ലൂണ-കൽയൂഷ്‌നി കോംപോ, ഫുള്ളി ലോഡഡ്- വരുന്നു പുതിയ ബ്ലാസ്റ്റേഴ്‌സ്
തന്റെ സ്ഥിരം ഫോർമേഷനായ 4-4-2 വിട്ട് ടീമിനെ വിന്യസിക്കാനുള്ള അവസരമാണ് കോച്ച് ഇവാന് കൈവന്നിട്ടുള്ളത്
നിസ്സംശയം പറയാം, കഴിഞ്ഞ സീസണിൽ നിർത്തിയേടത്തു നിന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ് തുടങ്ങിയത്. ഏഴു മണിക്ക് പ്ലേയിങ് ഇലവനെ പ്രഖ്യാപിച്ചപ്പോൾ തന്നെ ആശാന്‍ ഇവാന്‍ വുകുമനോവിച്ചിന്‍റെ മനസ്സിലിരുപ്പ് വ്യക്തമായിരുന്നു. മുന്നേറ്റനിരയിലെ രണ്ടു മാറ്റമൊഴിച്ചാൽ ബാക്കിയെല്ലാവരും പഴയ താരങ്ങൾ തന്നെ.
പതിവു പോലെ 4-4-2 ഫോർമേഷനിലാണ് വുകുമനോവിച്ച് ടീമിനെ വിന്യസിച്ചത്. ഗോൾ വല കാത്തത് ഗിൽ. സെന്റർബാക്കുകളായി ലെസ്‌കോവിച്ചും ഹോർമിപാം റുയ്‌വയും. വലതുവിങ് ബാക്കായി വെറ്ററൻ താരം ഹർമൻജോത് ഖബ്രയും ഇടതുവിങ്ങിൽ ക്യാപ്റ്റൻ ജസൽ കാർണൈറോയും. ഡിഫൻസീവ് മിഡിൽ പ്യൂട്ടിയയിലും ജീക്‌സണ്‍ സിങ്ങിലും ഒരിക്കൽകൂടി കോച്ച് വിശ്വാസമർപ്പിച്ചു. അറ്റാക്കിങ് മിഡ്ഫീൽഡിൽ സഹൽ അബ്ദുൽ സമദും അഡ്രിയാൻ ലൂണയും. സ്‌ട്രൈക്കർമാരായി വാസ്‌ക്വസിനും പെരേര ഡയസിനും പകരമെത്തിയ ഡയമന്തകോസും ജിയാനുവും.
സ്വന്തം ആരാധകരുടെ ആര്‍പ്പുവിളികള്‍ക്കു മുമ്പിൽ, ആദ്യത്തെ അങ്കലാപ്പ് ടീമിനുണ്ടായിരുന്നു. മധ്യനിരയിൽനിന്ന് ലൂണ മറിച്ചുകൊടുത്ത ലോങ്‌ബോളുകൾ എത്തിപ്പിടിക്കുന്നതിൽ സ്‌ട്രൈക്കർമാർ പരാജയപ്പെട്ടു. ആശയവിനിമയയും മികച്ചതായിരുന്നില്ല. രണ്ടു സ്ട്രൈക്കര്‍മാരും അനാവശ്യമായി പന്ത് ഹോൾഡ് ചെയ്ത് നഷ്ടപ്പെടുത്തുന്നതും കണ്ടു. ഡയമന്തകോസിനേക്കാൾ കൂടുതൽ അപകടകാരിയായത് ജിയാനുവാണ്. താരത്തിന്റെ ഒരു കിടിലന്‍ വോളി ഈസ്റ്റ്ബംഗാൾ കീപ്പർ കമൽജിത്തിന്റെ മികവു കൊണ്ടു മാത്രമാണ് ഗോളാകാതെ പോയത്. ആകെ 29 ടച്ചാണ് ജിയാനുവെടുത്തത്.
മധ്യനിരയിൽ ലൂണ എന്നത്തേയും പോലെ മികച്ചു നിന്നു. കമൽജിത്തിന്റെ മുമ്പിൽ പിച്ച് ചെയ്ത ഫ്രീകിക്ക് കഴിഞ്ഞ സീസണിലെ തുടര്‍ച്ചയായിരുന്നു. ഖബ്രയുടെ ലോങ്‌ബോളില്‍ നിന്നു നേടിയ അക്രോബാറ്റിക് ഗോളും ഒന്നാന്തരം. കൂടെയുണ്ടായിരുന്ന സഹൽ ആദ്യ പകുതിയിൽ രണ്ട് മികച്ച അവസരങ്ങൾ ഒരുക്കിക്കൊടുത്തെങ്കിലും പലകുറി അനാവശ്യ ഡ്രിബിളിങ്ങിലേക്ക് പോയി പന്ത് നഷ്ടപ്പെടുത്തി. മൈതാനത്തിന്റെ സ്‌പേസ് വേണ്ട രീതിയില്‍ ഉപയോഗിക്കുന്നതിൽ താരം പരാജയപ്പെട്ടു.
