കുപ്പിയേറ്, കൂട്ടത്തല്ല്: ഫ്രഞ്ച് ലീഗിൽ മത്സരം തന്നെ നിർത്തിവെച്ചു
നീസ്-മാഴ്‌സെ മത്സരത്തിനിടെയാണ് അനിഷ്ടസംഭവങ്ങൾ നടന്നത്. നീസ് ആരാധകർ മാഴ്‌സെ താരത്തിന് നേരെ കുപ്പിയെറിഞ്ഞതാണ് അടിപിടിയിലേക്ക് എത്തിയത്
ഫ്രഞ്ച് ലീഗിൽ മാഴ്‌സെയും നീസും തമ്മിലുള്ള മത്സരം അടിപിടിയിൽ കലാശിച്ചു. മാഴ്‌സെ താരങ്ങൾ കളിക്കാൻ വിസമ്മതിച്ചതോടെ കളി നിർത്തിവെച്ചു. മാഴ്‌സെ താരം ദിമിത്രി പയറ്റിന് നേരെയാണ് നീസ് ആരാധകരില്‍ നിന്നൊരാൾ കുപ്പി എറിഞ്ഞത്. ദിമിത്രയും വെറുതെ വിട്ടില്ല.
എറിഞ്ഞ കുപ്പി,തിരിച്ച് എറിഞ്ഞു. പിന്നാലെ സഹകളിക്കാരും കൂട്ടിന് എത്തിയതോടെ നീസ് ആരാധകര്‍ സ്റ്റേഡിയം വിട്ട് ഗ്രൗണ്ടിലേക്ക് ഇറങ്ങുകയായിരുന്നു. പിന്നെ സ്റ്റേഡിയം സാക്ഷിയായത് കൂട്ടയടിക്ക്. മത്സരത്തിന്റെ 75ാം മിനുറ്റിലായിരുന്നു അടിപിടിയിൽ എത്തിയ സംഭവങ്ങൾ നടന്നത്. മത്സരത്തിൽ നീസ് ഒരു ഗോളിന് മുന്നിട്ട് നിൽക്കുകയായിരുന്നു.
അടിപിടിയെല്ലാം തീർത്തതിന് ശേഷം നീസ് താരങ്ങൾ കളിക്കാൻ തയ്യാറായെങ്കിലും മാഴ്‌സെ ഗ്രൗണ്ടിൽ ഇറങ്ങിയില്ല. പിന്നാലെ മത്സരം അവസാനിപ്പിക്കുകയായിരുന്നു. അതേസമയം അടിപിടിയിൽ ഏതാനും മാഴ്‌സെ താരങ്ങൾക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്.
Watch Video: