'പയ്യന്മാർ നാളെ പൊളിച്ചടുക്കുമെന്ന് കരുതുന്നു'; ചെന്നൈയിനെതിരെയുള്ള മത്സരത്തിന് മുമ്പ് മനസ് തുറന്ന് വുകുമനോവിച്
അതിനിടെ, ഇന്ത്യൻ ക്രിക്കറ്റർ സഞ്ജു സാംസൺ കേരള ബ്ലാസ്‌റ്റേഴ്‌സ് ബ്രാൻഡ് അംബാസിഡറായി
കൊച്ചി: നാളെ ചെന്നൈക്കെതിരായ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച വെക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി കേരളാ ബ്ലാസ്റ്റേഴ്‌സ് മുഖ്യപരിശീലകൻ ഇവാൻ വുകമനോവിച്ച്. എല്ലാ ടീമുകളും മികച്ച രീതിയിൽ കളിക്കുന്നുണ്ടെന്നും ഒരോ മത്സരവും പ്രവചനാതീതമാണെന്നും കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി. സ്വന്തം തട്ടകമായ കൊച്ചി ജവഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്‌റ്റേഡിയത്തിൽ വെച്ചാണ് ചെന്നൈയിൻ എഫ്.സിയെ മഞ്ഞപ്പട നേരിടുന്നത്.
ഇനിയുള്ള എല്ലാ മത്സരങ്ങളും വിജയിച്ച് പ്ലേ ഓഫ് ഉറപ്പിക്കുകയാണ് ലക്ഷ്യമെന്നും നാളെ നമ്മുടെ താരങ്ങൾ നല്ല പ്രകടനം നടത്തുമെന്നും നല്ല റിസൽട്ട് കൊണ്ടുവരുമെന്നും ഇവാൻ പറഞ്ഞു. ക്ലബിന്റെ താരമായ ബ്രൈസിക്കൊപ്പമാണ് കോച്ച് മാധ്യമങ്ങളെ കണ്ടത്.
ചെന്നൈയിനുമായുള്ള മത്സരത്തെ ദക്ഷിണേന്ത്യൻ ഡെർബിയെന്ന് വിളിക്കുന്നതിനെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. 'ഈ മത്സരം ദക്ഷിണേന്ത്യൻ ഡെർബിയാണെന്ന് എല്ലാവരും പറയുന്നു. തീർച്ചയായും, അത്തരം മത്സരങ്ങൾക്കായി നാം ഒരുങ്ങണം. കോച്ചെന്ന നിലയിലും കളിക്കാരെന്ന നിലയിലും. ഇത്തരം മത്സരങ്ങൾ നമ്മെ മികച്ചതാക്കുന്നതിനാൽ ഇവ കളിക്കുന്നത് ഞാൻ എപ്പോഴും ഇഷ്ടപ്പെടുന്നു. കളിക്കാരെന്ന നിലയിലും വ്യക്തിയെന്ന നിലയിലും ഇവ നിങ്ങളെ മികച്ചവരാക്കുന്നു' ഇവാൻ അഭിപ്രായപ്പെട്ടു.
'നമ്മളെല്ലാവരും ഒരേ ഹോട്ടലിലാണ് താമസിക്കുന്നത്. കഴിഞ്ഞ രാത്രി നമ്മുടെ ക്ലബിലെ താരങ്ങളും ചെന്നൈയിൻ താരങ്ങളും ഒന്നിച്ചിരുന്നാണ് ഭക്ഷണം കഴിച്ചത്. ടെക്‌നിക്കൽ സ്റ്റാഫിനൊപ്പം നാം ഒന്നിച്ചാണിരുന്നത്' ഡെർബി പരാമർശത്തിൽ അദ്ദേഹം പ്രതികരിച്ചു.
