ജയിച്ചു വാടാ മക്കളേ... കേരളത്തിന് ആശംസയുമായി ജോസേട്ടൻ
2015,2016 ഐഎസ്എൽ സീസണുകളിലായിരുന്നു ജോസു ബ്ലാസ്‌റ്റേഴ്‌സിനായി ബൂട്ടണിഞ്ഞത്. ടീമിനായി ഒരു ഗോളും നേടിയിട്ടുണ്ട്
മഞ്ചേരി: സന്തോഷ് ട്രോഫി ഫൈനലിൽ കേരളം വെസ്റ്റ് ബംഗാളിനെ നേരിടുമ്പോൾ മൈതാനത്ത് തീപാറുമെന്ന് ഉറപ്പാണ്. ഇരുടീമുകളും ശക്തരായതിനാൽ കിരീടത്തിൽ ആര് മുത്തമിടുമെന്ന് പ്രവചിക്കുക പ്രവചനാതീതമാണ്. ടൂർണമെന്റിൽ ഇതുവരെ തോൽക്കാതെയാണ് കേരളം ഫൈനലിലെത്തിയതെങ്കിൽ ഗ്രൂപ്പ് ഘട്ടത്തിൽ ബംഗാൾ കേരളത്തോട് തോറ്റിരുന്നു.ഇത് കേരളത്തിന് മുൻതൂക്കം നൽകുന്നുണ്ട്.
കേരളത്തിന് വിജയാശംസകൾ നേർന്ന് നിരവധി പേരാണ് എത്തിയിരിക്കുന്നത്. മുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരമായ ജോസു കുര്യാസും കേരള ടീമിന് ആശംസയർപ്പിച്ച് രംഗത്തെത്തി. 'സന്തോഷ് ട്രോഫി ഫൈനലിൽ കളിക്കുന്ന കേരള ടീമിന് എല്ലാവിധ ആശംസകളും, കേരളത്തെ ഒരുപാട് മിസ് ചെയ്യുന്നുണ്ട് പ്രത്യേകിച്ച് മഞ്ഞപ്പടയെ, ഇപ്പോഴും എന്നെ സ്‌നേഹിക്കുന്ന എല്ലാവർക്കും നന്ദി'. ജോസു കുര്യാസ് മീഡിയവണിനോട് പറഞ്ഞു. 2015,2016 ഐഎസ്എൽ സീസണുകളിലായിരുന്നു ജോസു ബ്ലാസ്‌റ്റേഴ്‌സിനായി ബൂട്ടണിഞ്ഞത്. ടീമിനായി ഒരു ഗോളും നേടിയിട്ടുണ്ട്.
അതേസമയം, രാത്രി എട്ടുമണിക്ക് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ ആണ് സന്തോഷ് ട്രോഫി മത്സരം. കിരീട നിശ്ചയത്തിന്റെ അവസാനദിനം. ഇതുവരെ കളിച്ച കളികളും പയറ്റിയ അടവുകളും മതിയാകാതെ വരുന്ന പോര്. 90 മിനിറ്റ് പോരാട്ടത്തിന് സ്‌കോർ ബോർഡിലെ അക്കങ്ങൾക്കപ്പുറം വിലയുള്ള മത്സരം. ഇതുവരെയുള്ള കണക്കിന് ഇനി സ്ഥാനമില്ല. ഇരു സംഘങ്ങളും തയ്യാറായി കഴിഞ്ഞു. സെമിയിൽ പിന്നിൽനിന്ന് പൊരുതി നേടിയ വൻ വിജയം കേരളത്തിന് ആത്മവിശ്വാസം നൽകുന്നു. മധ്യനിര പതിവുപോലെ സജ്ജമാണ്. മുന്നേറ്റ നിരയിൽ വിഘ്‌നേശിന് പകരം ജസിനെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തുമോ എന്ന് കണ്ടറിയണം.
ജസിനും അർജുൻ ജയരാജിനും നേരിയ പരിക്കുണ്ട്. പഴുതുകളടച്ച് പ്രതിരോധിച്ചാൽ കേരളത്തിന് മത്സരം എളുപ്പമാകും. കേരളത്തെ മലപ്പുറത്തിന്റെ മണ്ണിൽ മുട്ടുകുത്തിക്കാൻ ആണ് ബംഗാൾ ശ്രമിക്കുന്നത്. പരിചയസമ്പന്നരായ താരങ്ങളെ ആദ്യ ഇലവനിൽ തന്നെ ഉൾപ്പെടുത്തുമെന്ന് പരിശീലകൻ വ്യക്തമാക്കി കഴിഞ്ഞു. സ്‌ട്രൈക്കർമാരുടെ മിന്നും ഫോമും അവർക്ക് പ്രതീക്ഷ നൽകുന്നു. എന്നാൽ മുപ്പതിനായിരത്തിൽ അധികം കാണികളുടെ ആരവവും ആർപ്പുവിളിയും മറികടക്കുക എന്നത് ബംഗാളി കനത്ത വെല്ലുവിളിയാണ്.