ഐ.എസ്.എൽ: എസ്.സി ഈസ്റ്റ് ബംഗാളിനും ജംഷഡ്പൂർ എഫ്.സിക്കും 1-1 സമനില
പകരക്കാരനായി ഇറങ്ങി പലപ്പോഴും ഗോൾ നേടിയ പണ്ഡിതയെ രണ്ടംപകുതിയിൽ ഇറക്കിയെങ്കിലും ജംഷഡ്പൂരിന് റിസൽട്ടിൽ മാറ്റമുണ്ടാക്കാനായില്ല
തിലക് മൈതാനിയിൽ നടന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ മൂന്നാം മത്സരത്തിൽ എസ്‌സി ഈസ്റ്റ് ബംഗാളിനും ജംഷഡ്പൂർ എഫ്‌സിക്കും സമനില. 17ാം മിനുട്ടിൽ ആന്റോണിയോ പ്രെസോവികെടുത്ത കോർണറിൽനിന്ന് ഫ്രാഞ്ചോ പ്രെസെ എസ്‌സി ഈസ്റ്റ് ബംഗാളിന് ആദ്യം ലീഡ് നേടിക്കൊടുത്തു. ജംഷഡ്പൂർ താരത്തിന്റെ ദേഹത്ത് തട്ടിയാണ് പന്ത് വലയിൽ കയറിയതെങ്കിലും അക്രോബാറ്റിക് ബൈസികിൾ കിക്കിലൂടെ പന്ത് വലയിലെത്തിച്ച ക്രൊയേഷ്യൻ ഡിഫൻഡർ പ്രെസെയുടെ പേരിലാണ് ഗോൾ രേഖപ്പെടുത്തിയത്.
എന്നാൽ 48ാം മിനുട്ടിൽ അലക്‌സ് ലീമയെടുത്ത കോർണറിൽനിന്ന് ജംഷഡ്പൂരിനായി നായകൻ പീറ്റർ ഹാർഡ്‌ലി ഗോൾ കണ്ടെത്തുകയായിരുന്നു. നെർജ്യൂസ് വാൽസ്‌കിസിന്റെ അസിസ്റ്റിലായിരുന്നു ഗോൾ. രണ്ടാം പകുതി രണ്ടു മാറ്റങ്ങളോടെയാണ് ജംഷഡ്പൂർ ഇറങ്ങിയത്. എഫ്.സി ഗോവക്കായി കളിച്ചിരുന്ന ഇഷാൻ പണ്ഡിതയും കോമൾ തട്ടാലും ഇറങ്ങി. എസ്.സി ഈസ്റ്റ് ബംഗാൾ മാറ്റമില്ലാതെയാണ് ഇറങ്ങിയത്. പകരക്കാരനായി ഇറങ്ങി പലപ്പോഴും ഗോൾ നേടിയ പണ്ഡിതയെ ഇറക്കിയെങ്കിലും ജംഷഡ്പൂരിന് റിസൽട്ടിൽ മാറ്റമുണ്ടാക്കാനായില്ല.