മാഡ്രിഡ് ഡെര്‍ബിയില്‍ റയലിന് ജയം; ബാഴ്‍സലോണക്ക് സമനില
വിജയത്തോടെ 42 പോയിന്റുമായി റയൽ മാഡ്രിഡ് ലീഗിൽ ഒന്നാമത് നിൽക്കുകയാണ്
മാഡ്രിഡ് ഡെര്‍ബിയില്‍ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ ജയം. റയല്‍ മാഡ്രിഡിന്‍റെ ഹോം ഗ്രൌണ്ടില്‍ നടന്ന മത്സരത്തിൽ അത്ലറ്റിക്കോ മാഡ്രിഡിനെ എതിരില്ലാത്ത രണ്ടു ഗോളിനാണ് റയൽ മാഡ്രിഡ് പരാജയപ്പെടുത്തിയത്. മികച്ച ഫോം തുടരുന്ന വിനീഷ്യസ് ആണ് രണ്ട് അസിസ്റ്റുകളുമായി റയൽ മാഡ്രിഡിന് ജയം നൽകിയത്. മത്സരം ആരംഭിച്ച് 16ആം മിനുട്ടിൽ തന്നെ ബെന്‍സേമ റയലിന് ലീഡ് നല്‍കി. വിനീഷ്യസ് പെനാൾട്ടി ബോക്സിൽ നിന്ന് നൽകിയ പാസ് ഒരു ഗംഭീര വോളിയിലൂടെ ലക്ഷ്യത്തിൽ എത്തിച്ചു.58ആം മിനുട്ടിൽ റയൽ മാഡ്രിഡ് അവരുടെ രണ്ടാം ഗോൾ നേടി. ഈ ഗോളും ഒരുക്കിയത് വിനീഷ്യസ് ആയിരുന്നു. താരത്തിന്റെ അസിസ്റ്റിൽ നിന്ന് അസൻസിയോ തന്റെ ഇടം കാലൻ ഷോട്ടിലൂടെ പന്ത് വലയിൽ എത്തിച്ചു.
വിജയത്തോടെ 42 പോയിന്റുമായി റയൽ മാഡ്രിഡ് ലീഗിൽ ഒന്നാമത് നിൽക്കുകയാണ്. രണ്ടാമതുള്ള സെവിയ്യയെക്കാൾ 8 പോയിന്റിന്റെ ലീഡ് റയലിനുണ്ട്. 29 പോയിന്റുമായി അത്ലറ്റിക്കോ മാഡ്രിഡ് നാലാമതും നിൽക്കുന്നു. ബാഴ്സലോണ ഇപ്പോൾ ലീഗിൽ എട്ടാം സ്ഥാനത്താണ്. ഒസാസുനക്ക് എതിരായ മത്സരത്തിൽ ബാഴ്‍സലോണ സമനില വഴങ്ങിയിരുന്നു.