ഡിഫൻസ് മിഡ്ഫീൽഡിൽ ഈസ്റ്റ് ബംഗാൾ ആക്രമണത്തിന്റെ മുനയൊടിക്കുന്നതിൽ പ്യൂട്ടിയയും ജീക്‌സൺ സിങ്ങും മികച്ചു നിന്നു. 83 ശതമാനം പാസുകളും വിജയകരമായി പൂർത്തീകരിച്ച പ്യൂട്ടിയ ആറിൽ നാല് ഡ്യുവലും വിജയിച്ചു. ഗോളിലേക്ക് രണ്ടു ഷോട്ടുതിർക്കുകയും ചെയ്തു.
പ്രതിരോധത്തിൽ മാർകോ ലെസ്‌കോവിച്ചിന്റെ ജാഗ്രതക്കുറവാണ് ഈസ്റ്റ് ബംഗാളിന് ഒരു ഗോൾ തിരിച്ചടിക്കാനുള്ള അവസരം നൽകിയത്. സെക്കൻഡ് ബോളിൽ നിന്ന് അലക്‌സ് ലിമ പോസ്റ്റിലേക്ക് നിറയൊഴിക്കുമ്പോൾ ഒരു ബ്ലാസ്‌റ്റേഴ്‌സ് താരവും തടയാനുണ്ടായിരുന്നില്ല. സഹതാരങ്ങളുമായി കൃത്യമായ ആശയവിനിമയം നടന്നിരുന്നുവെങ്കില്‍ ഈ ഗോള്‍ ഒഴിവാക്കാമായിരുന്നു. ഫ്രീ സ്‌പേസിൽ നിന്ന് ലിമ ഉതിർത്ത ഷോട്ട വെടിയുണ്ട പോലെയാണ് പോസ്റ്റിലേക്ക് കയറിയത്. ഹോർമിപാം ചില വേളകളിൽ അലമായി കളിക്കുന്നതു പോലെ അനുഭവപ്പെട്ടു. എന്നാൽ വിങ് ബാക്കുകളായ ജസ്സലും ഖബ്രയും മുന്നേറ്റനിരയ്ക്ക് നല്ല പിന്തുണയാണ് നൽകിയത്. നല്ല അവസരങ്ങളും സൃഷ്ടിച്ചു.
കൽയൂഷ്‌നി മാറ്റിയ കളി
യുക്രൈൻ ഫസ്റ്റ് ഡിവിഷൻ ലീഗിൽ നിന്നെത്തിയ ഇവാൻ കൽയൂഷ്‌നിയാണ് കളിയെ മാറ്റിമറിച്ച താരം. അക്ഷരാർത്ഥത്തിൽ ഫുള്ളി ലോഡഡ് കലാഷ്‌നിക്കോവ് ഗൺ. രണ്ടു ഗോളുമായി ഐഎസ്എല്ലിൽ സ്വപ്‌ന തുല്യമായ തുടക്കമാണ് താരത്തിന് കിട്ടിയത്. ആദ്യ ഗോൾ സോളോ റണ്ണിൽ ഡിഫൻഡർമാരെ മറികടന്നുള്ള ഗ്രൗണ്ടറായിരുന്നു എങ്കിൽ രണ്ടാം ഗോൾ റോക്കറ്റ് വേഗത്തിൽ വോളിയിൽനിന്നായിരുന്നു. ഒന്ന് വലങ്കാലു കൊണ്ടും മറ്റൊന്ന് ഇടങ്കാലു കൊണ്ടും. കൽയൂഷ്‌നിയുടെ സ്റ്റാറ്റ് ഇങ്ങനെ: ആകെ കളിച്ചത് 10 മിനിറ്റ്, ഗോൾ രണ്ട്. ഷോട്ട് രണ്ട്. വിജയിച്ച ഡ്യുവൽസ് 03. പാസിങ് ആക്കുറസി 80%
കൽയൂഷ്‌നിയുടെ ഫോം ഏറെ ആഹ്ലാദിപ്പിക്കുക കോച്ച് ഇവാനെയായിരിക്കും. തന്റെ സ്ഥിരം ഫോർമേഷനായ 4-4-2 വിട്ട് ടീമിനെ വിന്യസിക്കാനുള്ള അവസരമാണ് കോച്ചിന് കൈവന്നിട്ടുള്ളത്. ഏക സ്‌ട്രൈക്കറെ മുമ്പിൽ നിർത്തിയുള്ള 4-2-3-1 ഫോർമേഷൻ അടുത്ത കളിയിൽ വരാനുള്ള സാധ്യതയും ഏറെ. മുമ്പിൽ ജിയാനു/ഡയമണ്ടകോസ്, തൊട്ടുപിന്നിൽ ലൂന, കൽയൂഷ്‌നി, സഹൽ, പിവോട്ട് റോളിൽ പ്യൂട്ടിയ, ജീക്‌സൺ, പ്രതിരോധത്തിൽ ലെസ്‌കോ, ഹോർമിപാം, ജസൽ, ഖബ്ര എന്നിങ്ങനെ.
ഈസ്റ്റ്ബംഗാളിനെതിരെ 21 തവണയാണ് ബ്ലാസ്റ്റേഴ്‌സ് ഗോളിലേക്ക് ഷോട്ടുതിർത്തത്. ഇതിൽ പത്തെണ്ണമാണ് ഓൺ ടാർഗറ്റ്. ഏഴു ഷോട്ടാണ് എതിർനിര തൊടുത്തത്. രണ്ടെണ്ണം മാത്രമേ ഗോളിയെ പരീക്ഷിച്ചുള്ളൂ.