സന്തോഷ് ട്രോഫി: മഹാരാഷ്ട്രയ്‌ക്കെതിരെ കേരളത്തിന് ജയത്തിന്റെ മധുരമുള്ള സമനില
ആദ്യ പകുതി മഹാരാഷ്ട്ര കയ്യിൽ വെച്ച മത്സരം രണ്ടാം പകുതിയിൽ മൂന്ന് ഗോൾ തിരിച്ചെടിച്ചാണ് കേരളം കളിയിലേക്ക് തിരിച്ചെത്തിയത്
ഭുവനേശ്വർ: സന്തോഷ് ട്രോഫി ഫുട്ബോളിൽ അവസാന നിമിഷം വരെ ആവേശം അലതല്ലിയ കേരളം- മഹാരാഷ്ട്ര മത്സരം സമനിലയിൽ അവസാനിച്ചു ആദ്യ പകുതി മഹാരാഷ്ട്ര കയ്യിൽ വെച്ച മത്സരം രണ്ടാം പകുതിയിൽ മൂന്ന് ഗോൾ തിരിച്ചെടിച്ച കേരളം സമനിലയിലെത്തിച്ചെങ്കിലും കേരളത്തിന് വിജയഗോൾ കണ്ടെത്താനായില്ല.
ആദ്യ പകുതിയിൽ ഒന്നിനെതിരെ നാല് ഗോളുകൾക്ക് മുന്നിലായിരുന്ന മഹാരാഷ്ട്രയ്ക്കെതിരെ രണ്ടാം പകുതിയിൽ മൂന്ന് ഗോൾ കൂടി തിരിച്ചടിച്ചാണ് കേരളം കൈവിട്ടുപോയ കളി തിരിച്ചുപിടിച്ചത്. രണ്ടാം പകുതിയിൽ കേരളത്തിനായി ജോൺ പോളിന് പുറമേ നിജോ ഗിൽബർട്ടും അർജുൻ വിയും ഗോളടിച്ചു. സ്കോർ (4-4)
മഹാരാഷ്ട്രയ്ക്ക് വേണ്ടി സൂഫിയാൻ ഷെയ്ഖ് രണ്ട് തവണ വലകുലുക്കിയപ്പോൾ ഹിമാൻഷു പാട്ടീൽ, സുമിത് ഭണ്ഡാരി എന്നിവർ ഓരോ ഗോൾ വീതം നേടി. വിശാഖ് മോഹനൻ ആണ് കേരളത്തിനായി ആദ്യ ഗോൾ നേടിയത്.
കളിയുടെ തുടക്കത്തിൽ തന്നെ ആക്രമിച്ചു കളിക്കുകയായിരുന്നു മഹാരാഷ്ട്ര കേരളത്തിന്റെ നീക്കങ്ങൾ കളത്തിന്റെ പകുതിവെച്ച് തടയാനും മഹാരാഷ്ട്ര കളിക്കാർ ശ്രമിച്ചുകൊണ്ടേയിരുന്നു. 17-ാം മിനിറ്റിൽ തന്നെ ലീഡെടുത്ത് മഹാരാഷ്ട്ര കളി തങ്ങളുടെ കയ്യിലാണെന്ന് പറയാതെ പറഞ്ഞു. കേരളത്തിന്റെ പ്രതിരോധനിരയുടെ പാളിച്ചയെ മുതലെടുത്ത് ബോൾ വലയിലെത്തിക്കാൻ സൂഫിയാൻ ഷെയ്ഖിനായി. ആ ഗോളിന്റെ ആരവം അടങ്ങുംമുമ്പ് മഹാരാഷ്ട്ര വീണ്ടും കേരളത്തിന്റെ ഗോൾവല കുലുക്കി. ഇത്തവണ ലക്ഷ്യം കണ്ടത്. നായകൻ ഹിമാൻഷു പാട്ടീലാണ്. 20-ാം മിനിറ്റിലാണ് ഗോൾ പിറന്നത്.
