എഫ്.സി ഗോവക്കായി തിളങ്ങിയ താരം ബ്ലാസ്‌റ്റേഴ്‌സിൽ; ഗോളടിക്കാൻ നോഹ സദൗയി
കഴിഞ്ഞ രണ്ട് സീസണുകളിലായി എഫ്.സി ഗോവക്കായി 54 മത്സരങ്ങളിൽ നിന്നായി 29 ഗോളുകളും 16 അസിസ്റ്റുമാണ് നേടിയത്.
കൊച്ചി: വരുന്ന ഐ.എസ്.എൽ സീസണിൽ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്നേറ്റ നിരക്ക് കരുത്തേകാൻ നോഹ സൗദിയി. മൊറോക്കൻ ഫോർവേഡുമായി ക്ലബ് രണ്ട് വർഷത്തേക്കാണ് കരാറിലെത്തിയത്. മുൻ എഫ്.സി ഗോവ താരത്തിന്റെ വരവ് മഞ്ഞപ്പടക്ക് വലിയ കരുത്തേകും. മൊറോക്കോയിൽ ജനിച്ച നോഹ, വിവിധ ലീഗുകളിൽ ശ്രദ്ധേയ പ്രകടനം നടത്തിയ താരമാണ്. വൈഡാഡ് കാസബ്ലാങ്കയുടെ യുവനിരയിൽ നിന്നാണ് കരിയർ ആരംഭിച്ചത്.
തുടർന്ന് മേജർ ലീഗ് സോക്കറിലെ സൈഡ് ന്യൂയോർക്ക് റെഡ് ബുൾസിന്റെ യുവ ടീമിലേക്ക്. 2013-ൽ ഇസ്രായേൽ പ്രീമിയർ ലീഗ് ക്ലബ് മക്കാബി ഹൈഫയിൽ. തുടർന്ന് മെർബത്ത് എസ്.സി, എൻപ്പി എസ്.സി, എം.സി ഔജ, രാജാ കാസബ്ലാങ്ക, എ.എസ് ഫാർ എന്നീ ക്ലബ്ബുകളിലും പന്തുതട്ടി. 2022ൽ ഐ.എസ്.എലിലേക്ക് പ്രവേശിച്ചു. എഫ്.സി ഗോവയുടെ മുന്നേറ്റനിരയിലെ പ്രധാനിയായിരുന്നു നോഹ. കഴിഞ്ഞ രണ്ട് സീസണുകളിലായി 54 മത്സരങ്ങളിൽ നിന്നായി 29 ഗോളുകളും 16 അസിസ്റ്റുമാണ് സമ്പാദ്യം. 2021ൽ മൊറാക്ക ടീമിനായി അരങ്ങേറിയ 30 കാരൻ ഇതുവരെ നാല് മത്സരങ്ങളിൽ കളത്തിലിറങ്ങി.
ബ്ലാസ്റ്റേഴ്സിനൊപ്പം ചേരാനായതിൽ സന്തോഷമുണ്ടെന്ന് താരം പ്രതികരിച്ചു. ആരാധകരിൽ നിന്നുള്ള ഊർജവും പിന്തുണയും അവിശ്വസനീയമാണ്. അവർക്ക് മുന്നിൽ കളിക്കാനും ക്ലബ്ബിന്റെ വിജയത്തിന് സംഭാവന നൽകാനുമായി കാത്തിരിക്കുകയാണെന്നും താരം പ്രതികരിച്ചു. ഈ സമ്മർ ട്രാൻസ്ഫറിൽ ക്ലബ്ബിന്റെ ആദ്യ ഫോറിൻ സൈനിംഗാണ് നോഹ സദൗയി.