സെറീന, കർദാഷ്യാൻ, ലെബ്രോൺ; മെസിയെ 'ഒരുനോക്കു കാണാൻ' എത്തിയത് വമ്പൻ വി.ഐ.പിപ്പട
ബാസ്കറ്റ്ബോളിലെ സൂപ്പര്‍താരം ലെബ്രോനെ മെസി ആലിംഗനം ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്
ന്യൂയോർക്ക്: സൂപ്പർതാരം ലയണൽ മെസിയുടെ ഇന്റർ മയാമി അരങ്ങേറ്റം കാണാനെത്തിയത് വമ്പൻ വി.ഐ.പിപ്പട. ടെന്നീസ് ഇതിഹാസം സെറീന വില്യംസ്, ബാസ്‌കറ്റ്‌ബോൾ സൂപ്പർതാരം ലെബ്രോൺ ജെയിംസ്, മോഡലും സോഷ്യൽ മീഡിയ താരവുമായ കിം കർദാഷ്യാൻ ഉൾപ്പെടെ താരസമ്പന്നമായിരുന്നു ഗാലറി. ഇഞ്ചുറിടൈമിലെ അവസാന മിനിറ്റ് ഗോളുമായി ഇന്റർ മയാമിയെ വിജയത്തിലേക്ക് നയിച്ച് ആരാധകരുടെ മനംനിറയ്ക്കുകയും ചെയ്തു മെസി.
ഫ്‌ളോറിഡയിലെ ലൗഡർഡെയിലിലുള്ള ഡി.ആർ.വി പി.എൻ.കെ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം ഇന്നു പുലർച്ചെ 5.30നായിരുന്നു മത്സരം തുടങ്ങിയത്. മത്സരം ആരംഭിക്കുന്നതിന് ഏറെമുൻപ് തന്നെ താരപ്പട ഗാലറിയിൽ ഇരിപ്പിടമുറപ്പിച്ചിരുന്നു. ഇതിനിടെ ലെബ്രോനും മെസിയും നേരിൽകാണുകയും ആലിംഗനം ചെയ്യുകയും ചെയ്തു.
സെറീന വില്യംസ് മത്സരം വീക്ഷിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മത്സരം ആരംഭിക്കുന്നതിന് ഏറെമുൻപ് ഏഴു വയസുള്ള മകൻ സെയിന്റ് വെസ്റ്റുമായാണ് കിം കാർദാഷ്യാൻ എത്തിയത്. മകൻ ഫുട്‌ബോൾ ആരാധകനാണെന്നും അവനെ സന്തോഷിപ്പിക്കാൻ താൻ എന്തും ചെയ്യുമെന്നും അവർ 'ആപ്പിൾ ടി.വി'യോട് പ്രതികരിച്ചു. ചെറിയ പ്രായത്തിൽ ആറു വർഷത്തോളം ഗോളിയായും മധ്യനിര താരമായും കളിച്ചിട്ടുണ്ടെന്നും ഫുട്‌ബോൾ കാണാനായി ലോകം ചുറ്റുമെന്നും കിം പറഞ്ഞു.
ബ്രിട്ടീഷ് ഫാഷൻ ഡിസൈനറും ടെലിവിഷൻ താരവും ഇന്റർ മയാമി സഹ ഉടമ ഡേവിഡ് ബെക്കാമിന്റെ ഭാര്യയുമായ വിക്ടോറിയയും മത്സരം കാണാനെത്തിയിരുന്നു. പോപ് ഗായിക ഗ്ലോറിയ, ക്യൂബൻ-അമേരിക്കൻ സംഗീതജ്ഞൻ എമിലിയോ എസ്‌റ്റെഫാൻ, യു.എസ് ഗായകരാ മാർക്ക് ആന്തണി, ബെക്കി ജി, മുൻ അർജന്റീന താരങ്ങളായ സെർജിയോ അഗ്വ്യൂറോ, മാക്‌സി റോഡ്രിഗസ് തുടങ്ങി വലിയ താരനിരയായിരുന്നു ഗാലറിയിൽ അണിനിരന്നത്.
54-ാം മിനിറ്റിലെ കളത്തിൽ; ഇഞ്ചുറി ടൈമിൽ ഗോൾ-തുടക്കം ഗംഭീരം
54-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങി നിർണായക ഗോളുമായാണ് മെസി ടീമിനെ വിജയത്തിലേക്ക് നയിച്ചത്. സെർജിയോ ബുസ്‌കറ്റ്സും അരങ്ങേറിയ മേജർ ലീഗ് സോക്കർ മത്സരത്തിൽ ക്രൂസ് അസൂളിനെതിരെ ഒന്നിനെതിരെ രണ്ടു ഗോളിനായിരുന്നു ഇന്റർ മയാമി ജയം.
44-ാം മിനിറ്റിൽ റോബർട്ട് ടൈലർ നേടിയ ഏക ഗോളിന്റെ ബലത്തിൽ വിജയത്തിലേക്ക് നീങ്ങുമ്പോഴാണ് കോച്ച് ജെറാർഡോ മാർട്ടിനോ മെസിയെ വിളിച്ചത്. ഗാലറിയിൽനിന്ന് കാതടിപ്പിക്കുന്ന ആരവം. മധ്യനിര താരം ബെഞ്ചമിൻ ക്രെമാസ്ചിക്കു പകരക്കാരനായായിരുന്നു സൂപ്പർ താരം കളത്തിലിറങ്ങിയത്. തൊട്ടുപിറകെ ഡേവിഡ് റൂയിസിനു പകരം സെർജിയോ ബുസ്‌കറ്റ്സിനും അരങ്ങേറ്റം.
മെസിയും ബുസ്‌കെറ്റ്സും കളത്തിലിറങ്ങിയതോടെ മയാമിയുടെ കളിയും മാറി. മയാമി നിരയും കൂടുതൽ ഉണർന്നു. ക്രൂസ് അസൂൾ പ്രതിരോധ നിരയെ വെട്ടിച്ചുകടന്ന് പലവട്ടം മെസി പലവട്ടം ബോക്സിനകത്തേക്കു കുതിച്ചു. അപ്പോഴെല്ലാം വൻ ആരവമാണ് ഗാലറിയിൽനിന്നു മുഴങ്ങിയത്.
ഒടുവിൽ ഇഞ്ചുറി ടൈമിലേക്ക് നീങ്ങിയ മത്സരത്തിന്റെ അവസാന നിമിഷം രക്ഷകനായി മിശിഹാ അവതരിച്ചു. 94-ാം മിനിറ്റിൽ തുറന്നുകിട്ടിയ ഫ്രീകിക്ക് അവസരം അതിമനോഹരമായി മെസി വലയിലാക്കി. പ്രതിരോധക്കോട്ടയ്ക്കു മുകളിലൂടെ ക്രൂസ് അസൂൾ വലയുടെ മോന്തായത്തിലേക്ക് തൊടുത്ത മഴവിൽ ഷൂട്ട്.. ഇന്റർ മയാമിക്ക് ജയം.
Summary: LeBron James, Serena Williams and Kim Kardashian among star-studded VIP guests at Lionel Messi's Inter Miami debut