അൽവാരോ മാജിക് ഇനിയുണ്ടാകില്ല? ബ്ലാസ്റ്റേഴ്‌സിനെ ഒഴിവാക്കി താരം

വാസ്‌ക്വസിന് ഇന്ത്യയിൽ നിന്നുൾപ്പെടെ നിരവധി ഓഫറുകൾ വന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരന്നു. പുറമെ അമേരിക്കൻ മേജർ ലീഗ് സോക്കറിൽ നിന്നും ചൈനയിൽ നിന്നും താരത്തിന് ഓഫർ വന്നിരുന്നു.

Update: 2022-04-05 04:26 GMT
Editor : rishad | By : Web Desk
Advertising

ഏവരെയും അമ്പരപ്പിക്കുന്ന പ്രകടനമാണ് കേരളബ്ലാസ്റ്റേഴ്‌സ് ഈ സീസണിൽ പുറത്തെടുത്തത്. തോറ്റ് തുടങ്ങിയ സീസണ്‍, ഫൈനൽ കളിച്ചാണ് ബ്ലാസ്റ്റേഴ്‌സ് അവസാനിപ്പിച്ചത്. ഷൂട്ടൗട്ട് എന്ന ഭാഗ്യപരീക്ഷണത്തിൽ വീണുപോയ ബ്ലാസ്റ്റേഴ്‌സിന്റെ കളിമികവിലും പരിശീലകനിലും താരങ്ങളിലും ആരാധകർക്ക് സംശയങ്ങളൊന്നുമില്ല.

പരിശീലകൻ ഇവാൻ വുക്കമിനോവിച്ചിന്റെ കരാർ 2025വരെ മാനേജ്‌മെന്റ് നീട്ടിക്കഴിഞ്ഞു. എന്നാൽ ഏതെല്ലാം താരങ്ങള്‍ ബ്ലാസ്‌റ്റേഴ്‌സിലുണ്ടാകുമെന്നാണ് അറിയേണ്ടത്. ബ്ലാസ്‌റ്റേഴ്‌സിന്റെ കുന്തമുനയായിരുന്ന സ്പാനിഷ് താരം അൽവാരോ വാസ്‌ക്വസ് വരുന്ന സീസണിൽ ബ്ലാസ്‌റ്റേഴ്‌സിലുണ്ടാവില്ലെന്നാണ് പുതിയ വിവരം. താരത്തിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലെ ബയോയിൽ നിന്ന് ബ്ലാസ്റ്റേഴ്‌സിനെ ഒഴിവാക്കിയതോടെയാണ് ഇത്തരത്തിലുള്ള ചർച്ചകൾ സജീവമായത്. നേരത്തെ ബയോയില്‍ കേരളബ്ലാസ്റ്റേഴ്‌സ് എന്ന് രേഖപ്പെടുത്തിയിരുന്നു. എന്നാൽ പുതിയ ബയോയിൽ കേരള ബ്ലാസ്റ്റേഴ്‌സ് എന്നില്ല. പകരം പ്രൊഫഷണൽ ഫുട്‌ബോളർ എന്ന് മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 

വാസ്‌ക്വസിന് ഇന്ത്യയിൽ നിന്നുൾപ്പെടെ നിരവധി ഓഫറുകൾ വന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. പുറമെ അമേരിക്കൻ മേജർ ലീഗ് സോക്കറിൽ നിന്നും ചൈനയിൽ നിന്നും താരത്തിന് ഓഫർ വന്നിരുന്നു. ഇതിൽ ചൈനയിൽ നിന്നും വന്ന ഓഫർ നിരസിച്ചതായി വാർത്തകളുണ്ടായിരുന്നു. താരം അമേരിക്കൻ മേജർ ലീഗ് സോക്കറിലേക്ക് പോകുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. അതേസമയം വാസ്‌ക്വസ് കൂട് മാറുകയാണെങ്കിൽ ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയാകും. ബ്ലാസ്റ്റേഴ്‌സിനായി 23 മത്സരങ്ങൾ കളിച്ച താരം 8 ഗോളുകളാണ് നേടിയത്. രണ്ട് ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തിരുന്നു. 


വർഷങ്ങൾക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് ഫൈനൽ കളിച്ചപ്പോൾ അതിൽ നിർണായക പങ്കുവഹിച്ചൊരു താരം പടിയിറങ്ങുകയാണെങ്കിൽ ബ്ലാസ്റ്റേഴ്‌സിന് കനത്ത തിരിച്ചടിയാകുമെന്നുറപ്പാണ്. അതിനാൽ താരത്ത എന്തുവില കൊടുത്തും പിടിച്ച്‌നിർത്താനാവും മാനേജ്‌മെന്റ് ശ്രമിക്കുക. നേരത്തെ അർജന്റീനിയൻ താരം പെരേര ഡയസും വരുന്ന സീസണിൽ ബ്ലാസ്റ്റേഴ്‌സിലുണ്ടാവില്ലെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. അര്‍ജന്‍റീനിയന്‍ ക്ലബ്ബായ ക്ലബ് അത് ലറ്റിക്കോ പ്ലേറ്റെന്‍സില്‍ നിന്നായിരുന്നു ഡയസ് ബ്ലാസ്റ്റേഴ്സിനായി കളിക്കാനെത്തിയത്. തിരിച്ചു ക്ലബ് അത് ലറ്റിക്കോ പ്ലേറ്റെന്‍സിലേക്ക് തന്നെ താരം തിരിച്ചുപോകുമെന്നാണ് വിവരം.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News