ലിവർപൂളിനെ സ്വന്തമാക്കാൻ മുകേഷ് അംബാനിയും
ഫോബ്‌സ് പട്ടിക പുറത്തുവിട്ട ഏറ്റവും പുതിയ കണക്ക്പ്രകാരം ലോകത്തിലെ സമ്പന്നരിൽ എട്ടാം സ്ഥാനാണ് റിലയൻസ് ഇൻഡസ്ട്രീസ് അധിപനായ മുകേഷ് അംബാനിക്കുള്ളത്
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ മികച്ച ക്ലബ്ബുകളിലൊന്നായ ലിവർപൂളിനെ സ്വന്തമാക്കാൻ മുകേഷ് അംബാനി താൽപര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ട്. ഫോബ്‌സ് പട്ടിക പുറത്തുവിട്ട ഏറ്റവും പുതിയ കണക്ക്പ്രകാരം ലോകത്തിലെ സമ്പന്നരിൽ എട്ടാം സ്ഥാനാണ് റിലയൻസ് ഇൻഡസ്ട്രീസ് അധിപനായ മുകേഷ് അംബാനിക്കുള്ളത്. മുകേഷ് അംബാനി ക്ലബ്ബിനെക്കുറിച്ച് അന്വേഷിച്ചതായി പ്രമുഖ ഇംഗ്ലീഷ് മാധ്യമങ്ങളൊക്കെ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം മുകേഷ് അംബാനിക്ക് ലിവർപൂൾ സ്വന്തമാക്കുക എളുപ്പമാകില്ലെന്നും പറയപ്പെടുന്നു. അമേരിക്കയിൽ നിന്നും അറബ് രാഷ്ട്രങ്ങളിൽ നിന്നുമൊക്കെയുള്ള ഗ്രൂപ്പുകളും ലിവർപൂളിന് പിന്നാലെയുണ്ട്. ഫെൻവേ സ്‌പോർട്‌സ് ഗ്രൂപ്പിന്റെ കൈകളിലാണിപ്പോൾ ലിവർപൂൾ. അവർ ക്ലബ്ബിനെ കൈമാറാൻ ഉദ്ദേശിക്കുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
എന്നാല്‍ കൈമാറ്റ തുകസംബന്ധിച്ച് വ്യക്തമായ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിട്ടില്ല. ഇന്ത്യൻ കായിക രംഗത്ത് മുകേഷ് അംബാനി ഇതിനകം തന്നെ മുദ്രപതിപ്പിച്ചിട്ടുണ്ട്. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് അംബാനിയുടെതാണ്. ഐപിഎല്ലിലെ മികച്ച ടീമുകളിലൊന്നാണ് ഇപ്പോള്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ നയിക്കുന്ന ടീം. അഞ്ച് ഐപിഎല്‍ കിരീടങ്ങളാണ് മുബൈയുടെ ഷെല്‍ഫിലുള്ളത്. ഇന്ത്യൻ ഫുട്‌ബോളിന് മാറ്റിമറിക്കാനുദ്ദേശിക്കുന്ന ഐഎസ്എല്ലിന്റെ ശിൽപികളിലൊരാളായും മുകേഷ് അംബാനിയെ കണക്കാക്കുന്നുണ്ട്.
അതേസമയം 2010 ഒക്ടോബറിലാണ് ടോം ഹിക്സ്-ജോര്‍ജ് ഗില്ലെറ്റില്‍ നിന്ന് ഫെന്‍വേ ഗ്രൂപ്പ് ലിവര്‍പൂളിനെ സ്വന്തമാക്കിയത്. 300 മില്യണ്‍ പൗണ്ടിനാണ് ഫെന്‍വേ ഗ്രൂപ്പ് ലിവര്‍പൂളിനെ അന്ന് സ്വന്തമാക്കിയത്. എന്നാല്‍ കഴിഞ്ഞ 12 വര്‍ഷത്തിനിടെ ക്ലബ്ബ് നേടിയ കിരീടങ്ങളിലൂടെ മൂല്യം കുതിച്ചുയര്‍ന്ന പശ്ചാത്തലത്തില്‍ ഇപ്പോള്‍ വില്‍പന നടന്നാല്‍ നാല് ബില്യണ്‍ പൗണ്ട് വരെ ക്ലബ്ബിന് ലഭിക്കാമെന്നാണ് കണക്കുകൂട്ടൂന്നത്. കഴിഞ്ഞ 12 വര്‍ഷത്തിനിടെ പ്രീമിയര്‍ ലീഗ്, ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങള്‍ ഉള്‍പ്പെടെ 12 കരീടങ്ങള്‍ സ്വന്തമാക്കിയ ലിവര്‍പൂളിന് ഇന്ത്യയിലും ഒട്ടേറെ ആരാധകരുണ്ട്. ഇതെല്ലാം കണക്ക്കൂട്ടിയാവണം അംബാനിയുടെ പുതിയ നീക്കം.