മൂന്ന് മാസത്തിനിടെ 52 യാത്രകൾ; മെസ്സിയുടെ പ്രൈവറ്റ് ജെറ്റ് പുറന്തള്ളിയത് 1,502 ടൺ കാർബൺ ഡൈ ഓക്‌സൈഡ്, വിവാദം
ഒരു ശരാശരി ഫ്രഞ്ച് പൗരൻ 150 വർഷത്തിനുള്ളിൽ പുറന്തള്ളുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡാണ് സൂപ്പര്‍ താരത്തിന്‍റെ പ്രൈവറ്റ് ജറ്റ് മൂന്ന് മാസം കൊണ്ട് പുറം തള്ളിയത്
കായിക താരങ്ങള്‍ തങ്ങളുടെ യാത്രകള്‍ക്കായി പ്രൈവറ്റ് ജെറ്റുകള്‍ തെരഞ്ഞെടുക്കുന്നത് ഈ അടുത്തിടെയായി വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. പരിസ്ഥിതി പ്രവര്‍ത്തകരാണ് ഈ ചര്‍ച്ചക്ക് സോഷ്യല്‍ മീഡിയയില്‍ തുടക്കം കുറിച്ചത്. പ്രൈവറ്റ് ജെറ്റുകള്‍ പുറംതള്ളുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡിന്‍റെ അളവ് വലിയ തോതിലാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനങ്ങള്‍. ഇക്കാര്യത്തില്‍ ഏറ്റവുമധികം പഴികേട്ടത് ഫ്രഞ്ച് ഫുഡ്ബോള്‍ ക്ലബ്ബായ പി.എസ്.ജിയും താരങ്ങളുമാണ്.
പി.എസ്. ജി തങ്ങളുടെ ഹോം എവേ മത്സരങ്ങള്‍ക്കുള്ള യാത്രകള്‍ക്കായി സ്വകാര്യ ജെറ്റുകൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. കോച്ച് ക്രിസ്‌റ്റോഫ് ഗാൽറ്റിയറും കിലിയൻ എംബാപ്പെയും അടുത്തിടെ നാന്‍റേസിലേക്കുള്ള യാത്രയ്‌ക്ക് പ്രൈവറ്റ് ജറ്റ് ഉപയോഗിച്ചിരുന്നു. നാന്‍റേസിലേക്ക് ട്രെയിനിൽ വെറും രണ്ടര മണിക്കൂർ മാത്രമേ യാത്രക്ക് എടുക്കൂ എന്നിരിക്കെയാണ് കോച്ചും താരവും പ്രൈവറ്റ് ജറ്റില്‍ തന്നെ സഞ്ചരിക്കാന്‍ തീരുമാനിച്ചത്. അതിനെ തുടര്‍ന്ന് ഇരുവര്‍ക്കുമെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇപ്പോൾ ഇതേ വിഷയത്തില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിക്കെതിരെയും വിമര്‍ശനവുമായെത്തിയിരിക്കുകയാണ് ഫ്രഞ്ച് മാധ്യമങ്ങള്‍.
ഫ്രാന്‍സിലെ പ്രമുഖ പത്രമായ ലെക്വിപിന്‍റെ പഠനമനുസരിച്ച്, ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ തന്‍റെ പ്രൈവറ്റ് ജറ്റില്‍ 52 യാത്രകളാണ് അര്‍ജന്‍റീനിയന്‍ സൂപ്പര്‍ താരം നടത്തിയത്. ഏതാണ്ട് 368 മണിക്കൂറാണ് യാത്രക്കായെടുത്തത്. ഈ യാത്രകളില്‍ മാത്രം 1,502 ടൺ കാർബൺ ഡൈ ഓക്സൈഡാണ് അന്തരീക്ഷത്തിലേക്ക് ബഹിര്‍ഗമിച്ചത്. ഇത് ഒരു ശരാശരി ഫ്രഞ്ച് പൗരൻ 150 വർഷത്തിനുള്ളിൽ പുറന്തള്ളുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡിന് സമമാണെന്നാണ് പഠനം. പഠനം പുറത്തു വന്നതോടെ വലിയ വിമര്‍ശനങ്ങളാണ് താരത്തിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകര്‍ ഉയര്‍ത്തുന്നത്.