ഒന്നുമില്ലായ്മയിൽ നിന്ന് വിജയകുതിപ്പ്; പോരാട്ട വീര്യവുമായി ഫലസ്തീൻ വനിതാ ഫുട്‌ബോൾ ടീം

ആദ്യമായി യൂറോപ്പിൽ പന്തുതട്ടിയ ഫലസ്തീൻ വനിതാ ഫുട്‌ബോൾ ടീം അയർലൻഡിനെ തോൽപിച്ച് വരവറിയിച്ചു.

Update: 2024-08-19 12:17 GMT
Editor : Sharafudheen TK | By : Sports Desk
Advertising

ദോഹ: ജനിച്ച മണ്ണിൽ ഇസ്രായേൽ നടത്തുന്ന ക്രൂരതകൾക്കിടെ ഫുട്‌ബോൾ മൈതാനത്തിറങ്ങി വിജയം സ്വന്തമാക്കി ഫലസ്തീൻ വനിതാ ടീം. ഐറിഷ് ക്ലബായ ബൊഹീമിയൻസ് എഫ്.സിക്കെതിരെയാണ് ടീം 2-1 സ്വപ്‌ന വിജയം കൈവരിച്ചത്. ഒന്നിമില്ലായ്മയിൽ നിന്നാണ് ഫലസ്തീൻ ടീം പ്രതീക്ഷയോടെ പന്തുതട്ടിയത്. ഗസയിൽ യുദ്ധം തുടങ്ങിയ ശേഷം ഇതുവരെ ഫലസ്തീൻ ടീം ഫുട്‌ബോൾ മൈതാനത്ത് ഇറങ്ങിയിട്ടില്ല. അയർലാൻഡിലേക്ക് പോകുന്നതിന് മുൻപായി ജോർദാനിലെ ക്വീൻ ആലിയ എയർപോർട്ടിൽ കണ്ടുമുട്ടിയപ്പോൾ വനിതാ താരങ്ങൾ ഈറനണിഞ്ഞു. പലരും നേരിൽ കാണുന്നത് ദീർഘകാലത്തിന് ശേഷം.

ഫലസ്തീൻ വനിതാ ടീം യൂറോപ്പിൽ ഇതുവരെ പന്തു തട്ടിയിട്ടില്ല. ഗസയിലും റഫയിലും കുഞ്ഞുങ്ങളും സ്ത്രീകളുമടങ്ങുന്ന നിരപരാധികൾ മരിച്ച് വീഴുമ്പോഴും മനംതകരാതെയാണ് കിലോമീറ്ററുകൾ താണ്ടിയാണ് ഫുട്‌ബോൾ കളിക്കാനായി അയർലാൻഡിലെത്തിയത്. മത്സരത്തിന് മറ്റൊരു പ്രത്യേകതയുണ്ടായിരുന്നു. ഫലസ്തീനിലെ ജൂത കുടിയേറ്റത്തെ തുടർന്ന് ഇസ്രായേൽ രൂപീകൃതമായതിന്റെ ദുരന്ത സ്മരണയായി അറബ് വംശജർ നക്ബ ദിനമായി ആചരിച്ചിരുന്ന മെയ് 15നായിരുന്നു ഏഷ്യൻ-യൂറോപ്പൻ പോരാട്ടം. ഡബ്ലിനിലെ ഡാലിമൗണ്ട് പാർക്ക് സ്റ്റേഡിയത്തിൽ ആയിരക്കണക്കിന് ഫലസ്തീൻ ആരാധകരാണ് മത്സരം വീക്ഷിക്കാനായെത്തിയത്. സൗഹൃദ മത്സരത്തിൽ നിന്ന് ലഭിക്കുന്ന വരുമാനം നാട്ടിലേക്ക് മടങ്ങുന്ന അഭയാർത്ഥികളെ സഹായിക്കാനായി വിനിയോഗിക്കാനായിരുന്നു തീരുമാനം. ഐറിഷ് പ്രസിഡന്റ് മൈക്കൽ ഹിഗ്ഗിൻസ് ഉൾപ്പെടെയുള്ളവർ കളികാണാനെത്തി.

മത്സരത്തിൽ (2-1) ഫലസ്തീൻ ടീം വിജയം സ്വന്തമാക്കിയപ്പോൾ കാണികളിലും ഈറനണിഞ്ഞു. അതിജീവനകാലത്ത് വലിയ പ്രതീക്ഷ പകരുന്നതായി അവർക്ക് ഈ വിജയം. കാൽപന്തു കളിയിലേക്കുള്ള വനിതാ ടീമിന്റെ മടങ്ങിവരവ്. ടീമിലെ പല താരങ്ങളും വന്നത് വെസ്റ്റ്ബാങ്കിൽ നിന്നും കിഴക്കൽ ജറുസലേമിൽ നിന്നുമായിരുന്നു. കഠിന വഴികൾ പിന്നിട്ടാണ് പലരും ബൂട്ടുകെട്ടി മൈതാനത്തേക്കെത്തിയത്.

ഇസ്രായേൽ ഉപരോധം നിലനിന്നതിനാൽ 2013ന് ശേഷം ഗസയിൽ നിന്നൊരു വനിതാ താരം ഉയർന്നുവന്നിട്ടില്ല. ഗസയിലിപ്പോൾ ഒരു സ്‌റ്റേഡിയം പോലുമില്ല. എല്ലാം തകർന്ന ആ മണ്ണിൽ നിന്നാണ് അവരുടെ ഉയിർത്തെഴുന്നേൽപ്പ്. ജർമനി, സ്വീഡൻ, കാനഡ,സൗദി അറേബ്യ എന്നിവടങ്ങളിൽ താമസിക്കുന്ന ഫലസ്തീൻ താരങ്ങളെ ടീമിലെടുത്തു. ഒപ്പം പ്രദേശവാസികളായ താരങ്ങളും. വർഷങ്ങൾക്ക് മുൻപ് യൂറോപ്പിലേക്കും മറ്റു രാജ്യങ്ങളിലേക്കും ചേക്കേറിയവർക്ക് ഫലസ്തീൻ പതാകക്ക് കീഴിൽ ഇറങ്ങുന്നതിന് യാതൊരു തടസവുമുണ്ടായില്ല. അങ്ങനെ ശൂന്യതയിൽ നിന്ന് കെട്ടിപ്പെടുത്ത ആ ടീം വിജയതുടക്കം സ്വന്തമാക്കി. ഭാവിയിൽ വലിയ ടൂർണമെന്റുകൾ വിജയിക്കാൻ ഈ ടീം പ്രാപ്തമാണെന്ന് ആരാധകരും വിശ്വസിക്കുന്നു. പുരുഷ ടീം അടുത്തിടെ ലോകകപ്പ് യോഗ്യതാ റൗണ്ടിന്റെ മൂന്നാം റൗണ്ടിലേക്ക് പ്രവേശിച്ചിരുന്നു. ചോരാത്ത പോരാട്ട വീര്യവുമായി അവർ കാൽപന്തുകളിയിൽ പുതിയ ഉയരങ്ങളിലേക്കുള്ള കുതിപ്പിലാണ്.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News