'ഇവാൻ ദ സൂപ്പർമാൻ'; ഈസ്റ്റ് ബംഗാളിനെ തകർത്ത് ബ്ലാസ്റ്റേഴ്‌സ്
ഈസ്റ്റ് ബംഗാളിനായി ആശ്വാസഗോൾ നേടിയത് അലക്‌സാണ്.
കൊച്ചി: ഐഎസ്എൽ 9ാം സീസണിലെ ആദ്യമത്സരത്തിൽ ഈസ്റ്റ് ബംഗാളിനെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ജയം. ഇവാൻ കലുഷ്‌നി രണ്ടും അഡ്രിയാൻ ലൂണ ഒരു ഗോളും ബ്ലാസ്‌റ്റേഴ്‌സിനായി ഗോൾ നേടിയത്. ഈസ്റ്റ് ബംഗാളിനായി ആശ്വാസഗോൾ നേടിയത് അലക്‌സാണ്. 72ാം മിനുറ്റിൽ കാബ്ര നൽകിയ അതിമനോഹര പാസ് ബ്രില്യന്റ് ടെച്ചിലൂടെ ലൂണ വലയിലാക്കുകയായിരുന്നു.
80ാം മിനുറ്റിൽ ജിയാനുവിന് പകരക്കാരനായി ഇറങ്ങിയ ഇവാനാണ് ഈസ്റ്റ് ബംഗാളിനെ തകർത്തത്. 82-ാം മിനിറ്റില്‍ തന്റെ ആദ്യ ടച്ച് തന്നെ ഗോളാക്കി മാറ്റി ഇവാന്‍ കോച്ചിന്റെ വിശ്വാസം കാത്തു. ഇടതുഭാഗത്തു നിന്ന് പന്ത് സ്വീകരിച്ച് ഒറ്റയ്ക്ക് മുന്നേറിയ ഇവാന്‍ ഈസ്റ്റ് ബംഗാള്‍ താരങ്ങളെ വെട്ടിച്ച് പന്ത് വലയിലെത്തിക്കുകയായിരുന്നു. എന്നാൽ, 88ാം മിനുറ്റിൽ തിരിച്ചുവരുമെന്ന സൂചന നൽകി ഈസ്റ്റ് ബംഗാൾ അലക്‌സിലൂടെ ഒരു ഗോൾ മടക്കി. പക്ഷേ, ഈസ്റ്റ് ബംഗാളിന്റെ എല്ലാ പ്രതീക്ഷകളും ഇല്ലാതാക്കി വെടിയുണ്ട പായിച്ച് ഇവാൻ ബ്ലാസ്റ്റേഴ്‌സിന്റെ ലീഡ് മൂന്നാക്കി ഉയർത്തി. മുഴുവൻ സമയവും പിന്നിടുമ്പോൾ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ബ്ലാസ്‌റ്റേഴ്‌സിന് ജയം.
അതേസമയം, കിട്ടിയ അവസരങ്ങൾ ഇരുടീമുകളും തുലച്ചപ്പോൾ ആദ്യപകുതി ഗോൾരഹിത സമനിലയിലായിരുന്നു. തുടക്കം മുതൽ ബ്ലാസ്റ്റേഴ്‌സും ഈസ്റ്റ് ബംഗാളും ആക്രമണഫുട്‌ബോളാണ് പുറത്തെടുത്തത്. എന്നാൽ, ഫിനിഷിങ്ങിലെ പോരായ്മ ആദ്യപകുതിയിൽ ഇരുടീമുകൾക്കും തിരിച്ചടിയായി.
രണ്ട് വിദേശ സ്ട്രൈക്കർമാരെയും ആദ്യ പതിനൊന്നിൽ ഉൾപ്പെടുത്തിയായിരുന്നു ബ്ലാസ്റ്റേഴ്‌സ് ഇറങ്ങിയത്. മുന്നേറ്റ നിരയിൽ ജിയാനുവിനും ദിമിത്രിയോസും അണിനിരക്കുമ്പോൾ തൊട്ടുപിന്നിൽ ലൂനയും സഹലും. ഡിഫൻസീവ് മിഡിൽ കഴിഞ്ഞ വർഷത്തേതു പോലെ ജീക്സൺ സിങ്- പ്യൂട്ടിയ സഖ്യം. വിങ് ബാക്കുകളായി ക്യാപറ്റൻ ജസലും ഹർമൻ ജ്യോത് ഖബ്രയും. ലെസ്‌കോവിച്ചും ഹോർമിപാമുമാണ് സെന്റർ ബാക്കുകൾ.
കരൺജിത് സിങ്, നിഷു കുമാർ, രാഹുൽ കെപി, വിക്ടർ, ആയുഷ്, ബ്രെയ്സ്, സന്ദീപ്, ഇവാൻ, ബിദ്യാസാഗർ എന്നിവരാണ് സബ്സ്റ്റിറ്റിയൂട്ടുകൾ. ഈസ്റ്റ്ബംഗാൾ ടീം: കമൽജിത് സിങ് (ഗോൾകീപ്പർ), അങ്കിത് മുഖർജി, ലാൽചുങ്നുന, ഇവാൻ ഗോൺസാലസ്, ചാരിസ് കിരാകു, തുഹിൻ ദാസ്, സൗവിക് ചക്രവർത്തി, അലക്സ് ലിമ, വി.പി. സുഹൈർ, സുമീത് പാസി, ക്ലെയ്റ്റൻ സിൽവ.