങിയത്. തൊട്ടടുത്ത കളിയിൽ നെരോക എഫ്.സിയെ 4-0ത്തിന് തകർത്ത് ടീം ഫോമിലേക്ക് തിരിച്ചെത്തി.
രണ്ടു ഘട്ടങ്ങളായാണ് ഇത്തവണ ഐ ലീഗ് നടക്കുന്നത്. 13 ടീമുകളും ഓരോ തവണ പരസ്പരം ഏറ്റുമുട്ടിയതിനുശേഷം ആദ്യമെത്തിയ ഏഴു ടീമുകൾ മാത്രമാണ് കിരീടത്തിനായുള്ള ചാമ്പ്യൻഷിപ് ഘട്ടത്തിൽ മത്സരിക്കുന്നത്. രണ്ടു ഘട്ടങ്ങളിലെയും പോയന്റുകൾ കൂട്ടിയാണ് കിരീടജേതാക്കളെ നിശ്ചയിക്കുക. ആദ്യ ഘട്ടത്തിൽ എട്ടു മുതൽ 13 വരെ സ്ഥാനത്തെത്തിയ ടീമുകൾ റെലഗേഷൻ ഘട്ടത്തിലാണ് മാറ്റുരക്കുന്നത്. ഇതിൽ ഏറ്റവും പിറകിലെത്തുന്ന ടീം തരംതാഴ്ത്തപ്പെടും. വെള്ളിയാഴ്ച മുഹമ്മദൻസ് 2-0ത്തിന് ചർച്ചിൽ ബ്രദേഴ്സിനെ തോൽപിച്ചു. മാർകസ് ജോസഫാണ് രണ്ടു ഗോളും നേടിയത്.