'വൺ ലൗ' ആംബാൻഡ് ധരിച്ചാൽ മഞ്ഞക്കാർഡും വിലക്കും; ഫിഫയുടെ മുന്നറിയിപ്പിൽ തീരുമാനം പിൻവലിച്ച് യൂറോപ്യൻ ടീമുകൾ

ഇംഗ്ലണ്ട്, വെയിൽസ്, ബെൽജിയം, ഡെന്മാർക്ക്, ജർമനി, നെതർലൻഡ്‌സ്, സ്വിറ്റ്‌സർലൻഡ് എന്നീ ടീമുകളുടെ ക്യാപ്റ്റന്മാർ 'വൺ ലൗ' ആംബാൻഡ് ധരിച്ചായിരിക്കും മത്സരത്തിനിറങ്ങുകയെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു

Update: 2022-11-21 14:41 GMT
Editor : Shaheer | By : Web Desk
Advertising

ദോഹ: എൽ.ജി.ബി.ടി.ക്യു അവകാശങ്ങളെ പിന്തുണച്ച് ലോകകപ്പിൽ 'വൺ ലൗ' ആംബാൻഡ് ധരിക്കാനുള്ള തീരുമാനത്തിൽനിന്ന് പിൻവാങ്ങി യൂറോപ്യൻ ടീമുകൾ. ഇംഗ്ലണ്ട്, ജർമനി അടക്കം ഏഴ് ടീമുകളാണ് നീക്കം ഉപേക്ഷിച്ചത്. 'വൺ ലൗ' ആംബാൻഡ് ധരിച്ച് ഇറങ്ങിയാൽ വിലക്ക് അടക്കം കർശന നടപടിയുണ്ടാകുമെന്ന് ഫിഫ മുന്നറിയിപ്പ് നൽകിയിരുന്നു.

'വൺ ലൗ' ആംബാൻഡ് ധരിച്ചായിരിക്കും ഇംഗ്ലീഷ് ക്യാപ്റ്റൻ ഹാരി കെയ്‌നും ജർമൻ നായകൻ മാനുവൽ ന്യൂയറും ലോകകപ്പിൽ മത്സരങ്ങൾക്കിറങ്ങുകയെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. പിന്നീട് മറ്റ് യൂറോപ്യൻ ടീമുകളും ഇതിനെ പിന്തുണച്ച് രംഗത്തെത്തി. ആംബാൻഡ് ധരിച്ച് ഇറങ്ങാൻ ഇംഗ്ലണ്ട്, വെയിൽസ്, ബെൽജിയം, ഡെന്മാർക്ക്, ജർമനി, നെതർലൻഡ്‌സ്, സ്വിറ്റ്‌സർലൻഡ് എന്നീ ടീമുകളുടെ ഫെഡറേഷൻ തീരുമാനിച്ചു. ഖത്തർ എൽ.ജി.ബി.ടിക്യു വിരുദ്ധരാണെന്ന് ആരോപിച്ചായിരുന്നു ഇത്.

എന്നാൽ, ഇംഗ്ലണ്ട്-ഇറാൻ മത്സരം ആരംഭിക്കാൻ ഏതാനും മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയാണ് തീരുമാനം പിൻവലിക്കുന്നതായി ടീമുകൾ സംയുക്ത പ്രസ്താവനയിൽ അറിയിച്ചത്. കളിക്കളത്തിൽ നായകന്മാർ ആംബാൻഡ് ധരിച്ച് ഇറങ്ങിയാൽ ടീമുകൾക്ക് വിലക്കേർപ്പെടുത്തുന്നതടക്കമുള്ള ശക്തമായ അച്ചടക്കനടപടികളുണ്ടാകുമെന്ന് ഫിഫ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് പ്രസ്താവനയിൽ പറയുന്നു. ഇതിനാലാണ് ആംബാൻഡ് ധരിക്കേണ്ടെന്ന് ക്യാപ്റ്റന്മാരെ അറിയിച്ചിരിക്കുന്നതെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.

ഫിഫ മാർഗനിർദേശപ്രകാരം അസോസിയേഷൻ അപകടകരമോ അശ്ലീലമോ മാന്യമല്ലാത്തതോ ആയി കണക്കാക്കുന്ന വസ്ത്രവും ഉപകരണങ്ങളുമായി കളിക്കളത്തിൽ ഇറങ്ങാൻ പാടില്ല. രാഷ്ട്രീയപരമോ മതപരമോ വ്യക്തിപരമോ ആയ മുദ്രാവാക്യങ്ങളും പ്രസ്താവനകളും ചിത്രങ്ങളും കളിനിയമങ്ങൾ പൂർണമായി പാലിക്കാത്ത കാര്യങ്ങളുമല്ലൊം ഇക്കൂട്ടത്തിൽ ഉൾപ്പെടും.

ഫിഫ അംഗീകരിക്കാത്ത ആംബാൻഡ് ധരിച്ച് കളിക്കളത്തിൽ ഇറങ്ങിയാൽ മഞ്ഞക്കാർഡ് ലഭിക്കും. രണ്ടാമത്തെ മഞ്ഞക്കാർഡാണെങ്കിൽ താരങ്ങൾ ഗ്രൗണ്ട് വിടേണ്ടിവരും. നിയമലംഘനമുണ്ടായാൽ മാച്ച് കമ്മിഷണർ ഫിഫയെ അറിയിക്കും. നിയമലംഘനം നടത്തിയ സാധനം പിടിച്ചെടുക്കും. ഇതോടൊപ്പം ഫിഫയ്ക്ക് റിപ്പോർട്ടും നൽകും. ഈ റിപ്പോർട്ട് ലഭിച്ചില്ലെങ്കിലും ഫിഫ സംഭവം അന്വേഷിച്ച് തുടർനടപടികൾ സ്വീകരിക്കും.

Summary: 7 European teams including England and Germany abandoned plans to wear a rainbow-themed 'OneLove' armband in support of LGBTQ rights at the World Cup, citing the threat of disciplinary action including sporting sanctions from FIFA

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News