പുതിയ തുടക്കം; ബ്ലാസ്റ്റേഴ്സിന്‍റെ വനിതാ ടീം വരുന്നു
കേരള ബ്ലാസ്റ്റേഴ്സിന് ഇനി വനിതാ ഫുട്‌ബോൾ ടീമും; ഔദ്യോഗിക പ്രഖ്യാപനം വന്നു
കേരള ബ്ലാസ്റ്റേഴ്സിന് ഇനി വനിതാ ഫുട്ബോള്‍ ടീമും. സമൂഹമാധ്യമങ്ങളിലൂടെയാണ് കേരള ബ്ലാസ്റ്റേഴ്സ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. വനിതാ ടീമിന്‍റെയും ബാസ്റ്റേഴ്സ് ഫുട്ബോള്‍ ടീമിന്‍റെയും ഡയറക്ടറായി രാജാ റിസ്വാനെ നേരത്തെ തന്നെ നിയമിച്ചിരുന്നു . കോഴിക്കോട് സ്വദേശിയായ രാജാ റിസ്വാൻ മുമ്പ് ഗോകുലം കേരളയുടെ ടീം മാനേജർ ആയിരുന്നു.
ബ്ലാസ്റ്റേഴ്സിന്‍റെ പുതിയ നീക്കത്തിന് വലിയ സ്വീകാര്യതയാണ് വിവിധ കോണുകളില്‍ നിന്ന് ലഭിക്കുന്നത്. രാജ്യത്തെ വനിതാ ഫുട്ബോളിന്‍റെ വളർച്ചയെ സഹായിക്കുന്ന ചുവടുവെപ്പാകും ഇതെന്നാണ് ആരാധകരുടെ പ്രതികരണം.
ഒരു പുതിയ തുടക്കം! 💛
— Kerala Blasters Women (@KeralaBlastersW) July 25, 2022
Our game is for everyone.
We, at Kerala Blasters Football Club, are delighted to announce the formation of our women's team. #ഒരുപുതിയതുടക്കം #YennumYellow #KBFC #കേരളബ്ലാസ്റ്റേഴ്സ് pic.twitter.com/aWPJwXK8GD
''ഈ ഗെയിം എല്ലാവർക്കും വേണ്ടിയുള്ളതാണ്. കേരള ബ്ലാസ്റ്റേഴ്‌സ് വനിതാ ഫുട്‌ബോൾ ടീം കൂടി രൂപീകരിക്കുന്ന വിവരം സന്തോഷത്തോടികൂടി ഞങ്ങള്‍ അറിയിക്കുകയാണ്...'' കേരള ബ്ലാസ്റ്റേഴ്സ് ഔദ്യോഗിക ട്വിറ്റര്‍ അക്കൌണ്ടിലൂടെ ട്വീറ്റ് ചെയ്തു.
അതേസമയം കേരള ബ്ലാസ്റ്റേഴ്സിന്‍റെ പുരുഷ ടീമിന്‍റെ പ്രീ സീസണ്‍ മത്സരങ്ങള്‍ക്ക് യു.എ.ഇയും വേദിയാകും. കൊച്ചിയില്‍ ആരംഭിക്കുന്ന പ്രീസീസണ്‍ മത്സരങ്ങളുടെ ഭാഗമായി ഓഗസ്റ്റ് പകുതിയോടെയാണ് കേരള ബ്ലാസ്റ്റേഴ്സ് യു.എ.ഇയിലെത്തുന്നത്.
യു.എ.ഇയില്‍ വെച്ച് അല്‍ നസ്ര്‍ എസ്‌സി, ദിബ എഫ്‌സി എന്നീ ക്ലബ്ബുകൾക്കെതിരെയും ഫസ്റ്റ് ഡിവിഷനിലെ ഹത്ത ക്ലബിനെതിരെയും ബ്ലാസ്റ്റേഴ്സ് സൗഹൃദ മത്സരങ്ങള്‍ കളിക്കും. യു.എ.ഇ പ്രൊ ലീഗിൽ കളിക്കുന്ന ടീമുകളാണ് അല്‍ നസ്‍റും ദിബയും.ഇവാൻ വുകോമാനോവിച്ചിന്‍റെ കീഴില്‍ അല്‍ നസ്ര്‍ കള്‍ച്ചറൽ ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിലായിരിക്കും ബ്ലാസ്റ്റേഴ്സിന്‍റെ വിദേശ പ്രീസീസണ്‍ പരിശീലനം.
അല്‍നസ്ര്‍ എസ്.സിക്കെതിരെയാണ് ബ്ലാസ്‌റ്റേഴ്‌സിന്‍റെ ആദ്യ പ്രീസീസൺ സൗഹൃദ മത്സരം. 2022 ഓഗസ്റ്റ് 20ന് ഞായറാഴ്ച ദുബൈയിലെ അല്‍മക്തൂം സ്‌റ്റേഡിയത്തിൽ വെച്ചാകും മത്സരം. പിന്നീട് ഓഗസ്റ്റ് 25ന് ദിബ അല്‍ ഫുജൈറ സ്‌റ്റേഡിയത്തിൽ ദിബ എഫ്‌സിയെയും, 28ന് അവസാന മത്സരത്തില്‍ ഹംദാൻ ബിൻ റാഷിദ് സ്‌റ്റേഡിയത്തിൽ ഹത്ത സ്‌പോര്‍ട്‌സ് ക്ലബിനെയും കൊമ്പന്മാര്‍. മൂന്ന് വര്‍ഷത്തിനിടെ ആദ്യമായാണ് കേരള ബ്ലാസ്റ്റേഴ്സ് യു.എ.ഇയിലെ കാണികള്‍ക്കു മുന്നിൽ മത്സരിക്കാനിറങ്ങുന്നത്. അതുകൊണ്ട് തന്നെ യു.എ.ഇയിലെ മഞ്ഞപ്പട ആരാധകരും ആവേശത്തിലാണ്