റൊണാൾഡോയുടെ ഈ റെക്കോർഡും മെസ്സി തകർക്കുമോ?

അര്‍ജന്‍റീനക്കായി നീലയും വെള്ളയുമുള്ള ജേഴ്‌സി അണിയുമ്പോൾ അനുഭവിക്കുന്ന സമ്മർദ്ദം മെസ്സിയെ വിട്ടൊഴിഞ്ഞിരിക്കുന്നു

Update: 2023-03-29 11:16 GMT
Advertising

നിലവിൽ അന്താരാഷ്ട്ര ഗോളുകളുടെ നേട്ടത്തിൽ ഒന്നാം സ്ഥാനത്തുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയെ മറികടക്കാന്‍ ലയണല്‍ മെസ്സിക്ക് സാധിക്കുമോ? ഇരുപത് ഗോളിന്റെ അന്തരം ഇരുവര്‍ക്കുമിടയിലുണ്ടെങ്കിലും എല്ലാ കിരീട നേട്ടങ്ങളും നേടി സ്വതന്ത്രമായി ഫുട്ബോൾ ആസ്വദിക്കുന്ന മെസ്സി റൊണാൾഡോയുടെ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര ഗോളുകൾ എന്ന നേട്ടവും മറികടക്കാനാണ് സാധ്യതയെന്നാണ് ഫുട്ബോള്‍ നിരീക്ഷകരുടെ അഭിപ്രായം.

ആൽബിസെലസ്റ്റുകൾക്കായി നീലയും വെള്ളയുമുള്ള ജേഴ്‌സി അണിയുമ്പോൾ അനുഭവിക്കുന്ന സമ്മർദ്ദം മെസ്സിയെ വിട്ടൊഴിഞ്ഞിരിക്കുന്നു. കഴിഞ്ഞ മത്സരത്തിൽ കുറസാവോക്ക് എതിരെ ഹാട്രിക് നേടിയ താരം കരിയറിൽ നൂറ് അന്താരാഷ്ട്ര ഗോളുകൾ എന്ന നാഴികകല്ലും പിന്നിട്ടു കഴിഞ്ഞു. നിലവിൽ 174 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് 102 ഗോളുകളാണ് മെസ്സി അടിച്ചു കൂട്ടിയിരിക്കുന്നത്. ഒന്നാമതുള്ള റൊണാൾഡോക്ക് 122 ഗോളുകൾ നേടാൻ 198 മത്സരങ്ങൾ വേണ്ടി വന്നു. മെസ്സിയേക്കാൾ 24 മത്സരങ്ങൾ അധികം കളിച്ചാണ് റൊണാൾഡോ ഒന്നാമതെത്തിയത്. 35 - കാരനായ മെസ്സി 2026 ലോകകപ്പ് വരെ അർജൻ്റീനക്കായി കളിക്കാൻ സാധ്യതയും, 38 - കാരനായ പോർച്ചുഗൽ താരത്തിന് സാധ്യത കുറവുമായതിനാൽ മെസ്സി റൊണാൾഡോയുടെ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര ഗോളുകൾ എന്ന റെക്കോർഡ് മറികടക്കാനുള്ള സാധ്യതയുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.

മൊത്തം കരിയർ ഗോളുകളിലും 832 ഗോളുമായി റൊണാൾഡോ തന്നെയാണ് മുന്നിൽ. പക്ഷേ ഇവിടെയും കരിയറിൽ മെസ്സിയേക്കാൾ 139 മത്സരങ്ങൾ അധികം കളിച്ചാണ് ഈ നേട്ടം. റൊണാൾഡോ 1157 മത്സരങ്ങൾ ഇത് വരെ കളിച്ചു കഴിഞ്ഞെങ്കിൽ, മെസ്സി 1018 മത്സരങ്ങളാണ് ഇത് വരെ പൂർത്തിയാക്കിയത്. 803 ഗോളുകളുമായി പോർച്ചുഗൽ താരത്തിന് തൊട്ടു പുറകിൽ തന്നെ അർജൻ്റീന താരമുണ്ട്.

കഴിഞ്ഞ രണ്ടു അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നായി റൊണാൾഡോ നാലും മെസ്സി അഞ്ചും ഗോളുകളുമായി അവരുടെ പോരാട്ടം കൂടുതൽ ആവേശഭരിതമാക്കുകയാണ്. ഒന്നര പതിറ്റാണ്ടിന് മുകളിലായിരിക്കുന്നു ഇരു താരങ്ങളും കിരീടങ്ങൾക്കും റെക്കോഡുകൾക്കുമായി പരസ്പരം പോരാടാൻ തുടങ്ങിയിട്ട്, കരിയറിൻ്റെ അവസാനത്തോട് അടുക്കുമ്പോഴും പോരാട്ടത്തിന് ചൂട് കുറഞ്ഞിട്ടില്ലെന്നാണ് ഇരുവരുടെയും അവസന മത്സരങ്ങളിലെ പ്രകടനങ്ങൾ സൂചിപ്പിക്കുന്നത്. ഇനി ഒരുപാട് നാൾ ഇവർ കളി മൈതാനത്ത് ഉണ്ടാകാൻ ഇടയില്ല. ഉള്ളകാലത്തോളം ഇവർ തമ്മിലുള്ള പോരാട്ടം അവസാനിക്കാനും പോകുന്നില്ല.

Tags:    

Writer - ആഷിഖ് റഹ്‍മാന്‍

contributor

Editor - ആഷിഖ് റഹ്‍മാന്‍

contributor

By - Web Desk

contributor

Similar News