ഐ.എസ്.എല്ലിൽ ഈസ്റ്റ് ബംഗാളിനെതിരെ നടന്ന കഴിഞ്ഞ മത്സരത്തിൽ തോറ്റെങ്കിലും പട്ടികയിൽ മൂന്നാം സ്ഥാനത്ത് കേരളാ ബ്ലാസ്റ്റേഴ്‌സുണ്ട്. 43 പോയിന്റുമായി മുംബൈ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 36 പോയിന്റുമായി ഹൈദരാബാദ് രണ്ടാം സ്ഥാനത്താണ്. 16 മത്സരങ്ങളിൽനിന്ന് ഒൻപത് ജയവും ഒരു സമനിലയും ആറ് തോൽവിയുമായി 28 പോയിന്റാണ് മഞ്ഞപ്പടയ്ക്കുള്ളത്. 15 മത്സരങ്ങളിൽനിന്ന് 27 പോയിന്റുമായി എ.ടി.കെ മോഹൻ ബഗാനും 16 മത്സരങ്ങളിൽനിന്ന് 26 പോയിന്റുമായി ഗോവയും തൊട്ടുപിന്നിലുണ്ട്. മാർച്ച് 18നാണ് ഐ.എസ്.എൽ ഫൈനൽ. മത്സരവേദി പുറത്തുവിട്ടിട്ടില്ല.
മാർച്ച് ഏഴിന് ആദ്യ പാദ സെമി ഫൈനൽ നടക്കും. 12നാണ് രണ്ടാം പാദ സെമി. മാർച്ച് മൂന്നിന് പ്ലേഓഫ് മത്സരങ്ങൾക്കു തുടക്കമാകും. ലീഗ് ഘട്ടത്തിൽ ആദ്യ രണ്ടു സ്ഥാനങ്ങളിലുള്ള ടീം നേരിട്ട് സെമി ഫൈനൽ യോഗ്യത നേടും. മൂന്നുമുതൽ ആറുവരെ സ്ഥാനങ്ങളിലുള്ള ടീമുകൾ പ്ലേഓഫിൽ ഏറ്റുമുട്ടും. ഇതിൽ മുന്നിലുള്ള രണ്ടു ടീമുകളാകും സെമിയിലെ മറ്റ് ടീമുകൾ.
കേരള ബ്ലാസ്റ്റേഴ്‌സ്(28 പോയിന്റ്), എ.ടി.കെ മോഹൻ ബഗാൻ (27), എഫ്.സി ഗോവ(26), ഒഡിഷ എഫ്.സി (23), ബംഗളൂരു എഫ്.സി (22), ചെന്നൈയിൻ എഫ്.സി (18) എന്നീ ടീമുകളാണ് അടുത്ത റൗണ്ടിലെത്താൻ മത്സരിക്കുന്നത്.
അതിനിടെ, ഇന്ത്യൻ ക്രിക്കറ്റർ സഞ്ജു സാംസൺ കേരള ബ്ലാസ്‌റ്റേഴ്‌സ് ബ്രാൻഡ് അംബാസിഡറായി. സമൂഹമാധ്യമങ്ങളിലെ ഔദ്യോഗിക അക്കൗണ്ടികളിലൂടെ ബ്ലാസ്‌റ്റേഴ്‌സാണ് ഇക്കാര്യം അറിയിച്ചത്. 'ബ്ലാസ്‌റ്റേഴ്‌സ് കുടുംബത്തിലേക്ക് സ്വാഗതം സഞ്ജു' എന്ന കുറിപ്പോടെ സഞ്ജു മഞ്ഞ ജേഴ്‌സിയണിഞ്ഞ് നിൽക്കുന്ന ഫോട്ടോയും ക്ലബ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തു.
'മഞ്ഞപ്പട, നമ്മുടെ ബ്രാൻഡ് അംബാസിഡറായെത്തുന്ന സഞ്ജു സാംസന് ഹാർദമായി സ്വാഗതമോതാം' ഇംഗ്ലീഷിലുള്ള കുറിപ്പിൽ പറഞ്ഞു.
ഇന്ത്യൻ ക്രിക്കറ്റിൽ ഏറെ ആരാധകരുള്ള സഞ്ജു സാംസൺ വിക്കറ്റ് കീപ്പർ ബാറ്ററാണ്. നിലവിൽ പരിക്ക് മൂലം ടീമിന് പുറത്താണ്. ഐ.പി.എല്ലിൽ സഞ്ജു നയിക്കുന്ന രാജസ്ഥാൻ റോയൽസിനും നിരവധി ആരാധകരുണ്ട്.
Kerala Blasters head coach Ivan Vukamanovic said that he can put up a good performance in tomorrow's match against Chennaiyin FC