ബ്ലാസ്‌റ്റേഴ്‌സിലെ അവിസ്മരണീയ നിമിഷങ്ങൾ ഓർത്തെടുത്ത് പരിശീലകനും താരങ്ങളും
ഒരുപാട് മനോഹര മുഹൂർത്തങ്ങളാണ് പോയവർഷം സമ്മാനിച്ചതെന്ന് വുക്കനോവിച് പറയുന്നു.
കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സിന് പ്രതീക്ഷയേകിയ വർഷമായിരുന്നു 2023. ഇന്ത്യൻ സൂപ്പർലീഗ് 2022-23 സീസണിൽ പ്ലേ ഓഫ് പ്രവേശനമായിരുന്നു ഏപ്രിൽ വരെയുള്ള മികച്ച നേട്ടം. ഇവാൻ വുകോമാനോവിച്ചിന്റെ കീഴിൽ ഏതു ടീമിനേയും കീഴടക്കാൻ കെൽപുള്ള സംഘമായി മഞ്ഞപ്പട മാറുകയും ചെയ്തു. ഒടുവിൽ വർഷാവസാനം ആ യാത്ര എത്തിനിൽക്കുന്നത് പോയന്റ് ടേബിളിൽ തലപ്പത്താണ്.
കഴിഞ്ഞ വർഷത്തെ മനോഹര നിമിഷമേതാണെന്ന് ചോദിക്കുമ്പോൾ ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകോമാനോവിച്ച് കൺഫ്യൂഷനിലാണ്. 'അത്തരമൊരു കാര്യം തിരഞ്ഞെടുക്കാൻ വളരെ ബുദ്ധിമുട്ടാണ്. ഹോം ഗ്രൗണ്ടിലെ ചില വിജയ വിജയങ്ങൾ, ഒഡീഷ എഫ്സിക്കെതിരെ സന്ദീപ് സിങ് അവസാനനിമിഷംനേടിയ ഗോൾ, ഒഡീഷ എഫ്സിക്കെതിരെ ഹോം ഗ്രൗണ്ടിൽ നേടിയതും ബെംഗളൂരു എഫ്സിക്കെതിരെ നേടിയ വിജയവുമെല്ലാം ഇന്നും മനസിലുണ്ട്. മുംബൈ സിറ്റി എഫ്സിക്കെതിരെയുള്ള കഴിഞ്ഞ മത്സരം, സസ്‌പെൻഷനിൽ നിന്ന് താൻ തിരിച്ചെത്തിയ മത്സരം- ഇത്തരം ഒരുപാട് മനോഹര മുഹൂർത്തങ്ങളാണ് പോയ വർഷം സമ്മാനിച്ചതെന്ന് വുക്കനോവിച് പറയുന്നു.
ഘാന ഫോർവേഡ് ക്വാമെ പെപ്രക്ക് മുംബൈ സിറ്റി എഫ്സിക്കെതിരെ ഗോളും അസിസ്റ്റും നേടിയ മത്സരമാണ് പ്രിയപ്പെട്ടത്. വിജയാഹ്ലാദത്തിൽ ഡാൻസ് ചെയ്തതാണ് സന്തോഷകരമായ നിമിഷം. ഗ്രീക്ക് സ്ട്രൈക്കർ ഡിമിട്രിയോസ് ഡയമന്റകോസ് 2023-ൽ അച്ഛനായ സന്തോഷത്തിലാണ്. തന്റെ കരിയറിലെ നേട്ടങ്ങൾക്കും മുകളിലായി അദ്ദേഹം വിലകൊടുക്കുന്നതും അതിനാണ്. മോഹൻ ബഗാനെതിരെ അവരുടെ മണ്ണിൽ നേടിയ വിജയവും ദിമിയുടെ ഫേവറേറ്റ് ലിറ്റിലുണ്ട്. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിക്കെതിരെ സമനില നേടിയ ഗോൾ ഒരിക്കലും മറക്കാനാവാത്ത നിമിഷമാണെന്ന് മിഡ്ഫീൽഡർ ഡാനിഷ് ഫാറൂഖ് ഓർമിച്ചു. വിങ് ബാക്ക് പ്രബീർദാസ് ബ്ലാസ്റ്റേഴ്സിനായുള്ള തന്റെ ആദ്യ മത്സരമായിരുന്നു 2023 ലെ മികച്ച നിമിഷമെന്ന് വിശ്വസിക്കുന്നു.