ഹീറോ ഇൻറർകോണ്ടിനെൻറൽ ഫൈനൽ ഇന്ന്; ലെബനോനെ വീഴ്ത്തി ഇന്ത്യ ജേതാക്കളാകുമോ?

നിലവിലെ ജേതാക്കളായ ഇന്ത്യ തോൽവി അറിയാതെയാണ് ഫൈനലിലെത്തിയത്

Update: 2023-06-18 12:50 GMT
Advertising

കലിംഗ: ഹീറോ ഇൻറർകോണ്ടിനെൻറൽ കപ്പ് ഫുട്‌ബോളിൽ ഫൈനലിൽ ഇന്ത്യ ഇന്ന് ലെബനോനെ നേരിടും. ഒഡിഷയിലെ കലിംഗ സ്‌റ്റേഡിയത്തിൽ രാത്രി ഏഴരയ്ക്കാണ് മത്സരം നടക്കുക. നിലവിലെ ജേതാക്കളായ ഇന്ത്യ തോൽവി അറിയാതെയാണ് ഫൈനലിലെത്തിയത്. ടൂർണമെൻറിൽ ഏറ്റവും ഒടുവിൽ നടന്ന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ഇരു ടീമുകളും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ജൂൺ 15ന് നടന്ന മത്സരം ഗോൾ രഹിത സമനിലയിലാണ് കലാശിച്ചിരുന്നത്.

ഓരോ ടീമും മൂന്നു മത്സരം വീതം കളിച്ച പരമ്പരയിൽ ഇന്ത്യ ഏഴ് പോയിൻറുമായി പട്ടികയിൽ ഒന്നാമതാണ്. അഞ്ചു പോയിൻറുള്ള ലെബനോൻ രണ്ടാമതും മൂന്നു പോയിന്റുമായി വനുവറ്റു മൂന്നാമതും ഒരു പോയിന്റുമായി മംഗോളിയ നാലാമതുമാണ്.

എ.എഫ്.സി ഏഷ്യൻ കപ്പ് നടക്കാനിരിക്കെ ഓരോ മത്സരങ്ങളും പ്രധാന്യത്തോടെയാണ് ടീം ഇന്ത്യ കാണുന്നത്. അവസാന ആറു മത്സരങ്ങളിലും ടീം ക്ലീൻ ഷീറ്റ് നിലനിർത്തുന്നത് ആരാധകർക്ക് ഏറെ സന്തോഷം നൽകുന്നതാണ്.

ടൂർണമെൻറിലെ ആദ്യ മത്സരത്തിൽ മംഗോളിയയെ എതിരില്ലാത്ത രണ്ട് ഗോളിനും വനുവറ്റുവിനെ എതിരില്ലാത്ത ഒരു ഗോളിനും ഇന്ത്യ തോൽപ്പിച്ചിരുന്നു. എന്നാൽ അവസാന ഗ്രൂപ്പ് മത്സരത്തിൽ ലെബനോനെതിരെ ഗോളടിക്കാനയില്ല. പക്ഷെ മൂന്നാം ജയം ലക്ഷ്യമിട്ട് ഇറങ്ങിയ നീലപ്പടയ്ക്ക് അവസരങ്ങൾ ഏറെ കിട്ടിയെങ്കിലും വലകുലുക്കാനായില്ല. കളിയുടെ തുടക്കത്തിൽ ഇരുടീമുകളുടെയും ഗോൾമുഖത്തേക്ക് പന്തെത്തിയിരുന്നില്ല. പന്ത് കൈവശം വയ്ക്കുന്നതിൽ ഇന്ത്യൻ ടീം അംഗങ്ങൾ മത്സരിച്ചു. പക്ഷേ ഗോളടിക്കാനായില്ല. ഗോളെന്ന് ഉറച്ച മൂന്ന് അവസരങ്ങൾ ഇന്ത്യൻ താരങ്ങൾ പാഴാക്കി. ആഷിഖ് കുരുണിയനും അനിരുദ്ധ് ഥാപ്പയും ഇന്ത്യക്കായി ഗോൾ കണ്ടെത്തുമെന്ന ഉറപ്പിച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും അതൊന്നും ഫലം കണ്ടില്ല. അതേസമയം ലെബനോന് കാര്യമായ മുന്നേറ്റം സൃഷ്ടിക്കാനായില്ല. ഇരു ടീമിനും ഓരോ ഓൺ ടാർഗറ്റ് ഷോട്ടുകൾ മാത്രമേ സ്വന്തമാക്കാനായുള്ളൂ.

ഗോൾബാറിന് കീഴെ അമരീന്ദർ സിംഗ് ഇടംപിടിച്ചപ്പോൾ നിഖിൽ പൂജാരി, സന്ദേശ് ജിംഗാൻ, അൻവർ അലി, ആകാശ് മിശ്ര, അനിരുദ്ധ് ഥാപ്പ, ജീക്സൺ സിംഗ്, ഉദാന്ത സിംഗ്, സഹൽ അബ്ദുൽ സിംഗ്, ലാലിയൻസ്വാല ചാങ്തെ, ആഷിഖ് കുരുണിയൻ എന്നിവരായിരുന്നു ഇന്ത്യയുടെ സ്റ്റാർട്ടിംഗ് ഇലവനിലുണ്ടായിരുന്നത്.

വാനുവാട്ടുവിനെതിരെ സുനിൽ ഛേത്രി നേടിയ തകർപ്പൻ ഗോളോടെ ഇന്ത്യ ടൂർണമെന്റിന്റെ ഫൈനലിൽ ഇടം നേടിയിരുന്നു.

സാധ്യത ഇലവൻ

ഇന്ത്യ: അമരീന്ദർ സിംഗ്, നിഖിൽ പൂജാരി, സന്ദേശ് ജിംഗാൻ, അൻവർ അലി, സുഭാഷിഷ് ബോസ്, ജിക്‌സൺ സിംഗ്, അനിരുദ്ധ് ഥാപ്പ, സഹൽ അബ്ദുസമസ്, ചാങ്‌തെ, സുനിൽ ഛേത്രി (ക്യാപ്റ്റൻ), മഹേഷ് നാരേം സിംഗ്.

ലെബനോൻ: അലി സബേഹ് (ഗോൾകീപ്പർ, ഹുസൈൻ അൽ സെയ്ൻ, വലീദ് ഷൗർ, ജെഹാദ് അയ്യൂബ്, മുഹമ്മദ് അൽ ഹയേക്, അലി ത്‌നിച്ച്, നദാർ മതാർ, സെയ്ൻ ഫാറൻ, സൂനി സാദ്, ഹാസ്സൻ മതൗക് (ക്യാപ്റ്റൻ), കരീം ദർവീഷേ.

സ്റ്റാർ സ്പോർട്സ് 2, ജിയോ ടിവി, ഹോട്സ്റ്റാർ എന്നിവയിൽ മത്സരം തത്സമയം കാണാൻ കഴിയും.

Intercontinental Finals Today; Will India beat Lebanon?

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News