സ്‌കലോണി ചോദിക്കുന്നു; 'മെസ്സി ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരൻ, അതു തെളിയിക്കാൻ അയാൾക്കെന്തിന് കിരീടം?'

മുപ്പത് വര്‍ഷത്തോളം നീണ്ട കിരീട വരൾച്ച അവസാനിപ്പിക്കാനാണ് ഫൈനലിൽ മെസ്സിയും സംഘവുമിറങ്ങുന്നത്

Update: 2021-07-10 10:27 GMT
Editor : abs | By : Web Desk
Advertising

ഒരു കിരീടം കൊണ്ട് അളക്കേണ്ടതല്ല മെസ്സിയുടെ പെരുമയെന്ന് അർജന്റീന പരിശീലകൻ ലയണൽ സ്‌കലോണി. കോപ്പ അമേരിക്ക ജയിച്ചാലും ഇല്ലെങ്കിലും ലയണൽ മെസ്സി ഫുട്‌ബോളിലെ ഏറ്റവും മികച്ച കളിക്കാരൻ തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. കോപ്പ ഫൈനലുമായി ബന്ധപ്പെട്ട വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സ്‌കലോണി.

'ജയിച്ചാലും ഇല്ലെങ്കിലും (ഫൈനല്‍) ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനാണ് മെസ്സി. അത് തെളിയിക്കാൻ അയാൾക്ക് ഒരു കിരീടത്തിന്റെ ആവശ്യമില്ല. ടീമിൽ മെസ്സിയുടേത് മികച്ച നേതൃത്വമാണ്. ഫൈനലിൽ ചിരവൈരികളോടാണ് ഏറ്റുമുട്ടുന്നത്. ഞങ്ങൾക്ക് പദ്ധതികളുണ്ട്. ആരാധകർക്ക് ആസ്വദിക്കാൻ കഴയുന്ന കളി തന്നെ കാഴ്ചവയ്ക്കും' - സ്‌കലോണി പറഞ്ഞു.

മുപ്പത് വര്‍ഷത്തോളം നീണ്ട കിരീട വരൾച്ച അവസാനിപ്പിക്കാനാണ് ഫൈനലിൽ മെസ്സിയും സംഘവുമിറങ്ങുന്നത്. 1993ലാണ് അർജന്റീന അവസാനമായി കോപ്പ നേടിയത്. അതിനു ശേഷം ബ്രസീൽ അഞ്ചു തവണ കോപ്പ കിരീടം നേടിയിട്ടുണ്ട്.

സ്വപ്ന ഫൈനൽ

മാരക്കാനയിലെ കലാശപ്പോരിൽ ജയം ആർക്കൊപ്പം നിൽക്കുമെന്ന ഉത്കണ്ഠയിലാണ് ഇപ്പോൾ ഫുട്‌ബോൾ ലോകം. ബ്രസീലും അർജന്റീനയും നേർക്കുനേർ വരുന്നു എന്ന ഒറ്റക്കാരണം കൊണ്ട് യൂറോ കപ്പിലെ ആവേശം പോലും ചോർന്നു പോയി. ഫൈനലിൽ മെസ്സി-നെയ്മർ പോരാട്ടവും ആരാധകർ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്.

'ഫൈനലിൽ എനിക്ക് അർജന്റീന വേണം' എന്ന നെയ്മറിന്റെ വാക്കുകൾ പോരിന് ആവേശം പകർന്നിട്ടുണ്ട്. 'എയ്ഞ്ചൽ ഡി മരിയ, ലിയാൻഡ്രോ പരദെസ് പോലെ അവിടെ എനിക്ക് സുഹൃത്തുക്കൾ ഉണ്ട്. എന്നാലും ഫൈനലിൽ ബ്രസീൽ ജയിക്കും' - എന്നായിരുന്നു നെയ്മറിന്റെ പ്രസ്താവന. ബാഴ്‌സലോണയിൽ കൂടെക്കളിച്ച അടുത്ത സുഹൃത്ത് ലയണൽ മെസ്സിയെ അദ്ദേഹം വിട്ടുകളഞ്ഞു എന്നതാണ് ഏറെ കൗതുകകരം. 


എന്നാൽ അർജന്റീനയെ പുകഴ്ത്തിയ ആ പ്രസ്താവന ബ്രസീൽ ആരാധകരെ ചൊടിപ്പിച്ചു. ഇതോടെ സൂപ്പർ താരത്തിന് മറ്റൊരു പ്രസ്താവനയും ഇറക്കേണ്ടി വന്നു. 'ഏറെ അഭിമാനവും സ്‌നേഹവുമുള്ള ബ്രസീലിയനാണ് ഞാൻ. ആരാധകരുടെ ആരവം കേട്ട് ദേശീയ ടീമിന് വേണ്ടി കളിക്കുക എന്നതായിരുന്നു എന്റെ സ്വപ്നം. ബ്രസീലിനെതിരെ വരുന്ന ആരെയും പിന്തുണച്ചിട്ടില്ല'- എന്നായിരുന്നു നെയ്മറിന്‍റെ വിശദീകരണം. 

2007ലും (ബ്രസീലിന് എതിരെ), 2016ലും (ചിലിക്ക് എതിരെ) ഫൈനലിൽ കൈവിട്ട കിരീടം ഇത്തവണയെങ്കിലും രാജ്യത്തിന് സമ്മാനിക്കുക എന്ന ദൗത്യമാണ് മെസ്സിക്ക് മുമ്പിലുള്ളത്. ചിലിക്കെതിരെ ഷൂട്ടൗട്ടിൽ പെനാൽറ്റി പാഴാക്കി, ടീം തോറ്റതിന് പിന്നാലെ മെസ്സി അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.

അന്ന് 29 വയസ്സായിരുന്നു മെസ്സിക്ക്. 'എനിക്കാവുന്നതെല്ലാം ഞാൻ ചെയ്തു. നാലു ഫൈനലുകളിലെത്തിയിട്ടും രാജ്യത്തിന് വേണ്ടി ഒരു കിരീടം നേടാനാകാത്തതിൽ അതിയായ സങ്കടമുണ്ട്. അർജന്റീന ജഴ്‌സിയിലുള്ള കളി ഇവിടെ തീരുന്നു' - എന്നായിരുന്നു ഇതിസാഹ താരത്തിന്റെ പ്രഖ്യാപനം. എന്നാൽ സമ്മർദങ്ങളെ തുടർന്ന് പിന്നീട് താരം കളത്തിൽ തിരിച്ചെത്തുകയായിരുന്നു. 

ടൂർണമെന്റിൽ മികച്ച ഫോമിലാണ് മെസ്സി. ഇതുവരെ അഞ്ചു ഗോളാണ് താരം നേടിയത്. നാല് അസിസ്റ്റുകളും സ്വന്തമാക്കി. ഇതിനെല്ലാം പുറമേ, വിജയിക്കാനായി ടീമിനെ പ്രചോദിപ്പിക്കുന്ന കപ്പിത്താൻ കൂടിയാണ് ഇത്തവണ ലിയോ.

Tags:    

Editor - abs

contributor

By - Web Desk

contributor

Similar News