കേരള ബ്ലാസ്റ്റേഴ്സ് എഫ്സി 2022-23 ഹീറോ ഐഎസ്എലിനുള്ള ടീമിനെ പ്രഖ്യാപിച്ചു; കര്‍നെയ്‌റോ ക്യാപ്റ്റന്‍

ടീമിൽ ഏഴ് മലയാളി താരങ്ങൾ

Update: 2022-10-05 15:11 GMT
Editor : afsal137 | By : Web Desk
Advertising

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് എഫ്സി, ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് 2022-23 സീസണിനുള്ള ഔദ്യോഗിക ടീമിനെ പ്രഖ്യാപിച്ചു. 2022 ഒക്ടോബർ 7ന് കൊച്ചി ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഈസ്റ്റ് ബംഗാൾ എഫ്സിക്കെതിരെ നടക്കുന്ന ഉദ്ഘാടന മത്സരത്തിനായി തയാറെടുക്കുകയാണ് ഇവാൻ വുകോമനോവിച്ചിന്റെ നേതൃത്വത്തിലുള്ള ടീം. ജെസെൽ കർനെയ്റോ ആണ് ക്യാപ്റ്റൻ.

2022-23ലെ ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിനായുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ സമ്മർ ട്രാൻസ്ഫർ കാലയളവ് ഏറെ തിരക്കേറിയതായിരുന്നു. നിരവധി താരങ്ങളുമായുള്ള കരാർ ദീർഘകാലത്തേക്ക് നീട്ടിയത്, ടീമിന്റെ പ്രധാന താരനിരയെ കോട്ടമില്ലാതെ നിലനിർത്താൻ ക്ലബ്ബിനെ സഹായിക്കും. കഴിഞ്ഞ സീസണിൽ കളിച്ച 16 താരങ്ങൾ വീണ്ടും ടീം പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. മുഖ്യപരിശീലകനായ ഇവാൻ വുകോമാനോവിച്ചിന്റെ കീഴിൽ ഈ സീസണിൽ കൂടുതൽ ആവേശത്തോടെയാണ് ക്ലബ്ബ് ഇറങ്ങുന്നതും. ടീമിനെ പിന്തുണയ്ക്കാനായി ആരാധകർ വീണ്ടും ഗ്യാലറിയിലേക്ക് എത്തുന്നതോടെ, ഐ.എസ്.എൽ പ്രീസീസൺ മത്സരങ്ങളിൽ കാണിച്ച മനോവീര്യം ആവർത്തിച്ച് 2022-23 ഐഎസ്എൽ ട്രോഫി ഉയർത്താനാവുമെന്നാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷ.

കിരീടം നേടുകയെന്ന സ്വപ്നവുമായാണ് തങ്ങൾ ഹീറോ ഐഎസ്എൽ 2022-23 സീസണിലേക്കുള്ള മത്സരത്തിലേക്ക് പ്രവേശിക്കുന്നതെന്ന് ബ്ലാസ്റ്റേഴ്സ് സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്‌കിൻകിസ് പറഞ്ഞു. കരാർ വിപുലീകരണങ്ങളിലൂടെ, ടീമിന് സ്ഥിരത നൽകുന്നതിനും, ക്ലബിന്റെ സ്പോർട്ടിങ് പദ്ധതികൾ വികസിപ്പിക്കുന്നതിനുമായി പ്രധാന താരങ്ങളെ കോട്ടംതട്ടാതെ നിലനിർത്തുന്നതിന് ക്ലബ് കാര്യമായ ശ്രദ്ധ നൽകിയിട്ടുണ്ട്. ടീമിന് അതിപ്രധാനമായ അനുഭവപരിചയവും നേതൃത്വവും നൽകാനാവുന്ന ആഭ്യന്തര, വിദേശ താരങ്ങളെയും ടീമിൽ ചേർത്തു. യുവാക്കളുടെയും പരിചയസമ്പന്നരായ താരങ്ങളുടെയും മികച്ച സംയോജനവും ബ്ലാസ്റ്റേഴ്സിനുണ്ട്. കഴിഞ്ഞ സീസണിൽ നഷ്ടപ്പെട്ടത് എന്താണോ, അത് നേടിയെടുക്കാനുള്ള യാത്രയിലാണ് ടീം മുഴുവനും. ''ഞങ്ങളുടെ ആരാധകർ വീണ്ടും ഗ്യാലറിയിലേക്ക് എത്തുന്നതിനാൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഏറെ ആവേശത്തിലാണ്''-കരോലിസ് സ്‌കിൻകിസ് കൂട്ടിച്ചേർത്തു.

യുവതാരങ്ങളെ ഉൾപ്പെടുത്തി, ലീഗിന്റെ നിർബന്ധിത ഡെവലപ്മെന്റ് പ്ലയേഴ്സ് മാനദണ്ഡം കേരള ബ്ലാസ്റ്റേഴ്സ് കൃത്യമായി പാലിച്ചിട്ടുണ്ട്. 26 അംഗ ടീമിൽ ഏഴ് പേരാണ് മലയാളി താരങ്ങൾ. രാഹുൽ കെ പി, സഹൽ അബ്ദുൾ സമദ്, ശ്രീക്കുട്ടൻ, സച്ചിൻ സുരേഷ്, നിഹാൽ സുധീഷ്, ബിജോയ് വർഗീസ്, വിബിൻ മോഹനൻ തുടങ്ങിയവരാണ് ടീമിലെ മലയാളി സാന്നിധ്യം. ഓസ്ട്രേലിയൻ ഫോർവേഡ്, അപ്പൊസ്തോലസ് ജിയാനു ആണ് ടീമിലെ ഏക വിദേശ ഏഷ്യൻ താരം.

ഐഎസ്എലിനുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ ഔദ്യോഗിക ടീം

ഗോൾകീപ്പർമാർ: പ്രഭ്സുഖൻ ഗിൽ, കരൺജിത് സിങ്, മുഹീത് ഷാബിർ ഖാൻ, സച്ചിൻ സുരേഷ്.

പ്രതിരോധനിര: വിക്ടർ മോംഗിൽ, മാർകോ ലെസ്‌കോവിച്ച്, ഹോർമിപാം റുയ്വ, സന്ദീപ് സിങ്, ബിജോയ് വർഗീസ്, നിഷു കുമാർ, ജെസെൽ കർണെയ്റോ, ഹർമൻജോത് ഖബ്ര.

മധ്യനിര: ജീക്സൺ സിങ്, ഇവാൻ കലിയുസ്നി, ലാൽതംഗ ഖാൽറിങ്, ആയുഷ് അധികാരി, സൗരവ് മണ്ഢൽ, അഡ്രിയാൻ ലൂണ, സഹൽ അബ്ദുസമദ്, ബ്രൈസ് മിറാൻഡ, വിബിൻ മോഹനൻ, നിഹാൽ സുധീഷ്, ഗിവ്സൺ സിങ്.

മുന്നേറ്റ നിര: ദിമിട്രിയോസ് ഡയമന്റകോസ്, രാഹുൽ കെ.പി, അപ്പോസ്തോലോസ് ജിയാനോ, ബിദ്യാഷാഗർ സിങ്, ശ്രീക്കുട്ടൻ എം.എസ്

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News