ജര്‍മ്മന്‍ ടീമില്‍ നിന്ന് വിരമിക്കാനുള്ള ഓസിലിന്റെ തീരുമാനത്തിന് പിന്നിലുള്ള കാരണങ്ങള്‍ വെളിപ്പെടുത്തി ജോകിം ലോ
2018ലെ ലോകകപ്പിൽ ജർമനി നേരത്തെ പുറത്തായതിനു പിന്നാലെ, താൻ നേരിട്ട വംശീയമായ അധിക്ഷേപങ്ങളെക്കുറിച്ചു സൂചിപ്പിച്ച് ജർമൻ ഫുട്ബോൾ ഫെഡറേഷനെ രൂക്ഷമായി വിമർശിച്ച് താരം ദേശീയ ടീമിൽ നിന്നും വിരമിക്കാനുള്ള തീരുമാനം പ്രഖ്യാപിക്കുകയായിരുന്നു.
ജർമന്‍ ടീം വിടാനുള്ള മെസൂദ് ഓസിലിന്റെ തീരുമാനം വളരെയധികം നിരാശയുണ്ടാക്കിയെന്ന് വിരമിക്കുന്ന പരിശീലകൻ ജോക്കിം ലോ. ടീമിന് വളരെയധികം പ്രധാനപ്പെട്ട മികച്ച താരമാണ് ഓസിലെന്ന അഭിപ്രായവും ജോക്കിം ലോ പ്രകടിപ്പിച്ചു. 2009ൽ ജർമനി ടീമിൽ ലോക്ക് കീഴിൽ അരങ്ങേറ്റം നടത്തിയ ഓസിൽ അതിനു ശേഷം ടീമിലെ സ്ഥിരസാന്നിധ്യം ആവുകയും 2014ലെ ലോകകപ്പ് അടക്കമുള്ള നേട്ടങ്ങളിൽ നിർണായക പങ്കു വഹിക്കുകയും ചെയ്‌തിരുന്നു. ദേശീയ ടീം വിട്ട ഓസിലിനെ തിരിച്ചെത്തിക്കാൻ യാതൊരു ശ്രമവും ലോ നടത്തിയില്ലെന്ന് വിമര്‍ശനമുണ്ടായിരുന്നു. ജർമൻ ദേശീയ ടീം പരിശീലകസ്ഥാനം ഒഴിയുന്നതിനു മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ലോ.
ഓസിലിനെക്കുറിച്ച് ലോ വൈകാരികമായാണ് സംസാരിച്ചത്. " എന്നോട് സൂചിപ്പിക്കുക പോലും ചെയ്യാതെ ഓസിൽ ജർമൻ ടീമിൽ നിന്നും വിരമിച്ചത് വളരെ വലിയ നിരാശയാണ് സമ്മാനിച്ചത്. ഏജന്റ് വിളിച്ച് ഓസില്‍ എന്നെ വിളിക്കുമെന്നറിയിച്ചെങ്കിലും അതൊരിക്കലും സംഭവിച്ചില്ല. ഞങ്ങൾ വീണ്ടും കാണുകയോ സംസാരിക്കുകയോ ചെയ്യുന്ന ഒരു ദിവസം വരും. അന്നു ഞങ്ങൾ എല്ലാ പ്രശ്‌നങ്ങളും സംസാരിച്ച് അവസാനിപ്പിക്കും. അന്ന് ഓസിലുമായുള്ള ഓര്‍മ്മകള്‍ വീണ്ടും മനോഹരമാകും. അസാധ്യ പ്രതിഭാ ശേഷിയുള്ള കളിക്കാരനായിരുന്നു ഓസില്‍". 2012ലെ യൂറോ കപ്പിൽ ഇറ്റലിയോടേറ്റ തോൽവിയിൽ നിന്നും വലിയൊരു പാഠം ജർമനി പഠിച്ചുവെന്നും അതിൽ നിന്നാണ് 2014ലെ ലോകകപ്പ് വിജയത്തിലേക്ക് ടീം മുന്നേറിയതെന്നും ലോ പറഞ്ഞു. തന്റെ പരിശീലക കാലയളവിലെ ഏറ്റവും മോശം തോൽവി 2016 യൂറോ സെമിയിൽ ഫ്രാൻസിനോട് ഏറ്റു വാങ്ങിയതാണെന്നും അന്ന് മത്സരം വിജയിച്ചിരുന്നെങ്കിൽ കിരീടം സ്വന്തമാക്കാൻ കഴിഞ്ഞേനെയെന്നും ലോ കൂട്ടിച്ചേർത്തു.
2018ലെ ലോകകപ്പിൽ ജർമനി നേരത്തെ പുറത്തായതിനു പിന്നാലെ, താൻ നേരിട്ട വംശീയമായ അധിക്ഷേപങ്ങളെക്കുറിച്ചു സൂചിപ്പിച്ച് ജർമൻ ഫുട്ബോൾ ഫെഡറേഷനെ രൂക്ഷമായി വിമർശിച്ച് താരം ദേശീയ ടീമിൽ നിന്നും വിരമിക്കാനുള്ള തീരുമാനം പ്രഖ്യാപിക്കുകയായിരുന്നു. തുർക്കി വംശജരായ ഓസിലും സഹതാരം ഇൽക്കേ ഗുൻഡോഗനും തുർക്കി പ്രസിഡന്റ് തയ്യിബ് എർദോഗനൊപ്പം ഫോട്ടോയ്ക്കു പോസ് ചെയ്തതാണ് വിവാദമായത്. ഇതിന്റെ പേരിൽ രൂക്ഷമായ വംശീയാധിക്ഷേപവും ആരോപണങ്ങളും താരങ്ങൾ നേരിട്ടു. ഇരട്ട പൗരത്വമുള്ള താരങ്ങളെ ദേശീയ ടീമിൽ ഉൾപ്പെടുത്തരുതെന്ന ആവശ്യം ജർമനിയിൽ ഉയർന്നു. ആരാധകർ ഇരുതാരങ്ങളെയും കൂകിവിളിച്ചു. എർദോഗാനൊപ്പമുള്ള ചിത്രം എന്നെ സംബന്ധിച്ച് രാഷ്ട്രീയ നിലപാടോ തിരഞ്ഞെടുപ്പ് നയപ്രഖ്യാപനമോ അല്ല. എന്റെ കുടുംബാംഗങ്ങളുടെ രാജ്യത്തെ പരമോന്ന നേതാവിനോടുള്ള ആദരം മാത്രമായിരുന്നെന്നാണ് ഓസിലിന്റെ വിശദീകരണം.
സ്ഥാനമേറ്റെടുത്ത ആദ്യത്തെ സീസണിൽ തന്നെ ബയേൺ മ്യൂണിക്കിന് എല്ലാ കിരീടങ്ങളും നേടിക്കൊടുത്ത ഹാൻസി ഫ്ലിക്കാണ് ജർമനിയുടെ പുതിയ പരിശീലകനായി എത്തുന്നത്.
കാൽപന്തുകളിയിലെ ഏറ്റവും മികച്ച പ്ലേ മേക്കർമാരിൽ ഒരാളായി വിലയിരുത്തപ്പെടുന്ന മെസൂദ് ഓസിൽ ജർമനിക്കായി 92 കളിയിൽ നിന്നും 23 ഗോൾ നേടിയിട്ടുണ്ട്.