വരുന്നൂ, ജൂനിയർ എംബാപ്പെ; പി.എസ്.ജി കുപ്പായത്തിൽ 15കാരന്റെ അരങ്ങേറ്റം
2021ല്‍ എഥാന്‍ എംബാപ്പെ ഫ്രഞ്ച് അണ്ടർ-16 ടീമിനായി അരങ്ങേറ്റം കുറിച്ചിരുന്നു
പാരിസ്: ലോകഫുട്‌ബോളിനെ വിസ്മയിപ്പിക്കാൻ എംബാപ്പെ കുടുംബത്തിൽനിന്ന് പുതിയ താരോദയം. കിലിയൻ എംബാപ്പെയുടെ സഹോദരൻ പ്രൊഫഷനൽ ഫുട്‌ബോളിൽ അരങ്ങേറ്റം കുറിച്ചു. 15കാരനായ എഥാൻ എംബാപ്പെയാണ് ഫ്രഞ്ച് ലീഗ് ക്ലബായ പി.എസ്.ജിയുടെ സീനിയർ ടീമിനായി ആദ്യ മത്സരത്തിനിറങ്ങിയത്.
കഴിഞ്ഞ ദിവസം പാരിസ് എഫ്.സിക്കെതിരായ സൗഹൃദ മത്സരത്തിലാണ് എഥാൻ ആദ്യമായി കളത്തിലിറങ്ങിയത്. രണ്ടാം പകുതിക്കു ശേഷം മിഡ്ഫീൽഡർ ഫേബിയൻ റൂയിസിനു പകരക്കാരനായാണ് എഥാൻ ഇറങ്ങിയത്. താരം ശ്രദ്ധ നേടിയ മത്സരം പി.എസ്.ജി 2-1ന് സ്വന്തമാക്കുകയും ചെയ്തു.
കിലിയൻ എംബാപ്പെയും ഇതേ പ്രായത്തിലാണ് പി.എസ്.ജിയിൽ ചേരുന്നത്. 2021 ജൂണിലാണ് എഥാനിനെ മൂന്നു വർഷത്തെ കരാറിൽ താരത്തെ ക്ലബ് സ്വന്തമാക്കിയത്. ഇതേവർഷം തന്നെ ഫ്രഞ്ച് അണ്ടർ-16 ടീമിനായും അരങ്ങേറ്റം കുറിച്ചു.
Summary: Kylian Mbappe's 15-year-old brother Ethan makes senior Paris Saint-Germain debut