ഇതിനിടെയിൽ 28-ാം മിനിറ്റിൽ ഗോൾ കണ്ടെത്താൻ കേരളത്തിന് മികച്ച അവസരം ലഭിച്ചെങ്കിലും ഭാഗ്യം അകലെ നിന്നു. 35-ാം മിനിറ്റിൽ അക്കൗണ്ടിൽ മൂന്നാം ഗോൾ ചേർത്ത് മഹാരാഷ്ട്ര വീണ്ടും ഞെട്ടിച്ചു. ലക്ഷ്യം കണ്ടത് സുമിത് രാജേന്ദ്രസിങ് ഭണ്ഡാരി. കേരളത്തിന്റെ പ്രതിരോധപൂട്ട് പൊളിച്ചാണ് സുമിത് കേരളത്തിന്റെ വല കുലുക്കിയത്. തൊട്ടുപിന്നാലെ കേരളത്തിനായി ആശ്വാസ ഗോളുമായി വിശാഖ് മോഹൻ അവതരിച്ചു. ബാക്സിനകത്തുനിന്ന മുഹമ്മദ് സലിം നൽകിയ ക്രോസ് വിശാഖ് കാലിൽ കോർത്തെടുത്ത് കൃത്യമായി വലയിലെത്തിച്ചു. എന്നാൽ ആദ്യ പകുതി അലസാനിക്കാൻ മിനുറ്റുകൾ മാത്രം ബാക്കിയുള്ളപ്പോൾ സൂഫിയൻ വീണ്ടും വില്ലനായി. 42-ാം മിനിറ്റിൽ കേരള ഗോൾ വല നാലാമതും കുലുക്കി കളിയുടെ ആധിപത്യം ഉറപ്പിച്ചു. കേരളത്തിന്റെ പ്രതിരോധത്തിലെ പാളിച്ചയാണ് ഗോളിന് വഴിവെച്ചത്. പകരക്കാരനായി വന്ന ആസിഫിന്റെ പിഴവിലൂടെ പന്ത് ലഭിച്ച സൂഫിയാൻ അനായാസം വലകുലുക്കുകയായിരുന്നു.
രണ്ടാം പകുതിയിൽ ആദ്യ പകുതിയിൽ കണ്ട കേരളമായിരുന്നില്ല. ആക്രമിച്ചു കളിച്ചു. കിട്ടിയ ഗോളുകൾ തിരിച്ചടിക്കാനും ആരംഭിച്ചു. അതിന് തുടക്കമിട്ടത്. 65-ാം മിനിറ്റിൽ കേരളത്തിന് അനുകൂലമായി ലഭിച്ച പെനാൽറ്റിയായിരുന്നു. കിക്കെടുത്ത നിജോ ഗിൽബെർട്ട് ബോൾ കൃത്യമായി വലയിലെത്തിച്ചു. സ്‌കോർ 4- 2.
ഇതുകൊണ്ടു നിർത്താൻ കേരളത്തിന് മനസ്സില്ലായിരുന്നു. 71-ാം മിനിറ്റിൽ പകരക്കാരനായി വന്ന അർജുൻ വി കേരളത്തിനായി വല കുലുക്കി. മഹാരാഷ്ട്രൻ പ്രതിരോധ താരങ്ങളെ കബിളിപ്പിച്ച് അർജുൻ തൊടുത്തുവിട്ട തകർപ്പൻ ഗ്രൗണ്ടർ പോസ്റ്റിന്റെ വലത്തെ മൂലയിൽ ചെന്ന് പതിച്ചത് മനോഹരമായ ഗോളിലേക്ക് മിഴി തുറന്നു. സ്‌കോർ 4-3.
കളി തിരിച്ചുപിടിച്ചതിന്റെ ആത്മവിശ്വാസം മുഴുവൻ കേരള താരങ്ങളുടെ കാലുകളിൽ കാണാനായിരുന്നു. മഹാരാഷ്്ട്രൻ കളിക്കാരെ നോക്കുകുത്തിയാക്കി. അവരുടെ ഗോൾ വല ലക്ഷ്യമാക്കി കേരളത്തിന്റെ മിന്നൽ അറ്റാക്കുകൾക്ക് ഗ്രൗണ്ട് സാക്ഷ്യം വഹിച്ചു. 71-ാം മിനിറ്റിൽ പകരക്കാരനായി വന്ന അർജുൻ വി വീണ്ടും കേരളത്തിനായി വലകുലുക്കിയത്. നിജോ ഗിൽബർട്ടിന്റെ പാസിൽ നിന്നാണ് ഗോൾ പിറന്നത്. പക്ഷെ ആ ഗോൾ ഓഫ്‌സൈഡാണെന്ന് പരാതി പറഞ്ഞ് മഹാരാഷ്ട്ര താരങ്ങൾ റഫറിക്കരികിലെത്തി. കളി മിനിറ്റുകളോളം തടസ്സപ്പെട്ടു. അവസാനം റഫറി കേരളത്തനായി ഗോൾ അനുവദിച്ചു. സ്‌കോർ 4-4. ഇൻജുറി സമയത്ത് ഇരുടീമുകളും ആക്രമിച്ചു കളിച്ച് കളം നിറഞ്ഞെങ്കിലും വിജയഗോൾ കണ്ടെത്താനിയില്ല.