ഇന്നും ജയിക്കണം: ബ്ലാസ്റ്റേഴ്‌സ് മുറ്റത്ത് എഫ്.സി ഗോവ
വൈകിട്ട് ഏഴരയ്ക്ക് കൊച്ചി ജവഹർലാൽ നെഹ്‍റു സ്റ്റേഡിയത്തിലാണ് മത്സരം
കൊച്ചി: ഐ.എസ്.എല്ലില്‍ ഇന്ന് കേരളബ്ലാസ്റ്റേഴ്സ് - എഫ്.സി ഗോവ പോരാട്ടം. വൈകിട്ട് ഏഴരയ്ക്ക് കൊച്ചി ജവഹർലാൽ നെഹ്‍റു സ്റ്റേഡിയത്തിലാണ് മത്സരം.
ജയിച്ചുതുടങ്ങിയ ബ്ലാസ്റ്റേഴ്സ് തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ തോറ്റിരുന്നു. എന്നാൽ കഴിഞ്ഞ കളിയിൽ നോർത്ത് ഈസ്റ്റിനെ തോൽപ്പിച്ച് വിജയവഴിയിൽ എത്തി. ഇരട്ടഗോൾ നേടിയ സഹലിൽ തന്നെയാകും ബ്ലാസ്റ്റേഴ്സ് പ്രതീക്ഷവെയ്ക്കുക. സ്ട്രൈക്കർ ദിമിത്രോസ് ഡയമന്റകോസിന്റെ ബൂട്ടുകൾ ലക്ഷ്യം കണ്ടതും ആശ്വാസമാണ്. തുടക്കത്തിലെ പിഴവുകൾ മാറ്റി ടീമംഗങ്ങള്‍ മികച്ച ഒത്തിണക്കം കാട്ടുന്നുവെന്ന് മധ്യനിരതാരം നിഷുകുമാർ പറഞ്ഞു.
നാലിൽ മൂന്ന് കളിയും ജയിച്ച ഗോവൻ നിര ശക്തമാണ്. ബ്ലാസ്റ്റേഴ്സ് മുന്നേറ്റത്തിന്റെ കുന്തമുനയായിരുന്ന അവാരോ വാസ്ക്വസ് കൊച്ചിയിൽ എതിർ ജേഴ്സിയിൽ കളിക്കും. പോയിന്റ് പട്ടികയിൽ ഗോവ മൂന്നാമതും ബ്ലാസ്റ്റേഴ്സ് ഏഴാമതുമാണ്.
അതേസമയം ജംഷദ്പൂർ എഫ് സിയെ 3-0 ന് തകർത്തതിന് ശേഷമാണ് ഗോവ മഞ്ഞപ്പടക്കെതിരായ പോരാട്ടത്തിനിറങ്ങുന്നത്. കഴിഞ്ഞ സീസണിലെ പ്രകടനങ്ങൾ ആവർത്തിക്കുന്നതിൽ ഇക്കുറി പരാജയമാകുന്ന ബ്ലാസ്റ്റേഴ്സിന് ഗോവക്കെതിരായ മത്സരം കടുകട്ടിയാകും. 5 മത്സരങ്ങൾ കളിച്ചു കഴിഞ്ഞപ്പോൾ 6 പോയിന്റുമായി ടേബിളിൽ ഏഴാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ്. ഉജ്ജ്വല ഫോമിൽ ഈ സീസണിൽ കളിക്കുന്ന എഫ് സി ഗോവയാകട്ടെ 4 കളികളിൽ മൂന്ന് വിജയങ്ങളടക്കം നേടിയ 9 പോയിന്റോടെ പട്ടികയിൽ നാലാം സ്ഥാനത്തുണ്ട്.