സൂപ്പർ സബാകാൻ ഇഷാൻ പണ്ഡിത ബ്ലാസ്‌റ്റേഴ്‌സിലേക്ക്; ടീമുമായി ധാരണയിലെത്തി
ഈസ്റ്റ് ബംഗാളും പണ്ഡിതയെ നോട്ടമിട്ടിരുന്നു
ഐഎസ്എല്ലിൽ പലപ്പോഴും സൂപ്പർ സബ്ബായെത്തി ഗോളടിച്ച ഇഷാൻ പണ്ഡിത കേരളാ ബ്ലാസ്‌റ്റേഴ്‌സിലേക്ക്. ടീമുമായി താരം ധാരണയിലെത്തിയതായി ഐഎഫ്ടിഡബ്ല്യൂസി മീഡിയ റിപ്പോർട്ട് ചെയ്തു.1.8 കോടി മാർക്കറ്റ് വാല്യൂയുള്ള താരവുമായി ടീം പേപ്പർ വർക്കുകൾ പൂർത്തിയാക്കേണ്ടതുണ്ട്. സെൻട്രൽ ഫോർവേഡായാണ് 25കാരനായ ഇന്ത്യൻ താരം കളിക്കാറുള്ളത്. നിലവിൽ ജംഷഡ്പൂർ എഫ്‌സിയിലാണ് താരമുള്ളത്. ഈസ്റ്റ് ബംഗാളും പണ്ഡിതയെ നോട്ടമിട്ടിരുന്നു. ചെന്നൈയിൻ എഫ്‌സിയും താരത്തിനായി രംഗത്ത് വന്നെങ്കിലും പിന്നീട് പിൻവാങ്ങി.
ദക്ഷിണേന്ത്യൻ ക്ലബടക്കം പണ്ഡിതക്കായി രംഗത്തുണ്ടെന്ന് മുമ്പ് മാർകസ് മെർഗുലാഹോ ട്വീറ്റ് ചെയ്തിരുന്നു. ന്യൂഡൽഹിക്കാരനായ താരം ഐഎസ്എല്ലിൽ എഫ്‌സി ഗോവക്കായും കളിച്ചിട്ടുണ്ട്. ഇന്ത്യൻ ദേശീയ ടീമിൽ സ്‌ട്രൈക്കറായി ഇടംപിടിച്ചിട്ടുണ്ട്.
സ്പാനിഷ് സെൻറർ ബാക്കായ യുവാൻ ഇബിസയുമായും ബ്ലാസ്‌റ്റേഴസ് ചർച്ചകൾ നടത്തിയതായി റിപ്പോർട്ടുണ്ട്. എഫ്സി ഗോവയുടെ പ്രതിഭാധനനായ ഡിഫൻഡർ ഐബാൻ ദോഹ്ലിങ്ങിനെ ട്രാൻസ്ഫർ ഫീ നൽകി കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയതായും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു ട്രാൻസ്ഫർ വിവരം ക്ലബ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ട്രാൻസ്ഫർ ഫീയെ ചൊല്ലി ഇരു ക്ലബ്ബുകളും നേരത്തെ നിരവധി കൂടിയാലോചനകൾ നടത്തിയിരുന്നു.
ഐബനുമായി എഫ്.സി ഗോവ ഈയിടെ ബഹുവർഷ കരാരിൽ ഒപ്പുവച്ചിരുന്നു. 2018-19ൽ ഐ ലീഗിലെ ഷില്ലോങ് ലിജോങ്ങിനു വേണ്ടി നടത്തിയ മികച്ച പ്രകടനത്തിന് പിന്നാലെയാണ് ഐബൻ ഗോവയിലെത്തിയത്. മൂന്നു സീസണുകളിലായി ക്ലബിനു വേണ്ടി 30 മത്സരങ്ങളിൽ ബൂട്ടുകെട്ടിയിട്ടുണ്ട്. പ്രതിരോധത്തിൽ ഏതു പൊസിഷനിലും കളിക്കാൻ ശേഷിയുള്ള താരമാണ് ഐബൻ. ഇടതു ബാക്കാണ് ഇഷ്ടപൊസിഷൻ.
ഐബന്റെ വരവോടെ കേരള ടീമിന്റെ പ്രതിരോധം ഒന്നുകൂടി ശക്തിപ്പെടും. ഇത്തവണ വമ്പൻ അഴിച്ചുപണിയാണ് പിൻനിരയിൽ ബ്ലാസ്റ്റേഴ്സ് നടത്തിയിട്ടുള്ളത്. മോഹൻ ബഗാൻ ക്യാപ്റ്റൻ പ്രീതം കോട്ടാൽ, ബംഗളൂരു എഫ്സി താരം പ്രബീർ ദാസ് എന്നിവരാണ് നേരത്തെ ബ്ലാസ്റ്റേഴ്സിലെത്തിയ പ്രതിരോധ താരങ്ങൾ. വായ്പാ അടിസ്ഥാനത്തിൽ മുംബൈ സിറ്റി എഫ്സിയിൽനിന്ന് യുവ ഡിഫൻഡർ നവോച്ച സിങ്ങിനെയും എത്തിച്ചു. കഴിഞ്ഞ സീസണിൽ പ്രതിരോധം കാത്ത വിദേശതാരം മാർകോ ലസ്‌കോവിച്ച്, ഹോർമിപാം റുയ്വ, സന്ദീപ് സിങ്, ബിജോയ് വർഗീസ് എന്നിവർ ഈ സീസണിലും തുടരും.
ക്ലബ്ബിന്റെ പോസ്റ്റർ ബോയ് സഹൽ അബ്ദുൽ സമദിനെ വമ്പൻ തുകയ്ക്ക് കൈമാറിയാണ് കോട്ടാലിനെ ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ചത്. 2026 വരെയാണ് കരാർ. ബഗാൻ ഉൾപ്പെടെ വിവിധ ക്ലബുകൾക്കായി 143 ഐഎസ്എൽ മത്സരങ്ങളുടെ അനുഭവസമ്പത്തുള്ള താരമാണ് കോട്ടാൽ. ഫ്രീ ട്രാൻസ്ഫറിൽ ബംഗളൂരുവിൽ നിന്നെത്തിയ പ്രബീർ ദാസും പ്രതിരോധത്തിലെ വിശ്വസ്തനാണ്. ക്ലബ്ബുമായി മൂന്നു വർഷത്തെ കരാറാണ് പ്രബീറിനുള്ളത്.
നേരത്തെ, പ്രധാന ഡിഫൻഡർമാരായ ഹർമൻജോത് ഖബ്ര, ക്യാപ്റ്റൻ ജസൽ കാർണൈറോ, വിദേശ താരം വിക്ടർ മോംഗിൽ എന്നിവരെ ബ്ലാസ്റ്റേഴ്സ് റിലീസ് ചെയ്തിരുന്നു. നിഷു കുമാറിനെ വായ്പാ അടിസ്ഥാനത്തിൽ ഈസ്റ്റ് ബംഗാളിനും കൈമാറി.
Ishan Pandita to Kerala Blasters