ലോകജേതാവായ ശേഷം പി.എസ്.ജിയിൽ തിരിച്ചെത്തി മെസി
ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദിയിലേക്കെത്തിയതിന് പിന്നാലെ ലോക ചാമ്പ്യൻ ലയണൽ മെസ്സിയും സൗദിയിലേക്കെന്ന് റിപ്പോർട്ടുണ്ടായിരുന്നു
പാരീസ്: കരിയറിലെ ആദ്യ ലോകകപ്പ് കിരീടം നേടിയ ശേഷം അർജൻറീനൻ സൂപ്പർ താരം ലയണൽ മെസി തന്റെ ക്ലബായ പാരിസ് സെയ്ൻറ് ജെർമെയ്‌നിൽ തിരിച്ചെത്തി. ക്ലബ് തങ്ങളുടെ സമൂഹ മാധ്യമ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ലയണൽ മെസി ക്ലബ്ബുമായുള്ള കരാർ 2024 വരെ നീട്ടിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. പുതിയ കരാർ തയ്യാറാക്കുന്നതിനായുള്ള ചർച്ചകൾ തുടർന്ന് നടക്കുമെന്നാണ് നിരീക്ഷകനായ ഫബ്രിസിയോ റൊമാനോ പറയുന്നത്. ഈ ആഴ്ച കരാർ ഒപ്പിടാനിടയില്ലെന്നും തിരക്കില്ലെന്നും മെസി ക്ലബിലെത്തിയ വീഡിയോ പങ്കുവെച്ച് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദിയിലേക്കെത്തിയതിന് പിന്നാലെ ലോക ചാമ്പ്യൻ ലയണൽ മെസ്സിയും സൗദിയിലേക്കെന്ന് റിപ്പോർട്ടുണ്ടായിരുന്നു. അൽ നസ്ർ ക്ലബ്ബാണ് ക്രിസ്റ്റ്യാനോയെ റെക്കോഡ് തുകയ്ക്ക് സൗദിയിലെത്തിച്ചതെങ്കിൽ സൗദിയിലെ അവരുടെ പ്രധാന എതിരാളികളായ അൽ ഹിലാൽ ക്ലബ്ബാണ് താരത്തെ സൗദിയിലേക്കെത്തിക്കാൻ ശ്രമിക്കുന്നതെന്നാണ് ഇറ്റാലിയൻ പത്രമായ 'കാൽസിയോ മെർകാറ്റോ' പറഞ്ഞിരുന്നത്.
ക്രിസ്റ്റ്യാനോ തങ്ങളുടെ പ്രധാന എതിരാളികളായ അൽ നസ്‌റിനൊപ്പം ചേർന്നതിന് തൊട്ടുപിന്നാലെ അൽ ഹിലാൽ ക്ലബ് മെസ്സിയുടെ ജഴ്സികൾ അവരുടെ ക്ലബ് ഷോപ്പിൽ വിൽപ്പനയ്‌ക്കെത്തിച്ചതോടെയാണ് മെസ്സിയുടെ ട്രാൻസ്ഫർ വാർത്തകൾക്ക് പ്രചാരമേറിയത്. അൽ ഹിലാൽ ക്ലബ് മെസ്സിയുമായി സമീപഭാവിയിൽ തന്നെ ലോകത്തെ ഏറ്റവും വലിയ തുകയ്ക്ക് കരാറിലെത്തുമെന്നാണ് പറയപ്പെടുന്നത്. സംഭവം സത്യമായാൽ ഫുട്ബോൾ ട്രാൻസ്ഫർ ചരിത്രത്തിലെ ഏറ്റവും ഉയർന്ന കരാറായിരിക്കും നടക്കാൻ പോകുന്നത്. അൽ നസ്ർ ക്ലബിന്റെ ഏറ്റവും വലിയ എതിരാളിയായ അൽ ഹിലാൽ സാക്ഷാൽ ലയണൽ മെസ്സിയെ തങ്ങളുടെ നിരയിൽ എത്തിക്കാൻ എന്തും ചെയ്യുമെന്നും ഇറ്റാലിയൻ പത്രം മുമ്പും പറഞ്ഞിരുന്നു. കുവൈത്തിലെ മുൻ ഇൻഫർമേഷൻ മന്ത്രി ഡോ. സാദ് ബിൻ തഫേല അൽ അജ്മി അടക്കം ഈ സാധ്യത എടുത്തു പറഞ്ഞു. മെസ്സിയെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങൾ അൽ ഹിലാൽ ഗൗരവമായി തുടരുകയാണെന്നാണ് അദ്ദേഹം പറയുന്നത്.
