ആടിയുലയില്ല, പ്രതിരോധം കടുപ്പിക്കാൻ ഓസീസ് താരം ഡിലന്‍ മക്ഗോവനെ നോട്ടമിട്ട് ബ്ലാസ്‌റ്റേഴ്‌സ്

നിലവിൽ എ ലീഗ് ക്ലബായ വെസ്‌റ്റേൺ സിഡ്‌നി വാണ്ടറേഴ്‌സിന്റെ താരമാണ് 29കാരൻ

Update: 2021-07-04 11:16 GMT
Editor : abs | By : Sports Desk
Advertising

കൊച്ചി: കഴിഞ്ഞ തവണ പണി തന്ന പ്രതിരോധം എന്തു വിലകൊടുത്തും ശക്തിപ്പെടുത്താൻ കേരള ബ്ലാസ്റ്റേഴ്‌സ്. ഓസ്‌ട്രേലിയൻ സെൻട്രൽ ബാക്ക് ഡിലൻ മക്‌ഗോവനെ ടീമിലെത്തിക്കാനാണ് കേരള ടീമിന്റെ ശ്രമം. ഇദ്ദേഹവുമായുള്ള ചർച്ചകൾ പുരോഗമിക്കുന്നതായി കായിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

നിലവിൽ എ ലീഗ് ക്ലബായ വെസ്‌റ്റേൺ സിഡ്‌നി വാണ്ടറേഴ്‌സിന്റെ താരമാണ് 29കാരൻ. ഓസ്‌ട്രേലിയക്കായി 2017ൽ ഒരു കളിയിലാണ് താരം ജഴ്‌സിയണിഞ്ഞിട്ടുള്ളത്. ഓസീസിന്റെ അണ്ടർ 20 ടീമിനായി 28 മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്. സിഡ്‌നി വാണ്ടറേഴ്‌സിനായി 23 മത്സരങ്ങൾ കളിച്ച താരം ഒരു ഗോളും നേടിയിട്ടുണ്ട്.

2022 ജൂൺ 30 വരെ മക്‌ഗോവിന് ക്ലബുമായി കരാറുണ്ട്. എന്നാൽ താരത്തിന്റെ ഏജന്റായ ബെഞ്ച്മാർക്ക് സ്‌പോട്‌സ് ആൻഡ് പ്രൈവറ്റ് ലിമിറ്റഡ് ബ്ലാസ്റ്റേഴ്‌സുമായി ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുകയാണ്. 

നേരത്തെ, ഓസ്ട്രേലിയൻ അന്താരാഷ്ട്ര താരം അലക്സാണ്ടർ ഷുഷ്ന്യറിനെ ടീമിലെത്തിക്കാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. ഓസ്ട്രേലിയൻ എ ലീഗിൽ മകാർതർ എഫ്സിക്കു വേണ്ടി കളിക്കുന്ന താരമാണ് ഷുഷ്ന്യർ. ലിത്വാനിയൻ ക്ലബായ എക്റനാസ്, ലെയ്താവ ജൊനാവ, ഓസീസ് ക്ലബായ പെർത്ത് എഫ്സി, റൊമാനിയൻ ക്ലബായ ഗാസ് മെതൻ മെഡിയാസ്, സ്ലൊവാക് സൂപ്പർ ലീഗ് ക്ലബ് എംഎസ്‌കെ സിലിന, കൊറിയൻ ലീഗിലെ ബുസാൻ ഐപാർക്ക് എന്നിവയ്ക്കു വേണ്ടി കളിച്ചിട്ടുണ്ട്.

വിദേശികൾ വിട്ട കൂടാരം

കഴിഞ്ഞ സീസണിലെ എല്ലാ വിദേശ കളിക്കാരെയും ബ്ലാസ്റ്റേഴ്സ് ഒഴിവാക്കിയിട്ടുണ്ട്. വിസന്റെ ഗോമസ്, ഗാരി ഹൂപ്പർ, ഫാക്കുണ്ടോ പെരേര, ജോർഡാൻ മറെ, ബക്കാരി കോനെ, കോസ്റ്റ നമോയൻസു എന്നിവരുമായുള്ള കരാർ ആണ് ക്ലബ് അവസാനിപ്പിച്ചത്.

കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയിൽ പത്താം സ്ഥാനത്തായിരുന്നു. തുടർതോൽവികൾക്കിടെ കോച്ച് കിബു വിക്കുന രാജിവച്ചതും ക്ലബിന് തിരിച്ചടിയായി. ഏറെ പ്രതീക്ഷയോടെ കൊണ്ടുവന്ന ഗാരി ഹൂപ്പറിന് പെരുമയ്‌ക്കൊത്ത് ഉയരാനായില്ല. ഓസീസ് താരം ജോർദാൻ മറെ മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. മറ്റൊരു ഐഎസ്എൽ ക്ലബിലേക്ക് താരം കൂടുമാറിയേക്കുമെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ സീസണിൽ പ്രതിരോധം കാക്കാൻ എത്തിച്ച കോസ്റ്റയും കോനെയും അമ്പേ നിറം മങ്ങി. കഴിഞ്ഞ സീസണിൽ 23 ഗോളുകൾ ടീം നേടിയപ്പോൾ 36 ഗോൾ വഴങ്ങേണ്ടി വന്നു. മധ്യനിരയിൽ വിസന്റെയുടെയും ഫാക്കുണ്ടോയുടെയും പ്രകടനം ശരാശരിയായിരുന്നു. ഇടയ്ക്ക് പരിക്കേറ്റ് ഫാക്കുണ്ടോയ്ക്ക് നാട്ടിലേക്ക് മടങ്ങേണ്ടി വരികയും ചെയ്തു.

അതിനിടെ, മുൻ സ്ലൊവേനിയൻ താരം മിതെജ് പോപ്ലാനികിന് നൽകാനുണ്ടായിരുന്ന കുടിശ്ശിക തീർത്തതോടെ ക്ലബിന് ഏർപ്പെടുത്തിയിരുന്ന ട്രാൻസ്ഫർ വിലക്ക് ഫിഫ അവസാനിപ്പിച്ചു. ഡേവിഡ് ജയിംസ് കോച്ചായിരിക്കെ, 2019-20 സീസണിലാണ് പോപ്ലാനിക് ബ്ലാസ്റ്റേഴ്‌സിലെത്തിയത്. ഒരു വർഷത്തിന് ശേഷം ക്ലബ് വിട്ടു. സ്‌കോട്ടിഷ് ടോപ് ക്ലബ് ലിവിങ്സ്റ്റൺ എഫ്‌സിയിലേക്കാണ് ഇദ്ദേഹം കൂടുമാറിയത്. 

Tags:    

Editor - abs

contributor

By - Sports Desk

contributor

Similar News