പെരേര ഡയസും മെഹ്താബും ഗോളടിച്ചു; മുംബൈക്കെതിരെ ബ്ലാസ്‌റ്റേഴ്‌സ് രണ്ടുഗോളിന് പിന്നിൽ

ഐ.എസ്.എല്ലിലെ നാലാം മത്സരത്തിനാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങിയിരിക്കുന്നത്

Update: 2022-10-28 16:26 GMT
Advertising

കൊച്ചി: ഐഎസ്എല്ലിൽ മുംബൈ എഫ്‌സിക്കെതിരെ കൊച്ചി കലൂർ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിന്റെ ആദ്യ പകുതിയിൽ കേരളാ ബ്ലാസ്‌റ്റേഴ്‌സ് രണ്ടുഗോളിന് പിറകിൽ. 21ാം മിനുട്ടിൽ മെഹ്താബ് സിംഗാണ് ആദ്യം മുംബൈക്കായി ലക്ഷ്യം കണ്ടത്. 31ാം മിനുട്ടിൽ സ്‌ട്രൈക്കർ പെരേര ഡയസ് മുൻ ടീമിന്റെ മുറിവിനാഴം കൂട്ടി മുംബൈയുടെ ലീഡുയർത്തി. 52 ശതമാനം പന്തടക്കവുമായി മുംബൈയാണ് കളി നിയന്ത്രിക്കുന്നത്.

അഹമ്മദ് ജാഹുവെടുത്ത കോർണറിൽ നിന്നാണ് മെഹ്താബ് ആദ്യ ഗോൾ കണ്ടെത്തിയത്. ഗ്രേഗ് നൽകിയ പാസ് ബോക്‌സിന്റെ മധ്യത്തിൽ വെച്ച് വെച്ച് സ്വീകരിച്ച ഡയസ് ഗില്ലിനെ മറികടന്നാണ് ടീമിന്റെ രണ്ടാം ഗോൾ നേടിയത്. ഇന്നത്തെ മത്സരത്തിൽ വിജയിച്ചാൽ മുംബൈ പോയൻറ് പട്ടികയിൽ രണ്ടാമതെത്തും. ഒമ്പതാം സ്ഥാനത്താണ് കേരളാ ബ്ലാസ്‌റ്റേഴ്‌സുള്ളത്.

ഒഡീഷക്കെതിരെയിറങ്ങിയ ടീമിൽ നിന്ന് ഹോർമിപാമിനെയും ഇവാനെയും മാറ്റിയാണ് വുകുമാനോവിച് പടയൊരുക്കിയിരിക്കുന്നത്. പകരം സ്പാനിഷ് ഡിഫൻഡറും മുൻ ഒഡീഷ താരവുമായ വിക്ടർ മോംഗിലും മലയാളി താരം കെ.പി രാഹുലുമാണ് ആദ്യ ഇലവനിലിറങ്ങുക. ഗിൽ, ഖബ്ര, ലെസ്‌കോവിച്, ജെസൽ, പ്യൂട്ടിയ, ജിക്‌സൺ, ലൂന, സഹൽ, ഡയമണ്ടിക്കോസ് എന്നിവരാണ് മറ്റു താരങ്ങൾ. കരൺജിത്ത്, നിഷു, നിഹാൽ, ഹോർമിപാം, സൗരവ്, ബ്രൈസി, സന്ദീപ്, ഇവാൻ, ബിധ്യ എന്നിവരാണ് സബ് താരങ്ങൾ.

ഐ.എസ്.എല്ലിലെ നാലാം മത്സരത്തിനാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങിയിരിക്കുന്നത്. ഈസ്റ്റ് ബംഗാളിനെ തകർത്ത് ഗംഭീരമായി തുടങ്ങിയ ബ്ലാസ്റ്റേഴ്‌സിന് പിന്നീട് തൊട്ടതെല്ലാം പിഴച്ചു. മോഹൻ ബഗാനോട് 5-2ന് ഒഡീഷയോട് 2-1ന്. തുടർ തോൽവികൾ. കൊച്ചിയിലെ ഗാലറിക്ക് മുന്നിൽ ശക്തമായി തിരിച്ചുവരേണ്ടതുണ്ട് ബ്ലാസ്റ്റേഴ്‌സിന്...

മറുവശത്ത് തോൽവി അറിയാതെയാണ് മുംബൈ എത്തിയിരിക്കുന്നത്. ഒഡീഷയെ തോൽപ്പിച്ചു. ഹൈദരാബാദിനോടും ജംഷഡ്പൂരിനോടും സമനില.

Kerala Blasters announced the starting XI for the ISL match against Mumbai FC at Kochi Kalur Stadium today.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News