'മെസി ബാഴ്‌സലോണയിലേക്ക് വന്നാൽ മതി, സ്വീകരിക്കാൻ തയ്യാർ': സെർജി റോബർട്ടോ
'മടങ്ങിവരവിനെ കുറിച്ച് ആത്യന്തികമായി മെസിയും കോച്ചും, പ്രസിഡന്റും ഒക്കെ തന്നെയാണ് തീരുമാനം എടുക്കേണ്ടത്'
ബാഴ്സലോണ: അര്‍ജന്റീനന്‍ ഇതിഹാസം ലയണല്‍ മെസി ബാഴ്‌സലോണയിലേക്ക് തിരിച്ചുവരണമെന്ന് സൂപ്പര്‍താരം സെര്‍ജി റോബേര്‍ട്ടോ. 'ആരാണ് അദ്ദേഹത്തിന്റെ തിരിച്ചുവരവ് ആഗ്രഹിക്കാത്തത്, തുറന്ന കൈകളുമായി മെസിയെ ഞങ്ങൾ സ്വാഗതം ചെയ്യും', ഒരഭിമുഖത്തിനിടെ റോബോര്‍ട്ടോ വ്യക്തമാക്കി. എന്നാൽ മടങ്ങിവരവിനെ കുറിച്ച് ആത്യന്തികമായി മെസിയും, കോച്ചും, പ്രസിഡന്റും ഒക്കെ തന്നെയാണ് തീരുമാനം എടുക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പി.എസ്.ജിയില്‍ മെസിയുടെ കരാര്‍ വരുന്ന ജൂണില്‍ അവസാനിക്കാനിരിക്കെ താരം സ്‌പെയ്‌നിലേക്കോ ഇന്റര്‍മിയാമിയിലേക്കോ ചേക്കേറാനാണ് പദ്ധതിയിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഹിലാലും താരത്തെ സ്വന്തമാക്കാന്‍ രംഗത്തുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം പി.എസ്.ജി ആരാധകരില്‍ നിന്നും മോശമായ അനുഭവങ്ങൾ ഉണ്ടാവുന്നത്തിനെ കുറിച്ചുചോദിച്ചപ്പോൾ അത് എന്തു കൊണ്ടാണെന്ന് മനസിലാവുന്നില്ലെന്നും ഗോളും അസിസ്റ്റുമായി മികച്ച സീസണിലൂടെയാണ് മെസി കടന്ന് പോകുന്നതെന്നും റോബോര്‍ട്ടോ വ്യക്തമാക്കി.
കരിയറില്‍ മെസി ഇതുവരെ അനുഭവിക്കാത്ത പ്രതിഷേധമാണ് ആരാധകരുടെ ഭാഗത്ത് നിന്നും കഴിഞ്ഞദിവസം ഉണ്ടായത്. ചാമ്പ്യൻസ് ലീഗിലെ തോൽവി തന്നെയായിരുന്നു ആരാധകരുടെ പ്രതിഷേധത്തിന് കാരണം. മെസിയുടെ മോശം പ്രകടനമാണ് തോൽവിക്ക് കാരണമായി ആരാധകർ കരുതുന്നത്. നൽകുന്ന പ്രതിഫലത്തിനൊത്ത പ്രകടനം താരത്തിൽ നിന്നുണ്ടാവുന്നില്ലെന്നാണ് ആരാധകര്‍ വിമര്‍ശം ഉന്നയിക്കുന്നത്. ചാമ്പ്യൻസ് ലീഗ് നേടുക എന്ന ലക്ഷ്യത്തോടുകൂടിയാണ് 2021ൽ പിഎസ്ജി മാനേജ്മെൻറ് ലയണൽ മെസിയെ ടീമിൽ എത്തിച്ചത്.
എംബാപ്പയെയും നെയ്മറിനെയും പോലുള്ള സൂപ്പര്‍ താരങ്ങളുടെ കൂട്ടുണ്ടായിട്ടുപോലും മെസിയുടെ ടീമിന് യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ എവിടെയും എത്താൻ സാധിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് താരത്തിനെതിരെ ഒരുവിഭാഗം പിഎസ്ജി ആരാധകര്‍ തിരിഞ്ഞത്. ഒടുവില്‍ കൂവലില്‍വരെ എത്തി.