ലോകകപ്പ് ഇടവേളക്ക് ശേഷം മെസ്സിയുമായി കരാർ ചർച്ചകളിലേക്ക് കടക്കുമെന്ന് പിഎസ്ജി സൂചന നൽകിയിരുന്നു. മെസ്സിയും കിലിയൻ എംബാപ്പെയും ക്ലബ്ബിനൊപ്പം വേണമെന്നായിരുന്നു പി.എസ്.ജി പ്രസിഡന്റ് നാസർ അൽ ഖലീഫി അറിയിച്ചിരുന്നത്. ഇതിൽ ലോകകപ്പ് ഫൈനലിൽ പരാജയപ്പെട്ട ഫ്രാൻസിന്റെ സൂപ്പർ താരം കിലിയൻ എംബാപ്പെ മൂന്നു ദിവസത്തിനകം ക്ലബിലെത്തിയിരുന്നു. എന്നാൽ മെസ്സിയും നെയ്മറുമില്ലാതെ ഇറങ്ങിയ പി.എസ്.ജി ഫ്രഞ്ച് ലീഗിൽ ലെൻസിനോട് പരാജയപ്പെട്ടിരുന്നു. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു പി.എസ്.ജി യുടെ പരാജയം.
2021 ആഗസ്റ്റ് 10ന് ബാഴ്സലോണ വിട്ട് പി.എസ്.ജിയിലെത്തിയ മെസ്സി ഇത്തവണ ക്ലബ്ബിനായി മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. രണ്ടു സീസണിലേക്കായിരുന്നു താരവുമായുള്ള കരാർ. ആവശ്യമാണെങ്കിൽ ഒരു വർഷം ദീർഘിപ്പിക്കാമെന്നും കരാറിലുണ്ടായിരുന്നു.
ഫ്രാൻസിനെ തകർത്ത് അർജൻറീന ഫുട്‌ബോളിന്റെ വിശ്വകിരീടത്തിൽ മുത്തമിട്ടപ്പോൾ മെസിയെ ഫ്രഞ്ച് ആരാധകർ എങ്ങനെ സ്വീകരിക്കുമെന്ന് ചോദ്യമുയർന്നിരുന്നു. അതിന് മറുപടിയുമായി പി.എസ്.ജി മാനേജർ ക്രിസ്റ്റഫ് ഗാൾട്ടിയർ എത്തിയിരുന്നു. ''തീർച്ചയായും മെസ്സിക്ക് ഞങ്ങൾ മികച്ച സ്വീകരണമാണ് ഒരുക്കാൻ പോകുന്നത്. ലോകത്തിലെ ഏറ്റവും മികച്ച ട്രോഫിയാണ് അദ്ദേഹം കരസ്ഥമാക്കിയിരിക്കുന്നത്. അതിനൊക്കെ പുറമെ സീസണിൽ പി.എസ്.ജിക്കായി മെസ്സിയുടെ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്. ജനുവരി മൂന്നിന് മെസ്സി ടീമിനൊപ്പം ചേരും''- ഗാൾട്ടിയർ പറഞ്ഞു.
Argentine Footballer Lionel Messi returns to his club Paris Saint-Germain after winning the first World Cup title of his career