'അധികകാലം കളി തുടരാൻ ആലോചിക്കുന്നില്ല'; ബാളൻ ഡി ഓർ ഏറ്റുവാങ്ങി മെസി
'നിലവിൽ ഞാൻ ആസ്വദിച്ചുകളിക്കുന്നുണ്ട് എന്നു മാത്രമേയുള്ളൂ. ഞാനിപ്പോഴുള്ള യു.എസിൽ കോപ അമേരിക്ക വരാനിരിക്കുകയാണ്. അതിനു വേണ്ടി നല്ല ആരോഗ്യത്തോടെയിരിക്കാനാണ് ഇപ്പോൾ ഞാൻ ചിന്തിക്കുന്നത്.''
പാരിസ്: അധികകാലം കളി തുടരാൻ ആലോചിക്കുന്നില്ലെന്ന് സൂപ്പർ താരം ലയണൽ മെസി. ലോകത്തെ മികച്ച ഫുട്‌ബോളർക്കുള്ള ബാളൻ ഡി ഓർ എട്ടാം തവണയും ഏറ്റുവാങ്ങിയ ശേഷമാണ് മെസിയുടെ വെളിപ്പെടുത്തൽ. യു.എസിൽ വരാനിരിക്കുന്ന കോപ അമേരിക്കയാണ് ഇനി മുന്നിലുള്ളതെന്നും അതിനുശേഷം തീരുമാനമെടുക്കുമെന്നും താരം വ്യക്തമാക്കി.
''കഴിഞ്ഞ തവണ ഈ പുരസ്‌കാരം നേടിയത് അർജന്റീനയുടെ (2021ലെ) കോപ അമേരിക്ക കിരീട നേട്ടത്തിലൂടെയായിരുന്നു. ഇത്തവണ കുറച്ചുകൂടി വിശേഷപ്പെട്ടതാണ്. ലോകകപ്പ് നേടിയ ശേഷമാണ് ഇതു ലഭിക്കുന്നത്. എല്ലാവരും ആഗ്രഹിക്കുന്ന കിരീടമാണത്. എനിക്കും എന്റെ സഹതാരങ്ങൾക്കും രാജ്യത്തിനുമെല്ലാം അതൊരു സ്വപ്‌നസാഫല്യമായിരുന്നു.''-മെസി പറഞ്ഞു.
''കരിയറിലുടനീളം എന്നെ പിന്തുണച്ച ചുറ്റുമുള്ള മനുഷ്യരോട് നന്ദിവാക്കുകൾ മാത്രമാണു പറയാനുള്ളത്. എന്റെ കുടുംബത്തിനൊപ്പം എനിക്കൊപ്പം നിന്നവർക്കും പ്രത്യേകമായി ഈ പുരസ്‌കാരം ഞാൻ സമർപ്പിക്കുകയാണ്. ഇത് അർജന്റീന ടീമിലെ സഹതാരങ്ങൾക്കും സാങ്കേതിക വിഭാഗത്തിനും മറ്റു ജീവനക്കാർക്കും സമർപ്പിക്കുന്നു. നമ്മളൊന്നാകെ ലോകകപ്പ് നേടിയിരുന്നില്ലെങ്കിൽ ഇതും സാധ്യമാകുമായിരുന്നില്ല.''
അധികകാലം കളി തുടരുന്നതിനെ കുറിച്ച് താൻ ആലോചിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിൽ ഞാൻ ആസ്വദിച്ചുകളിക്കുന്നുണ്ട് എന്നു മാത്രമേയുള്ളൂ. ഞാനിപ്പോഴുള്ള യു.എസിൽ കോപ അമേരിക്ക വരാനിരിക്കുകയാണ്. അതിനു വേണ്ടി നല്ല ആരോഗ്യത്തോടെയിരിക്കാനാണ് ഇപ്പോൾ ഞാൻ ചിന്തിക്കുന്നത്. അവിടെനിന്നങ്ങോട്ട് പിന്നീട് എന്താകുമെന്ന് അപ്പോൾ നോക്കാമെന്നും മെസി വെളിപ്പെടുത്തി.
ബാഴ്‌സലോണയിൽനിന്ന് പി.എസ്.ജിയിലെത്തിയ ശേഷം കാര്യങ്ങൾ ഉദ്ദേശിച്ച രീതിയിലല്ല നടന്നതെന്നും താരം സമ്മതിച്ചു. ഞാൻ പ്രതീക്ഷിച്ച പോലെ ഒന്നും വന്നില്ല. പക്ഷെ, ആ നഗരത്തെ ഞാൻ ആസ്വദിച്ചിരുന്നു. എന്റെ മക്കൾക്കും ഏറെ ഇഷ്ടമായിരുന്നു. അവിടം വിടുന്നത് പ്രയാസകരം തന്നെയായിരുന്നു. അതിമനോഹരമായ നഗരമാണത്. അവിടെ ജീവിക്കാനായതും ഭാഗ്യമാണ്. പക്ഷെ, ഫുട്‌ബോളിൽ പ്രതീക്ഷിച്ച പോലെയായില്ലെ ഒന്നുമെന്നും ലയണൽ മെസി കൂട്ടിച്ചേർത്തു.
മാഞ്ചസ്റ്റർ സിറ്റി സ്‌ട്രൈക്കർ എർലിങ് ഹാളണ്ടിനെ പിന്തള്ളിയാണ് മെസി ബാളൻ ഡി ഓർ റെക്കോർഡ് നേട്ടം സ്വന്തമാക്കിയത്. ബാഴ്‌സലോണയുടെ സ്പാനിഷ് താരം എയ്താന ബോൺമാട്ടിയാണ് മികച്ച വനിതാ ഫുട്‌ബോളർക്കുള്ള ബാളൻ ഡി ഓർ ഫെമിനിൻ നേടിയത്. മികച്ച സ്‌ട്രൈക്കർക്കുള്ള ഗർഡ് മുള്ളർ ട്രോഫി ഹാളണ്ടും മികച്ച ഗോൾകീപ്പർക്കുള്ള ലെവ് യാഷിൻ ട്രോഫി അർന്റീന കീപ്പർ എമിലിയാനോ മാർട്ടിനസും സ്വന്തമാക്കി. ജൂഡ് ബെല്ലിങ്ങാം ആണ് 21 വയസ്സിനു താഴെയുള്ള മികച്ച താരം. ബ്രസീൽ-റയൽ മാഡ്രിഡ് താരം വിനിഷ്യസ് ജൂനിയർ സോക്രട്ടീസ് പുരസ്‌കാരം നേടിയപ്പോൾ 2023ലെ മികച്ച ക്ലബ്ബിനുള്ള അവാർഡ് മാഞ്ചസ്റ്റർ സിറ്റിയും ബാഴ്‌സലോണ വനിതാ ടീമും പങ്കിട്ടു.
Summary: 'Not thinking about long-term future": Lionel Messi after claiming eighth Ballon d'Or